Saturday 23 October 2021 10:24 AM IST : By സ്വന്തം ലേഖകൻ

പ്രതിഷേധം ഫലം കണ്ടു, മാപ്പ് പറഞ്ഞ് സിഐഎസ്എഫ്: സംഭവത്തിൽ അന്വേഷണം നടത്തും

sudha-chandran

സുധ ചന്ദ്രന്റെ പ്രതിഷേധം ഫലം കണ്ടു. താരത്തോട് മാപ്പ് പറഞ്ഞ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്). വിമാനത്താവളത്തിൽ കൃത്രിമക്കാൽ അഴിച്ച് പരിശോധിച്ച സംഭവത്തിലാണ് ക്ഷമാപണം.

അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് കൃത്രിമക്കാൽ അഴിച്ചു പരിശോധിക്കേണ്ടതെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

വിമാനത്താവളത്തില്‍ പരിശോധനക്കായി തന്റെ കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നതില്‍ നര്‍ത്തകിയും മലയാളിയുമായ സുധ ചന്ദ്രന്‍ പ്രതിഷേധം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവച്ചത് ചർച്ചയായിരുന്നു.

‘എന്തുകൊണ്ടാണ് ബന്ധപ്പെട്ട വനിതാ ഉദ്യോഗസ്ഥർ സുധാ ചന്ദ്രനോട് കൃത്രിമക്കാല്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് എന്ന് ഞങ്ങൾ പരിശോധിക്കും. യാത്രക്കാർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ പ്രോട്ടോക്കോളുകളെപ്പറ്റി ഞങ്ങളുടെ എല്ലാ ജീവനക്കാരെയും വീണ്ടും ബോധവൽക്കരിക്കുമെന്ന് ഉറപ്പ് നല്‍കുന്നു’.– സിഐഎസ്എഫിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാറപകടത്തില്‍ സുധ ചന്ദ്രന് തന്റെ കാല്‍ നഷ്ടമായത്. എന്നാല്‍ കൃത്രിമക്കാലുമായി സുധ ചന്ദ്രന്‍ സിനിമയിലും നൃത്തവേദികളിലും സജീവമായി.