Thursday 08 November 2018 03:37 PM IST : By സ്വന്തം ലേഖകൻ

‘കടാരം കൊണ്ടാൻ’ ലുക്കിൽ ആരാധകർക്കൊപ്പം ചിയാൻ; വൈറലായി താരത്തിന്റെ ‘മാസ് സെൽഫി’

chiyan-new

മിക്ക താരങ്ങളുടെയും ആരാധകർ ഒരേ പോലെ ഇഷ്ടപ്പെടുന്ന താരമാണ് ചിയാൻ വിക്രം. അഭിനയ ശേഷി കൊണ്ടും ലാളിത്യം തുളുമ്പുന്ന പെരുമാറ്റം കൊണ്ടും അദ്ദേഹം നേടിയെടുത്ത ജനകീയതയാണത്.

കഴിഞ്ഞ ദിവസം താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കടാരം കൊണ്ടാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത്. പോസ്റ്ററിലെ ചിയാന്റെ വ്യത്യസ്തമായ മാസ് ലുക്ക് ഇതിനോടകം ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയിലധികമാക്കിക്കഴിഞ്ഞു.

വേറിട്ട ഹെയർസ്റ്റൈലും, ശരീരം നിറയെ ടാറ്റൂവും, സാൾട്ട് ആൻഡ് പെപ്പർ ലുക്കുമാണ് ചിത്രത്തിൽ ചിയാന്റെ കഥാപാത്രത്തിന്. ഈ ലുക്കിൽ താരം ആരാധകർക്കൊപ്പം പകർത്തിയ ഒരു സൂപ്പർ സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ചിത്രത്തിന്റെ ഷൂട്ടിംങ് മലേഷ്യയിലായതിനാൽ സെൽഫി അവിടെ നിന്നാകാം എന്നാണ് സൂചന.

‘ഡോണ്ട് ബ്രെത്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ‘കടാരം കൊണ്ടാൻ’. ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനാണ്. വിക്രമിന്റെ 56–ാം ചിത്രമാണിത്. സംവിധാനം ചെയ്യുന്നത് രാജേഷ് എം സെല്‍വ. രാജേഷ് എം സെല്‍വ കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ‘തൂങ്കാവാനം’ ‘സ്ലീപ്ലെസ്സ് നൈറ്റ്’ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ഔദ്യോഗിക തമിഴ് പതിപ്പായിരുന്നു

പൂജാ കുമാറും അക്ഷര ഹാസനുമാണ് നായികമാർ. ശ്രീനിവാസ് റെഡ്ഡി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതമൊരുക്കുന്നത് ജിബ്രാനാണ്. രാജ് കമല്‍ ഫിലിംസ് നിര്‍മിക്കുന്ന 45–ാം ചിത്രമാണ് ‘കടാരം കൊണ്ടാൻ’