Thursday 21 February 2019 01:56 PM IST : By സ്വന്തം ലേഖകൻ

ഇതൊരു പരിഹാരമല്ല, മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനം! അലൻസിയറിന്റെ മാപ്പ് പറച്ചിലിൽ ഡബ്ല്യു.സി.സിയുടെ പ്രതികരണം

alencier-new

മീടു ആരോപണത്തിൽ, നടി ദിവ്യ ഗോപിനാഥിനോട് നടൻ അലൻസിയർ ലേ ലോപ്പസ് മാപ്പ് പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.

സിനിമയിൽ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നുവെന്നും ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ സംഘടന വ്യക്തമാക്കി. അലൻസിയറിന്റെ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി വിലയിരുത്തുന്നതായും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഡബ്ല്യു.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവർത്തക ദിവ്യ ഗോപിനാഥിനോട് നടൻ അലൻസിയർ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയിൽ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാൽ നടൻ അലൻസിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങൾ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ പ്രധാനമാണ് . ഈ മാപ്പു പറച്ചിൽ ഭാവിയിൽ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.

ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു നടൻ അലൻസിയർ ലേ ലോപ്പസിനെതിരായ യുവനടി ദിവ്യ ഗോപിനാഥിന്റെ മീടു വെളിപ്പെടുത്തൽ. സംഭവത്തിൽ കടുത്ത വിമർശനം നേരിട്ട അലൻസിയർ ഒടുവിൽ, ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ ദിവ്യയോട് പരസ്യമായി ക്ഷമ ചോദിച്ച് രംഗത്തെത്തി.

തന്റെ തെറ്റിനു ക്ഷമ ചോദിക്കുന്നുവെന്നും ദിവ്യയോട് മാത്രമല്ല തന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായുമാണ് അലന്‍സിയര്‍ പറഞ്ഞത്.

കഴിഞ്ഞ വർഷം അവസാനമാണ് അലൻസിയർക്കെതിരെ ദിവ്യ മീടു ആരോപണവുമായി രംഗത്തു വന്നത്. ‘ആഭാസം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് തന്നെ ലൈംഗികമായി ആക്രമിക്കാൻ അലൻസിയർ ശ്രമിച്ചെന്നായിരുന്നു ദിവ്യ പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകനും നടനെതിരെ രംഗത്തു വന്നിരുന്നു.