Thursday 09 August 2018 05:05 PM IST : By സ്വന്തം ലേഖകൻ

‘നന്ദി സല്ലൂ,...ജീവിതം തിരികെ തന്നതിന്’; മരണക്കിടക്കയിൽ നിന്നും തിരികെ വന്ന സൽമാന്റെ നായികയ്ക്ക് പറയാനുള്ളത്–വിഡിയോ

pooja

സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുമ്പോഴുള്ള സുഖശീതളിമയൊന്നും യഥാർത്ഥ ജീവിതത്തിനുണ്ടായി എന്നു വരില്ല. കഷ്ട നഷ്ടങ്ങളുടെയും പരാധീനതകളുടേയും നടുക്കടലിലായിരിക്കും പലരുടേയും ജീവിതം. എല്ലാം സ്വന്തമാക്കിയെന്നു തോന്നുന്ന നിമിഷത്തിൽ നിന്നും പൊടുന്നനെ നിലം പതിച്ച് ഒടുവിൽ ഒന്നുമില്ലാത്തവരായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ എത്രയോ പേരെ നാം കണ്ടിട്ടുണ്ട്. ആ നിരയിലെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ബോളിവുഡ് അഭിനേത്രി പൂജ ദഡ്വാൾ.

തൊണ്ണൂറുകളിൽ സൽമാൻ ഖാന്റെ നായികയായി തിളങ്ങിയിരുന്ന അവർ പൊടുന്നനെയാണ് ദുരിതക്കയത്തിലേക്ക് നിലം പതിച്ചത്. ഗുരുതരമായ ക്ഷയരോഗം പിടിപ്പെട്ട് ആരാലും സഹായിക്കാനില്ലാതെ ആശുപത്രിയുടെ കുടുസു മുറിയിൽ ദിനങ്ങൾ തള്ളിനീക്കിയ അവർ നമ്മുടെ മനസിലെ കണ്ണീർ ചിത്രമായി മാറുകയായിരുന്നു. സിനിമ നൽകിയിരുന്ന സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതെ, ആരാലും സഹായിക്കാനില്ലാതെ സഹായത്തിനായി കൈനീട്ടുകയായിരുന്നു അവർ. ഒരു കാലത്തെ തന്റെ ഹീറോയായിരുന്ന സൽമാൻ ഖാനിലേക്കാണ് അവർ ഒരിറ്റു കരുണയ്ക്കായി യാചിച്ചത്.

എന്നാൽ ഉറ്റവരേയുടേയും ഉടയവരുടേയും സങ്കടങ്ങളെ നിഴൽ പോലെ കൂടെക്കൂട്ടുന്ന സല്‍മാൻ ഖാൻ പൂജയെ തന്റെ സുരക്ഷിതത്വലേക്ക് ചേർത്തു പിടിച്ചു. ക്ഷയരോഗമെന്ന അഗ്നിപരീക്ഷയെ അതിജീവിച്ച പൂജ ഇപ്പോഴിതാ സൽമാന്റെ നല്ല മനസിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

ദുരിത നാളുകളിൽ തനിക്കു താങ്ങായി നിന്നത് സൽമാൻ ഖാനായിരുന്നെന്നു നടി നന്ദിയോടെ സ്മരിക്കുന്നു. ക്ഷയ രോഗികൾക്കു സമൂഹത്തിൽ അവഗണന നേരിടേണ്ടി വരാറുണ്ട്. തനിക്കും അത്തരം സാഹചര്യം ഉണ്ടായി. സൽമാനാണ് ഈ സന്ദർഭത്തിൽ തനിക്കു പിന്തുണ നൽകിയതെന്നു മുംബൈ മിററിനു നൽകിയ അഭിമുഖത്തിൽ പൂജ പറഞ്ഞു. 

തനിക്കാവശ്യമായ വസ്ത്രങ്ങൾ, സോപ്പ്, ഡയപ്പർ, ഭക്ഷണം,  മരുന്ന് എല്ലാം നൽകിയത് സൽമാന്റെ മേൽനോട്ടത്തിലുള്ള ബീയിങ് ഹ്യൂമൻ ഫൗണ്ടേഷനായിരുന്നു. അഗ്നിപരീക്ഷ മറികടന്നതിന്റെ കടപ്പാട് പൂർണമായും സൽമാന് സമർപ്പിക്കുന്നു. മൾട്ടി വിറ്റാൻമിൻ, പ്രോട്ടീൻ തുടങ്ങിയ ലഭ്യമാക്കാനും അദ്ദേഹം പ്രത്യേക താൽപര്യമെടുത്തു. 

മാർച്ച് രണ്ടിനായിരുന്നു പൂജയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ഷയരോഗം കാർന്നു തിന്ന അവരുടെ ശരീരത്തിന്റെ തൂക്കം അന്ന് വെറും 23 കിലോയായിരുന്നു. ഇന്ന് 43 കിലോ ആയി ഉയർന്നു. കുറച്ചു കാലം കൂടി മരുന്ന് തുടരേണ്ടി വരുമെന്നു നടിയെ ചികിത്സിച്ച ഡോ. ലളിത് ആനന്ദെ പറഞ്ഞു.

കൂട്ടുകാരും കുടുംബവും തന്നെ ഉപേക്ഷിച്ചു. തന്റെ ശ്വാസകോശം ഗുരുതരാവസ്ഥയിലാണെന്നു ഡോക്ടർ പറഞ്ഞപ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കടുത്ത ചുമയും ശ്വാസംമുട്ടലും ആരോഗ്യം അനുദിനം വഷളാക്കി. എന്നെപ്പോലെ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് മരണമടയുന്ന നിരവധി പേർ സമൂഹത്തിലുണ്ടെന്നു അന്ന് താൻ മനസിലാക്കി. എന്നാൽ തോൽക്കാൻ മനസ് അനുവദിച്ചില്ല. പൊരുതാൻ തീരുമാനിച്ചു. രോഗത്തെ ജയിക്കാൻ അനുവദിക്കരുതെന്നു തീരുമാനിച്ചു. 

ആശുപത്രിയിൽ അഡ്മിറ്റാകുമ്പോൾ പൂജയുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. തുടർന്നാണ് സൽമാൻ ഖാന്റെ കീഴിലുള്ള ഫൗണ്ടേഷനെക്കുറിച്ച് അറിയുന്നതും അദ്ദേഹത്തെ ബന്ധപ്പെടുന്നതും. എന്നാൽ പ്രതികരണമൊന്നുണ്ടായില്ല. എന്നാൽ പിന്നീട് ഫൗണ്ടേഷൻ പ്രവർത്തകർ തന്നെ ബന്ധപ്പെടുകയും ആവശ്യമായ സഹായം നൽകുകയും ചെയതെന്നും പൂജ നന്ദിയോടെ പറയുന്നു. 

തന്നേക്കൊണ്ട് സാധ്യമായ വിധത്തിൽ സഹായിച്ചെന്നു സൽമാൻ പ്രതികരിച്ചു. പൂജ ഗുരുതരാവസ്ഥയിലാണെന്ന് ആദ്യം അറിഞ്ഞില്ല. ഇപ്പോൾ അവർ സുഖം പ്രാപിച്ചെന്നു കരുതുന്നെന്നും സൽമാൻ പ്രതികരിച്ചു. 

1995 ൽ വീർഗതി എന്ന ചിത്രത്തിലാണ് സൽമാനോടൊപ്പം പൂജ സഹനടിയായി അഭിനയിച്ചത്. ഹിന്ദുസ്ഥാൻ, ഡബ്ദാബ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.