Tuesday 08 January 2019 05:44 PM IST : By സ്വന്തം ലേഖകൻ

‘‘ഒരേ ഒരു ആൾക്കു മാത്രം ചെയ്യാൻ കഴിയുന്ന ചിലതുണ്ട്”; ‘യാത്ര’യ്ക്ക് ആശംസയുമായി ‘ഫാൻ ബോയ്’ ദുൽഖർ

dq-new

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിക്കുന്ന, താരത്തിന്റെ രണ്ടു പുത്തൻ സിനിമകളുടെ ട്രെയിലറുകളാണ് അടുത്തടുത്ത ദിവസങ്ങളിൽ റിലീസായത്. ഇതിൽ തമിഴ് ചിത്രമായ ‘പേരൻപ്’ ക്ലാസാണെങ്കിൽ തെലുങ്ക് ചിത്രം ‘യാത്ര’ ക്ലാസിന്റെയും മാസിന്റെയും മിശ്രിതമാണ്.

അതിനൊപ്പം ആരാധകരെ ത്രസിപ്പിക്കുന്ന മറ്റൊരു വിശേഷം കൂടിയുണ്ടായി. ‘യാത്ര’യ്ക്ക് അഭിനന്ദനവുമായി മമ്മൂട്ടിയുടെ വീട്ടിൽ തന്നെയുള്ള ഒരു ‘ഫാൻ ബോയ്’ രംഗത്തെത്തിയതാണ് സമൂഹമാധ്യമങ്ങളിലെ പുതിയ വാർത്ത. മറ്റാരുമല്ല, സാക്ഷാൽ ദുൽഖർ സൽമാനാണ് ഉപ്പയുടെ പ്രിയപ്പെട്ട ഈ ഫാൻബോയ്.
“ഇതുപോലെയുള്ള ട്രെയിലറുകളും സിനിമകളും, രോമാഞ്ചമുണ്ടാക്കുന്നു. ഒരേ ഒരു ആൾക്കു മാത്രം ചെയ്യാൻ കഴിയുന്ന ചിലതുണ്ട്”. യാത്രയുടെ ട്രെയിലർ പങ്കുവെച്ച് ദുൽഖർ കുറിച്ചതിങ്ങനെ. ഇതിന് ‘ഫാൻ ബോയ് ഫസ്റ്റ്’ എന്ന ഹാഷ് ടാഗും ദുൽഖർ നൽകിയിട്ടുണ്ട്.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന യദുഗുരി സന്ദിന്തി രാജശേഖര റെഡ്ഢി എന്ന വൈ.എസ്.ആറിന്റെ ജീവിത കഥ പറയുന്ന ‘യാത്ര’യിൽ മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

മഹി വി.രാഘവാണ് തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്രസിനിമയുടെ സംവിധായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഹിറ്റായിരുന്നു. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയാണ് സിനിമയുടെ പ്രധാന പശ്ചാത്തലം.

വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് ‘യാത്ര’യുടെ നിര്‍മ്മാണം. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണിരത്നം തുടങ്ങി വൻ താരനിര ‘യാത്ര’യില്‍ അണിനിരക്കുന്നു.