Wednesday 25 April 2018 11:28 AM IST : By സ്വന്തം ലേഖകൻ

മണവാട്ടിയാകാനൊരുങ്ങി സോനം; താരവിവാഹത്തിന് കാതോർത്ത് ബോളിവുഡ്

kaprr

ബോളിവുഡിൽ ഒരു താരവിവാഹത്തിനു കൂടി പന്തലൊരുങ്ങുന്നു. സിനിമാലോകം ആഘോഷമാക്കുന്ന ബോളിവുഡ് താരവിവാഹങ്ങളുടെ ശ്രേണിയിലേക്ക് ഒരു സൂപ്പർ നായിക കൂടി.

പ്രേക്ഷകരുടെ പ്രിയ നായിക സോനം കപൂറിന്റെയും കൂട്ടുകാരൻ ആനന്ദ് അഹുജയുടെയും വിവാഹം അടുത്ത മാസമുണ്ടാകുമെന്നാണ് വാർത്തകൾ. മെയ് 7, 8 തിയതികളിലായി രണ്ടു ദിവസത്തെ വിവാഹ ചടങ്ങുകളാണ് സോനം കപൂറിനായി ഒരുക്കിയിരിക്കുന്നത്.

പതിവ് താരവിവാഹങ്ങൾ പോലെ ആഘോഷത്തിന്റെയും ആഢംബരത്തിന്റെയും മേമ്പൊടിയിൽ തന്നെയാകും സോനം കതിർമണ്ഡപത്തിലേക്ക് കാൽവയ്ക്കുന്നത്. നൃത്ത–നൃത്ത്യങ്ങൾ മിഴിവേകുന്ന വിവാഹച്ചടങ്ങുകളുടെ ഏകോപന ചുമതല ഫറാഖാനാണ്. സൂപ്പർഹിറ്റ് സംവിധായകൻ കരൺ ജോഹറും ആഘോഷരാവിൽ സജീവ സാന്നിദ്ധ്യമായിരിക്കും.

മേയ് എട്ടിനാണ് ഹിന്ദു ആചാരങ്ങള്‍ അനുസരിച്ചുള്ള വിവാഹ ചടങ്ങുകൾ നടക്കുക. സുനിതാ കപൂറിന്റെ സഹോദരി കവിതാ സിംഗിന്റെ ബാൻഡ്സ്റ്റാന്റിലെ ഹെറിറ്റേജ് ബംഗ്ലാവിലാണ് വിവാഹം നടക്കുന്നത്. ഷാരുഖ് ഖാന്റെ മന്നത്തിന് സമീപത്തായിട്ടാണ് ഈ ബംഗ്ലാവ്. വിവാഹദിവസം തന്നെ സിനിമയിലെ സുഹൃത്തുക്കൾക്കായി പാർട്ടിയും സംഘടിപ്പിക്കുന്നുണ്ട്

എന്തായാലും വിരാട്–അനുഷ്ക, മിലിന്ദ് സോമൻ–അങ്കിത കോൻവാർ വിവാഹമേളങ്ങൾക്കു ശേഷം ബോളിവുഡിലേക്ക് വിരുന്നെത്തുന്ന താരവിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് താരങ്ങളും ആരാധകരും.