Thursday 17 October 2019 06:01 PM IST : By സ്വന്തം ലേഖകൻ

അമ്മാ നോ ഫോട്ടോസ്! കരീനയ്ക്ക് മുന്നറിയിപ്പ് നൽകിയ തൈമൂർ

kareenaz

സോഷ്യൽ മീഡിയയുടെ ഡിയർ ബേബിയാണ് തൈമൂർ അലിഖാൻ. അച്ഛനമ്മമാരായ സെയ്ഫ് അലിഖാനെയും കരീന കപൂറിനെയുംകാൾ സോഷ്യൽ മീഡിയ ഫാൻസ് തൈമൂറിനുണ്ടെന്നു പറഞ്ഞാൽ ഒരു പരിധി വരെ അത് അതിശയോക്തിയല്ല. എന്നാൽ ക്യാമറാക്കണ്ണുകളും വാർത്താസ്രഷ്ടാക്കളും മകനെ വട്ടമിട്ടു പറക്കുന്നതിനോട് സെയ്ഫും കരീനയും ഒട്ടും യോജിക്കുന്നില്ല താനും.

സോഷ്യൽ മീഡ‍ിയ കൊഞ്ചിച്ച് തീരാത്ത തൈമൂറിനെക്കുറിച്ചുള്ള പുതിയൊരു വിശേഷവും ഇപ്പോൾ വൈറൽ ലിസ്റ്റിലേക്കെത്തിയിട്ടുണ്ട്. കരൺ ജോഹറുമായുള്ള അഭിമുഖത്തിൽ തൈമൂറിനെ കുറിച്ച് രസകരമായ ആ വിശേഷം പങ്കുവച്ചത് കരീനയാണ്. ഫോട്ടോഗ്രാഫർമാർ ചുറ്റിനും ഇല്ലാത്തപ്പോൾ മകൻ എങ്ങനെയാണെന്നാണ് കരൺ ജോഹർ ചോദിച്ചത്. അവർ തൈമൂറിന് ഇപ്പോൾ കൂട്ടുകാരെപ്പോലെയാണ്, പക്ഷേ താൻ ഫോട്ടോയെടുക്കാൻ തുടങ്ങിയാൽ, 'അമ്മാ നോ പിക്ചേഴ്സ്' എന്നു പറയുമെന്നുമാണ് കരീന മറുപടി പറഞ്ഞത്. ഫോട്ടോഗ്രാഫർമാർക്ക് പോസ് ചെയ്യാനും കൈവീശി കാണിച്ച് കൂട്ടാകാനും തൈമൂറിന് ഇപ്പോൾ യാതാരു മടിയുമില്ല.

രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതൽ ആരാധകരുമുളള കുട്ടി സെലിബ്രിറ്റിയാണ് തൈമൂർ. എവിടെപ്പോയാലും തന്നെ പിന്തുടരുന്ന പാപ്പരാസികളെ കണ്ട് ആദ്യമൊക്ക അമ്പരന്നുവെങ്കിലും ഇപ്പോള്‍ അത് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. പിന്നാലെ ഫോട്ടോയെടുക്കാനായി കൂടെകൂടുന്ന ഫോട്ടോഗ്രാഫർമാരെ കൊച്ചു തൈമൂർ നിരാശരാക്കാറില്ല.