Saturday 16 November 2019 04:26 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളില്ലെങ്കിൽ എനിക്ക് ജീവിതത്തിൽ ഒന്നുമില്ല കമൽ’! ചെറിയച്ഛനെക്കുറിച്ച് ഹൃദയത്തിൽ തൊടും വാക്കുകളുമായി സുഹാസിനി: വിഡിയോ

suhasini

ഇന്ത്യൻ സിനിമയുടെ ഉലകനായകൻ കമൽഹാസന്റെ സഹോദരൻ ചാരുഹാസന്റെ മകളാണ് നടി സുഹാസിനി.

തന്റെ ജീവിതത്തിന് ദിശാബോധം നൽകുകയും എന്നും പിന്തുണയേകുകയും ചെയ്തത് ചെറിയച്ഛനാണ് എന്ന് സുഹാസിനി പറയുന്നു. തന്റെ ജീവിതത്തിൽ കമൽ ഹാസൻ ചെലുത്തിയ സ്വാധീനങ്ങളെയും നന്മകളെയും കുറിച്ച് സുഹാസിനി സംസാരിക്കുന്ന വിഡിയോ ഇതിനോടകം വൈറലാണ്.

എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങൾക്കും കാരണം നിങ്ങളാണ് കമൽ എന്നു സ്നേഹാദരവുകളോടെ പറയുന്ന സുഹാസിനി, കമല്‍ എന്നു വിളിച്ചാല്‍ മതി, ചെറിയച്ഛാ എന്ന് വിളിക്കണ്ട എന്ന് അദ്ദേഹം പറഞ്ഞിരുന്നതായും വ്യക്തമാക്കി. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കാണാന്‍ കഴിയുന്ന ഒരാള്‍ക്ക് മാത്രമേ അങ്ങനെ പറയാന്‍ സാധിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു.

കമൽഹാസന്റെ 65-ാം പിറന്നാളിനോട് അനുബന്ധിച്ച് പരമകുടിയില്‍ നടന്ന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു സുഹാസിനി.

“നിങ്ങൾ ഇല്ലെങ്കിൽ സിനിമയിൽ ഞാനില്ല. എന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിട്ട് സിനിമ പഠിക്കാൻ നിർബന്ധിച്ചതും അതിനു ഫീസ് കൊടുത്തതും നിങ്ങളാണ്. വളരെ ചെറുപ്പത്തിൽ തന്നെ, എനിക്കും സഹോദരിമാർക്കും സ്വയം പര്യാപ്തത നേടേണ്ടതിന്റെയും സ്വന്തം സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് പറഞ്ഞു തന്നതും നിങ്ങളാണ്. എന്റെ ഭര്‍ത്താവ് മണിരത്നത്തിനെപ്പോലും നിങ്ങൾ തന്നതാണ് കമൽ, നിങ്ങളെ തേടി വന്നതു കൊണ്ടാണ് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നത്. നിങ്ങളില്ലെങ്കിൽ എനിക്ക് ജീവിതത്തിൽ ഒന്നുമില്ല. അതു കൊണ്ട് ഇതു വരെ ജീവിതത്തിൽ ചെയ്യാത്ത രണ്ടു കാര്യങ്ങൾ ഞാൻ ചെയ്യാൻ പോകുന്നു” എന്നു പറഞ്ഞ് കമൽഹാസന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങാനും സ്നേഹ ചുംബനങ്ങൾ നൽകാനും സുഹാസിനി മറന്നില്ല.