Monday 21 September 2020 12:44 PM IST : By സ്വന്തം ലേഖകൻ

ഇത് ബാല വിവാഹമോ...? എന്താണ് സത്യം...? പരിധി കടക്കുന്ന പരിഹാസത്തിനെതിരെ സോഷ്യൽ മീഡിയ: പ്രതിഷേധം

sreelanka-wedding

ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ‘വൈറൽ ചിത്രം’ ശ്രീലങ്കൻ ദമ്പതികളുടെ വെഡ്ഡിങ് ഫോട്ടോഷൂട്ടാണ്. കാഴ്ചയിൽ കുട്ടികള്‍ എന്നു തോന്നിക്കുന്ന വധൂവരൻമാരാണ് ഫോട്ടോഷൂട്ടിനെ സോഷ്യൽ മീഡിയയിൽ ഇത്ര വലിയ ചർച്ചയാക്കുന്നത്. പല തരം ട്രോളുകളും ഇവരുടെ വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ പലതും ദമ്പതികളുടെത് ശൈശവ വിവാഹമാണെന്ന തരത്തിലുള്ളവയാണ്. ഇവർ യഥാർത്ഥത്തിൽ വിവാഹിതരാണോ അതോ മറ്റെന്തെങ്കിലും ആവശ്യത്തിനായുള്ള ഫോട്ടോഷൂട്ടാണോ ഇതെന്നൊക്കെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നു.

എന്നാൽ ഈ ഫോട്ടോഷൂട്ട് പങ്കുവയ്ക്കപ്പെട്ട തീക്ഷണ എന്ന ശ്രീലങ്കൻ ഫോട്ടോഗ്രഫി ടീമിന്റെ ഫെയ്സ്ബുക്ക് പേജിൽ പരിശോധിച്ചാൽ‌ ഫോട്ടോയില്‍ ഉള്ളത് ശ്രീലങ്കയിലെ രത്നപുരയില്‍ നിന്നുള്ള നീതമി, ബുദ്ദിക എന്നീ ദമ്പതികളാണെന്ന് മനസ്സിലാക്കാം. ഈ പേജിലും ചിത്രങ്ങൾക്കു താഴെ പലരും മലയാളത്തിലുൾപ്പടെ പരിഹാസ കമന്റുകളുമായി എത്തിയിട്ടുണ്ട്.

എന്നാൽ ചിത്രങ്ങള്‍ക്ക് താഴെ വരുന്ന മറ്റു ചില കമന്റുകള്‍ പ്രകാരം ഈ ദമ്പതികളുടെത് ബാല വിവാഹമല്ലെന്നും വരന് 28 വയസും, വധുവിന് 27 വയസും ഉണ്ടെന്നും വ്യക്തം. അതുകൊണ്ടു തന്നെ ഇവരെ ലക്ഷ്യം വച്ചുള്ള പരിധി കടക്കുന്ന പരിഹാസത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.