Monday 23 April 2018 02:25 PM IST : By സ്വന്തം ലേഖകൻ

`കുഞ്ഞുങ്ങളെ മാത്രമല്ല, ഏതു പെണ്ണിനെ തൊട്ടാലും നൽകണം വധശിക്ഷ`

varalekshmi

രാജ്യത്തെ പിടിച്ചുലച്ച കത്വ–ഉന്നാവോ വിഷയങ്ങൾക്കു പിന്നാലെയായിരുന്നു ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചത്. ഓർഡിനൻസ് നിയമമായതോടെ പ്രതികൾക്ക് വധശിക്ഷ വിധിക്കാനുള്ള അധികാരം കോടതികൾക്ക് ലഭിക്കുകയും ചെയ്തു.

ഇപ്പോഴിതാ രാജ്യം സ്വാഗതം ചെയ്ത സുപ്രധാന തീരുമാനത്തിൽ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി വരലക്ഷ്മി ശരത്കുമാർ. ചെറിയ പെൺകുട്ടികളെ മാത്രമല്ല, ഏതൊരു പെണ്ണിനെയും അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നവര്‍ക്കും ഈ ശിക്ഷയാണ് കൊടുക്കേണ്ടത് എന്നായിരുന്നു വരലക്ഷ്മിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം.

`അപ്പോൾ ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകൾക്കും യുവതികൾക്കും എന്തു സംഭവിക്കും. എല്ലാ ബലാത്സംഗങ്ങൾക്കും വധശിക്ഷ തന്നെ നൽകും.അവളുടെ സമ്മതമില്ലാതെ ഒരാൾക്ക് ഒരു സ്ത്രീയെയോ പെൺകുട്ടിയെയോ സ്പർശിക്കാനാവില്ല. ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നു തന്നെ.അങ്ങനെ ചെയ്യുമ്പോൾ അവളെ ഏറ്റവും ക്രൂരമായ രീതിയിലാണ് നിങ്ങൾ ഉപദ്രവിക്കുന്നത്. ഇനി മേൽ ഒരു ബലാത്സംഗവും ഉണ്ടാവരുത്. ബലാത്സംഗം ചെയ്യുന്നവർ വധശിക്ഷ ഉറപ്പാക്കണം`- കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസിന്റെ വാർത്തയ്ക്കൊപ്പം വരലക്ഷ്മി ട്വീറ്റ് ചെയ്തു.