Wednesday 29 July 2020 12:49 PM IST : By സ്വന്തം ലേഖകൻ

ആശുപത്രിയില്‍ പോകണ്ട എന്നു തീരുമാനിച്ചു, ഒറ്റയ്ക്കൊരു മുറിയിൽ കഴിഞ്ഞു! കോവിഡ് കാല അനുഭവങ്ങൾ പറഞ്ഞ് സുമലത: വിഡിയോ

sumalatha

നടി സുമലത കോവിഡ് 19 രോഗബാധിതയായതും രോഗമുക്തി നേടിയതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ, സുമലത തന്റെ കോവിഡ് കാല അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വിഡിയോ വൈറൽ‌ ആകുന്നു.

രാജ്യത്തിനു വേണ്ടി പോരാടുന്ന സൈനികരുടെ മനോവീര്യത്തിനു സമമായിരുന്നു കോവിഡിനെതിരെയുള്ള എന്റെ പോരാട്ടവും. കോവിഡിൽ നിന്നു മുക്തയാകാനുള്ള എന്റെ ശ്രമങ്ങൾ സ്വന്തം ജീവിതത്തിനായുള്ള പോരാട്ടമായിരുന്നു. ഐസൊലേഷനിൽ കഴിയുമ്പോഴും ആ വീര്യമാണ് എനിക്ക് പ്രചോദനമായത്. ആശുപത്രിയിൽ പ്രവേശിക്കുക എളുപ്പമായിരുന്നു. പക്ഷേ അതു വേണ്ട എന്നു ഞാൻ തീരുമാനിക്കുകയായിരുന്നു’. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിരവധി പേർ ചികിത്സാസൗകര്യം കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലായിരുന്നു ആ തീരുമാനമെന്ന് സുമലത പറയുന്നു.

വീട്ടിലെ ഒരു മുറിയിൽ അടച്ചിരുന്ന് രോഗത്തോട് തനിയെ പോരാടുന്നത് എളുപ്പമായിരുന്നില്ല. ഭയം, ആശയക്കുഴപ്പം തുടങ്ങിയ അവസ്ഥകളിലൂടെയാണ് അപ്പോൾ ഓരോരുത്തരും കടന്നുപോകുക. കോവിഡ് ഒരിക്കലും തോൽപ്പിക്കാനാവാത്ത ഒരു ഭീകരനല്ല. ഒന്നിച്ചു നിന്നാൽ നമുക്കതിനെ തോൽപ്പിക്കാൻ കഴിയും. കോവിഡ് രോഗികളെ ഒറ്റപ്പെടുത്തുന്നതിനു പകരം അവരെ മാനസികമായി പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും സുമലത പറയുന്നു.