Thursday 23 June 2022 10:34 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ അവിവാഹിതയായി തുടരുന്നതിന് കാരണം അജയ് ആണ്’: സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്ന് തബു

thabu

തൊണ്ണൂറുകളിൽ പ്രേക്ഷകരുടെ പ്രിയ ഓൺ സ്ക്രീൻ ജോഡികളായിരുന്നു ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും തബുവും. ഇരുവരും ചെറുപ്പകാലം തൊട്ടേ അടുത്ത സുഹ‍ൃത്തുക്കളുമാണ്. ഇപ്പോഴിതാ, തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ തബു പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

‘അജയ് എന്റെ കസിൻ സമീർ ആര്യയുടെ അയൽക്കാരനും അടുത്ത സുഹൃത്തുമായിരുന്നു, എന്റെ ചെറുപ്പത്തിന്റെ ഭാഗമായിരുന്നു അവനും, അത് ഞങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറയിട്ടു. എന്റെ ചെറുപ്പത്തിൽ സമീറും അജയും ചാരപ്പണി ചെയ്യുമായിരുന്നു, അവരെന്നെ ചുറ്റിപ്പറ്റി നടക്കുകയും എന്നോട് സംസാരിക്കുന്ന ആൺകുട്ടികളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. അവർ വലിയ ശല്യക്കാരായിരുന്നു, ഇന്ന് ഞാൻ അവിവാഹിതയാണെങ്കിൽ അതിന് കാരണം അജയ് ആണ്. അവൻ ചെയ്തതിൽ പശ്ചാത്തപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’.– അജയ്‌യുമായുള്ള സൗഹൃദത്തെ കുറിച്ച് തബു രസകരമായി പറഞ്ഞതിങ്ങനെ.

51 വയസ്സുകാരിയായ തബു അവിവാഹിതയാണ്.

‘എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് അജയ് ആണ്. അവൻ ഒരു കുട്ടിയെപ്പോലെയാണ്, അതേ സമയം ഒരു സംരക്ഷനും. അവനുള്ളപ്പോൾ സെറ്റിൽ ടെൻഷനില്ല. ഞങ്ങൾ അതുല്യമായൊരു ബന്ധവും നിരുപാധികമായ സ്നേഹവും പങ്കിടുന്നു’. – തബു പറയുന്നു.

തനിക്കൊരു പയ്യനെ കണ്ടുപിടിക്കാൻ താൻ അജയിനോട് ആവശ്യപ്പെട്ടിരുന്നതായും തബു.