Friday 15 November 2019 10:42 AM IST : By സ്വന്തം ലേഖകൻ

സുചിത്രയെ കാണാനില്ലെന്ന് സഹോദരി, ഗൂഢാലോചനയെന്ന് സുചിത്ര! വിവാദം കത്തുന്നു

suchitra-new

സുചി ലീക്ക്സ് വെളിപ്പെടുത്തലുകളിലൂടെ വിവാദ നായികയായ ഗായികയാണ് സുചിത്ര കാര്‍ത്തിക്. ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര, സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ, 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോയും പങ്കുവയ്ക്കപ്പെട്ടത് വിവാദമായി.

സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി ഭര്‍ത്താവ് കാര്‍ത്തിക് രംഗത്ത് വന്നുവെങ്കിലും ദുരൂഹതകള്‍ ഇപ്പോഴും തുടരുന്നു.

ഇപ്പോഴിതാ സുചിത്രയെ കാണാനില്ലെന്ന പരാതിയുമായി അവരുടെ സഹോദരി സുനിത പൊലീസിനെ സമീപിച്ചതാണ് പുതിയ വാർത്ത. സുചിത്ര കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും തിങ്കളാഴ്ച മുതല്‍ അവരെ കാണാനില്ലെന്നും സുനിത പരാതിയിൽ പറയുന്നു. എന്നാൽ ഇതിനു പിന്നാലെ സുനിതയ്ക്കെതിരെ സുചിത്ര രംഗത്തെത്തി.താന്‍ എവിടെയും പോയിട്ടില്ലെന്ന് വ്യക്തമാക്കിയ സുചിത്ര പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ എവിടെയും പോയിട്ടില്ല. എന്നെ കാണാനില്ല എന്ന പരാതി അടിസ്ഥാനരഹിതമാണ്. മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് അവര്‍ എന്നെ അണ്ണാ നഗറിലെ ഒരു ക്ലിനിക്കില്‍ കൊണ്ടുവിട്ടു. ക്ലിനിക്കിന്റെ പുറത്ത് സഹോദരിയും ഭര്‍ത്താവും കാത്ത് നില്‍ക്കുകയായിരുന്നു. അവര്‍ എന്നെ പുറത്ത് പോകാന്‍ പോലും അനുവദിച്ചില്ല’.– സുചിത്ര പറഞ്ഞു.