അജിത്ത് നായകനായ ‘വിടാമുയര്‍ച്ചി’യുടെ റിലീസ് മാറ്റി. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പൊങ്കല്‍ റിലീസിന് ഒരുങ്ങിയ വിടാമുയര്‍ച്ചിയുടെ റിലീസ് മാറ്റിയത് ആരാധകരെ നിരാശരാക്കി. വലിയ പ്രതീക്ഷയോടെയായിരുന്നു വിടാമുയര്‍ച്ചിയുടെ റിലീസിനായി ആരാധകര്‍ കാത്തിരുന്നത്.
നേരത്തെ ചിത്രത്തിന്റെ ടീസര്‍ റിലീസിന് പിന്നാലെ വിടാമുയര്‍ച്ചിക്കെതിരെ പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹോളിവുഡ് ചിത്രം ബ്രേക്ഡൗണുമായി വിടാമുയര്‍ച്ചി ടീസറിനുള്ള സാമ്യതകളെ തുടര്‍ന്നായിരുന്നു ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിടാമുയര്‍ച്ചിയുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിനെതിരെ പാരാമൗണ്ട് പിക്ചേഴ്സ് 150 കോടിയുടെ നോട്ടിസ് അയച്ചെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇത്തരത്തില്‍ നോട്ടിസൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ലൈക്കയുടെ പ്രതികരണം.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിര്‍വഹിക്കുന്നത് എന്‍ ബി ശ്രീകാന്തുമാണ്.