തമിഴ് നടി വനിത വിജയകുമാർ നാലാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് സൂചന. താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഈ വാര്‍ത്തയ്ക്കു വഴിവച്ചിരിക്കുന്നത്. ഡാൻസ് കൊറിയോഗ്രാഫർ റോബർട് മാസ്റ്ററുമായുള്ള നടിയുടെ സേവ് ദ് ഡേറ്റ് ചിത്രമാണ് സ്റ്റോറിയിൽ. ഒക്ടോബർ അഞ്ചിനാണ് വിവാഹമെന്നും പോസ്റ്ററിൽ കാണാം.
തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. വിജയ്‌യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2020ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം േവർപിരിയുന്നത്. വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച എഡിറ്റര്‍ പീറ്റർ പോളുമായുള്ള വിവാഹത്തിന്റെ ആയുസ്സ് അഞ്ചു മാസം മാത്രമായിരുന്നു. സ്വന്തം കുടുംബത്തില്‍നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന വനിത വിജയകുമാർ കഴിഞ്ഞ മൂന്ന് വർഷമായി ഒറ്റയ്ക്കാണ് താമസം. ആദ്യ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. ആദ്യത്തെ രണ്ടു വിവാഹങ്ങളിൽനിന്നായി വനിതയ്ക്ക് മൊത്തം മൂന്നു കുട്ടികൾ ഉണ്ട്. 2000ലായിരുന്നു നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007ൽ ഈ ബന്ധം വേർപെടുത്തി. അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. 2012 ൽ ഇവർ വിവാഹമോചിതരായി.