Wednesday 12 June 2019 02:57 PM IST : By സ്വന്തം ലേഖകൻ

കാനഡ ഫിലിം ഫെസ്റ്റിവലിൽ സുജിത് വിഘ്നേശ്വർ മികച്ച നവാഗത സംവിധായാകൻ! പ്രതീക്ഷയോടെ ‘രമേശൻ ഒരു പേരല്ല’

sujith-new

കാനഡ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായാകാനുള്ള പുരസ്കാരം മലയാളിയായ സുജിത് വിഘ്നേശ്വറിന്. റിലീസിനൊരുങ്ങുന്ന ‘രമേശൻ ഒരു പേരല്ല’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സുജിത്.

ഇന്ത്യൻ സിനിമകളുടെ ഫെസ്റ്റിവലിൽ ആണ് സുജിത്തിനെ തേടി അംഗീകാരം എത്തിയത്. ആൽബെർട്ടയിലെ എഡ്മൺടോണിൽ സംഘടിക്കപെട്ട വേൾഡ് പ്രീമിയറിൽ സലിം അഹമ്മദിന്റെ ‘ആൻഡ് ദി ഓസ്കാർ ഗോസ് ടു’ ആയിരുന്നു ഉദ്ഘാടന ചിത്രം.
മണികണ്ഠൻ പട്ടാമ്പി നായകനാകുന്ന ‘രമേശൻ ഒരു പേരല്ല’ ഒരു ഓൺലൈൻ ടാക്സി ഡ്രൈവറുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ്. മണികണ്ഠൻ പട്ടാമ്പി ആണ് രമേശൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിയലസ്റ്റിക് സസ്പെൻസ് ത്രില്ലറാണ് ചിത്രം. ഇന്ത്യയിൽ നിലനിൽക്കുന്ന നിയമ സംവിധാനത്തിലെ അപചയങ്ങളെയും ചിത്രം തുറന്നു കാട്ടുന്നു.

ദിവ്യദർശൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം കൃഷ്ണ കുമാർ, കൃഷ്ണൻ ബാലകൃഷ്ണൻ, അരുൺ നായർ ,ദേവേന്ദ്ര നാഥ്, സുരേഷ് പ്രേം, ശൈലജ, മിനി ഐ.ജി, രാജേഷ് ശർമ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

മലയാളം ദൃശ്യ മാധ്യമ രംഗത്തും കനേഡിയൻ ദൃശ്യ മാധ്യമ രംഗത്തും പ്രവർത്തി പരിചയവും സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയാണ് സുജിത് വിഘ്നേശ്വർ സിനിമാ രംഗത്തേക്ക് കടന്നത്.
സുനിൽ പ്രേം ആണ് ഛായാഗ്രഹണം. ജമിനി ഉണ്ണികൃഷ്ണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ്: അർജുൻ മേനോൻ. കലാ സംവിധാനം : ജ്യോതിഷ് ശങ്കർ.
ജൂലൈ 5 ന് ചിത്രം പ്രദർശനത്തിനെത്തും.