Saturday 20 October 2018 04:57 PM IST : By സ്വന്തം ലേഖകൻ

‘എന്നെ ദൃഢമായി ശരീരത്തോട് ചേർത്ത് നിർത്തി, കെട്ടിപ്പിടിച്ചു’; അർജുനെതിരെ മലയാളി നടി; മീ ടൂ

arjun

 മേലാളൻമാരുടെ മുഖംമൂടി അഴിഞ്ഞു വീഴുന്ന വെളിപ്പെടുത്തലുകൾക്കായിരുന്നു അടുത്തിടെ തമിഴ്സിനിമ സാക്ഷ്യം വഹിച്ചത്. കവി വൈരമുത്തു, ഗായകൻ കാർത്തിക് തുടങ്ങി സിനിമയിലെ മുൻനിരക്കാർക്കെതിരായ തുറന്നു പറച്ചിലുകൾ വലിയ ഒച്ചപ്പാടുകൾക്കും വഴിവച്ചു. എന്നാൽ കഥയവിടെ അവസാനിച്ചിട്ടില്ല. തമിഴ് സൂപ്പർ താരം അർജുനെതിരെ തുറന്നടിച്ച് രംഗത്തുവന്നിരിക്കുന്നത് മലയാളിയായ യുവനടി ശ്രുതി ഹരിഹരൻ രംഗത്തെത്തിയിരിക്കുകയാണ്.

2017ൽ പുറത്തിറങ്ങിയ,  അരുണ്‍ വൈദ്യനാഥൻ സംവിധാനം ചെയ്ത നിബുണൻ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അർജുൻ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിക്കുന്നത്.  ലൊക്കേഷനിൽ അണിയറപ്രവർത്തകരുടെ മുന്നിലാണ് സംഭവം നടന്നതെന്ന് ശ്രുതി പറയുന്നു. 

ശ്രുതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

''വളര്‍ന്നു വന്ന സാഹചര്യങ്ങളിൽ പലതവണ ലൈംഗികമായി ഞാൻ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. ഞാൻ‌ മാത്രമല്ല മിക്ക പെണ്‍കുട്ടികൾക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടാകും. ചിലപ്പോൾ അത് വാക്കുകളാകാം അല്ലെങ്കിൽ ലൈംഗിക ചേഷ്ടകളാകാം. ജോലി സ്ഥലത്തു നിന്നോ സമൂഹത്തില്‍ നിന്നു തന്നെയോ ആകാം ഇത് ഉണ്ടാകുക. എന്റെ അനുഭവം ഞാൻ പങ്കുവയ്ക്കുന്നു.

അർജുൻ സർജ നായകനായ ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടു വളർന്ന ഒരാളാണ് ഞാൻ. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനുള്ള അവസരത്തിൽ ഞാൻ വളരെയധികം ആവേശഭരിതയായിരുന്നു. ആദ്യ കുറച്ചു ദിവസങ്ങൾ സാധാരണ പോലെ കടന്നു പോയി. അദ്ദേഹത്തിന്റെ ഭാര്യയായാണ് ഞാൻ അഭിനയിക്കുന്നത്. ഒരു ദിവസം ഞങ്ങൾക്കൊരു പ്രേമരംഗം ചിത്രീകരിക്കണമായിരുന്നു.

ചെറിയൊരു സംഭാഷണത്തിനുശേഷം ഞങ്ങൾ ആലിഗനം ചെയ്യുന്ന രംഗമായിരുന്നു അത്. റിഹേഴ്സലിന്റെ സമയത്ത് ഡയലോഗ് പറഞ്ഞ് അർജുൻ ആലിംഗനം ചെയ്തു. മുൻകൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെയാണ് അദ്ദേഹം അതു ചെയ്തത്. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേർത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാൻ ഭയപ്പെട്ടുപോയി.

