Friday 16 October 2020 03:33 PM IST : By സ്വന്തം ലേഖകൻ

‘എന്റെ സ്റ്റാമിന തിരികെ നേടാനുള്ള സമയമാണിത്’; ആശുപത്രി വിട്ടു, വീണ്ടും ഫിറ്റ്നസ് വർക് ഔട്ടുമായി തമന്ന (വിഡിയോ)

tamannaah221

കോവിഡ് സ്ഥിരീകരിച്ച തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ ആശുപത്രി വിട്ടു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ൽ ചികിത്സയിലായിരുന്നു തമന്ന. വീട്ടിൽ എത്തിയതിന്റെ വിഡിയോ കഴിഞ്ഞ ദിവസം താരത്തിന്റെ ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. പിറ്റേന്നു തന്നെ വർക് ഔട്ട് ചെയ്യുന്നതിന്റെ വിഡിയോയുമെത്തി. ബാക് ടു ഫിറ്റ്നസ്- ഡേ വൺ എന്നാണ് വിഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. 

"കൊച്ചുകുഞ്ഞിനെ പോലെ ചുവടുകൾ വച്ച് എന്റെ സ്റ്റാമിന തിരികെ നേടാനുള്ള സമയമാണിത്. കൊറോണ വൈറസിൽ നിന്ന് കര കയറിയതിനു ശേഷം ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടമാണിത്. മുന്നോട്ടു പോകുക, പക്ഷെ നിങ്ങളുടെ ശരീരം ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക."- തമന്ന പറയുന്നു. ക്ഷീണിതയായി കാണപ്പെട്ട പ്രിയതാരത്തിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.  

ഹൈദരാബാദിലെ ഷൂട്ടിനിടെ ചെറിയ രീതിയിലുള്ള അസ്വസ്ഥതകൾ തോന്നിയ താരം ആശുപത്രിയിൽ എത്തുകയായിരുന്നു. ടെസ്റ്റിൽ താരത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ വിവരം തമന്ന സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.

Tags:
  • Movies