Wednesday 08 July 2020 01:59 PM IST : By സ്വന്തം ലേഖകൻ

സുശാന്തിന്റെ ആത്മഹത്യ; സഞ്ജയ് ലീല ബൻസാലിയെ ചോദ്യം ചെയ്തത് 3 മണിക്കൂർ! പുതിയ വെളിപ്പെടുത്തലുകൾ

sanjay

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ ചോദ്യം ചെയ്തു.

ഇന്നലെ മൂന്ന് മണിക്കൂറോളം ബൻസാലിയെ പൊലീസ് ചോദ്യം ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ അഭിഭാഷകർക്കും സ്റ്റാഫ് അംഗങ്ങൾക്കും ഒപ്പമാണ് ബൻസാലി ബാന്ദ്ര സ്റ്റേഷനിൽ എത്തിയത്.

ഇരുപതോളം ചോദ്യങ്ങളാണ് ബൻസാലിക്കായി പൊലീസ് തയാറാക്കി വച്ചിരുന്നതത്രേ. പിന്നീട് സാന്തക്രൂസ് സ്റ്റേഷനിലെത്തിയ ബൻസാലിയെ സോണൽ ഡിസിപി അഭിഷേക് ത്രിമുഖും ഒരു മണിക്കൂറോളം ചോദ്യം ചെയ്തു.

ബൻസാലിയുടെ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് സുശാന്ത് സിങിനെയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തന്റെ പ്രോജക്ടിനായി ഡേറ്റുകൾ ലഭിക്കാതിരുന്നതിനാലാണ് സുശാന്തിന് പകരം മറ്റ് താരങ്ങളെ ചിത്രങ്ങളിലേക്ക് തിരഞ്ഞെടുത്തതെന്ന് ബൻസാലി വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

യാഷ് രാജ് നിർമിക്കുന്ന പാനി എന്ന സിനിമയുടെ സമയത്താണ് താൻ വിളിക്കുന്നതെന്നും എന്നാൽ സുശാന്തിന് തനിക്കൊപ്പം പ്രവർത്തിക്കാൻ താൽപര്യമില്ലായിരുന്നുവെന്നും ബൻസാലി മൊഴി നൽകി. അതുകൊണ്ടാണ് പിന്നീടുള്ള സിനിമകളിലേയ്ക്ക് സുശാന്തിനെ നിർബന്ധിക്കാതിരുന്നെന്നും ബൻസാലി പറഞ്ഞു.

2016 ൽ ചില സിനിമകളുമായി ബന്ധപ്പെട്ട് സുശാന്തുമായി ചർച്ച നടത്തിയെങ്കിലും അതൊന്നും നടന്നില്ലെന്നും തുടർന്ന് സുശാന്തുമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുശാന്തുമായി നാല് സിനിമകള്‍ െചയ്യാൻ ബൻസാലിക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും എന്നാൽ സുശാന്തിന്റെ ഡേറ്റ് പ്രശ്നങ്ങൾ മൂലം ആ സിനിമകൾ സംവിധായകൻ മറ്റു താരങ്ങൾക്കു നൽകുകയുമായിരുന്നുവെന്നും മുംബൈ പൊലീസ് പറഞ്ഞു.

ബൻസാലിയുടെ ചോദ്യം ചെയ്യലോടെ ഇതുവരെ 30 മൊഴികളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് റെക്കോർഡ് ചെയ്തിരിക്കുന്നത്. സുശാന്തിന്റെ സഹോദരിമാർ, മുൻ കാമുകി റിയ, സുഹൃത്തുക്കളായ മുകേഷ് ഛബ്ര, മഹേഷ് ഷെട്ടി, സിദ്ധാർഥ് പിതാനി, മാനേജർ കേശവ്, ജോലിക്കാരൻ മൊഹദ് ഷെയ്ഖ്, ബിസിനസ് മാനേജറായ ഉദയ് സിങ്, പിആർ മാനേജർ രാധിക നിഹാലനി എന്നിവരാണ് മൊഴി നൽകിയ പ്രമുഖർ.