സിനിമയിൽ റിയലിസ്റ്റാക്കായി അവതരിപ്പിക്കുന്നതിനോട് പൂർണ യോജിപ്പുള്ള വ്യക്തിയാണ് ഞാൻ. പക്ഷേ, ഇക്കാര്യം തീർത്തും തെറ്റായി തോന്നി. അദ്ദേഹത്തിന്റെ ഉദ്ദേശം പ്രൊഫഷണലായിരിക്കാം. എന്നാൽ അദ്ദേഹം ചെയ്തത് ഞാൻ വെറുത്തു. അപ്പോഴെന്തു പറയണം എന്നറിയാതെ എനിക്ക് ദേഷ്യം വന്നു.

ക്യാമറ റോൾ ചെയ്ത് ഷൂട്ട് ചെയ്യുന്നതിന് മുൻപായി രംഗങ്ങൾ റിഹേഴ്സൽ ചെയ്യാറുണ്ട്. അഭിനേതാവിന്റെ ശരീര ഭാഷ, അവതരണം ഇതൊക്കെ മനസിലാക്കുന്നതിന് ഇത് സഹായകരമാണ്. അതൊരു മാതൃകാപരമായ നടപടിയാണ്. നിങ്ങൾ സംസാരിക്കുന്നു, അഭിനയിക്കുന്നു, ഒടുവിൽ ആ രംഗത്തിനു വേണ്ടത് കണ്ടെത്തുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ആ രംഗത്തിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഞാൻ അറിയേണ്ടതുണ്ട്. പ്രത്യേകിച്ചും ഇത്തരം രംഗങ്ങൾ ആകുമ്പോൾ.

ചിത്രത്തിന്റെ സംവിധായകനും എന്റെ അസ്വസ്ഥത മനസിലായി. റിഹേഴ്സലുകൾക്ക് താൽപര്യമില്ലെന്നും നേരെ ടേക്ക് പോകാമെന്നും ഡയറക്ഷൻ ഡിപ്പാർട്മെന്റിനെ ഞാൻ അറിയിച്ചു. എന്റെ മെയ്ക്കപ്പ് ടീമിനോടും ഈ സംഭവം ഞാൻ പങ്കു വച്ചു. 

ചുരുങ്ങിയത് അൻപതോളം പേരടങ്ങുന്ന ഷൂട്ടിങ് സംഘത്തിനു മുൻപിലാണ് ഇതു സംഭവിച്ചത്. എന്റെ ജോലിസ്ഥലത്താണ് ഇതു സംഭവിച്ചത്. അദ്ദേഹത്തിന്റെ പ്രൊഫഷണലല്ലാത്ത സമീപനത്തോട് സഹിഷ്ണുത വച്ചുപുലർത്തുന്നതിനെക്കാളും ഒഴിഞ്ഞുമാറാൻ ഞാൻ ആഗ്രഹിച്ചു. കരാർ ഒപ്പിട്ടിട്ടുള്ളതിനാൽ ചെയ്യേണ്ട ജോലി പൂർത്തീകരിക്കണമായിരുന്നു. ചിത്രീകരണത്തിനിടയിൽ അദ്ദേഹം പറഞ്ഞ കുത്തുവാക്കുകൾ എന്റെ തൊഴിൽ അന്തരീക്ഷത്തെ അസഹ്യമാക്കി. ഷൂട്ടിനു ശേഷം അദ്ദേഹത്തെ കാണാനുള്ള ക്ഷണങ്ങൾ എന്നെ നടുക്കി.

സിനിമയുടെ ചിത്രീകരണത്തെ ബാധിക്കാതിരിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രവർത്തികളെ അവഗണിക്കാൻ ഞാൻ ശ്രമിച്ചത് ഓർത്തുപോകുന്നു. അദ്ദേഹം ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും, അദ്ദേഹത്തിന്റെ പ്രവർത്തികൾ അവസാനിപ്പിക്കാതെ തുടരുന്നതിൽ അമ്പരന്നിട്ടും,  ഞാൻ സൗഹാർദപൂർണമായ അകലം പാലിച്ചു''.

തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയാണ് യുവനടിയാണ് ശ്രുതി ഹരിഹരൻ. മാമാസ് ഒരുക്കിയ സിനിമാകമ്പനി എന്ന ചിത്രത്തിൽ ശ്രുതിയായിരുന്നു നായിക. ദുൽഖർ ചിത്രമായ സോളോയിലും അഭിനയിച്ചിട്ടുണ്ട്.