Friday 03 December 2021 09:35 AM IST : By സ്വന്തം ലേഖകൻ

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, പ്രവേശനം രഹസ്യ കോഡ് ഉപയോഗിച്ച്: വിക്കി കൗശല്‍–കത്രീന കൈഫ് വിവാഹത്തിലെ നിബന്ധനകൾ

vikki

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹമാണ് വിക്കി കൗശല്‍–കത്രീന കൈഫ് ജോഡികളുടെത്. ഇപ്പോഴിതാ, വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും ചടങ്ങുകൾക്കും വച്ചിരിക്കുന്ന നിബന്ധനകളെക്കുറിച്ചാണ് ബി ടൗണിലെ ചർച്ച.

വിവാഹത്തിന് പങ്കെടുക്കുന്നവർക്കൊക്കെ രഹസ്യ കോഡ് അയച്ചിട്ടുണ്ടത്രേ. ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ഈ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശന അനുമതി. ബോളിവുഡിൽ നിന്നുപോലും അടുപ്പമുള്ള കുറച്ചു പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല. ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനോ പാടില്ല. വിവാഹം നടക്കുന്ന ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. വിവാഹത്തിന്റെ വിഡിയോ റീല്‍സ് ആയി ചെയ്യരുത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത്.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നടൻ ഗജ്‌രാജ് റാവുവിന്റെ പ്രതികരണം രസകരമായിരുന്നു. ഫോണിൽ സെൽഫി എടുക്കാന്‍ പറ്റില്ലെങ്കിൽ ഈ കല്യാണത്തിനേ താനില്ല എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗജ്‌രാജിന്റെ പ്രതികരണം.

ഗുജറാത്തിലെ സ്വാമി മധോപൂര്‍ ഹോട്ടലിലാണ് മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകള്‍. രാജസ്ഥാനില്‍ ഡിസംബര്‍ 9ന് വിവാഹത്തിന് ശേഷം മുബൈയില്‍ റിസപ്ഷന്‍ ഒരുക്കും.