Saturday 15 December 2018 02:53 PM IST : By വിജീഷ് ഗോപിനാഥ്

ബൈലക്കുപ്പ മഞ്ഞിൻ പുതപ്പിനുള്ളിലാണ്!

bylakuppe6
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ബൈലക്കുപ്പയിലെ ടിബറ്റൻ കോളനിയിലുള്ള ‘അക്കോശേട്ടന്റെ ഉണ്ണിക്കുട്ടന്മാർക്കൊപ്പം’ ഒരു ദിവസം...

അരനൂറ്റാണ്ട് മുമ്പ്. ആ ദിവസം എങ്ങനെയായിരിക്കും? ഇന്നീ കാണുന്ന റോഡുകളോ കണ്ണുമിന്നിത്തുറക്കും മുന്നേ പാഞ്ഞുപോകുന്ന വാഹനങ്ങളോ ഒന്നുമുണ്ടാകില്ല. കാൽനടയായിട്ടാകാം ആ സംഘമെത്തിയത്. മൊട്ടക്കുന്നും ആൾപാർപ്പില്ലാത്ത വഴികളും ഭയപ്പെടുത്തിയിട്ടുണ്ടാകില്ല, കാരണം അവർ വരുന്നത് ആഭ്യന്തരപ്രശ്നങ്ങൾ കൊണ്ട് അസ്വസ്ഥമായ രാപകലുകളിൽ നിന്നായിരുന്നു. ഇന്ത്യ നൽകിയ അഭയം സ്വീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയ കുറേ സന്യാസിമാർ. പ്രാർഥനകളുമായി അവർ നടന്നു പോയത് ഈ വഴിയിലൂടെയാണോ?

പുലരുവാൻ ഇനി അധികനേരമില്ല. ഉറങ്ങുമ്പോൾ നമ്മുടെ നാടും ഉണരുമ്പോൾ മറ്റൊരു നാടുമായി മാറുന്ന മാജിക് ബൈലക്കുപ്പയ്ക്കുണ്ടെന്നു പറയുന്നതു വെറുതെയല്ല. നോക്കൂ, റോ‍‍‍ഡിന് ഇരുവശത്തും കടകൾ, വലിയ മതിൽക്കെട്ടുള്ള വീടുകൾ, തണൽമരങ്ങൾ പിന്നെ അലഞ്ഞു തിരിയുന്ന പശുക്കൾ. കടയുടെ ഷ‍ട്ടറുകൾ തുറന്നാൽ നിരത്തി വച്ചിരിക്കുന്ന മിഠായി ഭരണികൾക്കു പിന്നിൽ സർബത്തിനായി നാരങ്ങ പിഴിയുന്ന ഒരു ചേട്ടനെയും നമുക്കു പ്രതീക്ഷിക്കാം. ഇതൊക്കെ ഈ കുഞ്ഞു ടൗൺ ഉറങ്ങുമ്പോൾ മാത്രം. പകൽ ഇതൊരു കുഞ്ഞു ടിബറ്റ് തന്നെയാണ്. മറ്റേതോ ഭാഷ, ആചാരം, മുഖം... ബൈലക്കുപ്പ മഞ്ഞിൻ പുതപ്പിനുള്ളിലാണ്. നേരം ഒന്നു പുലരട്ടെ.

bylakuppe7

പ്രാർഥന പിറക്കുന്ന മണ്ണിലേക്ക്

നംദ്രോലിങ് ആശ്രമം  ഉണരും മുമ്പേ വലിയ കവാടത്തിനുമുന്നിൽ ആൾത്തിരക്ക് തുടങ്ങിയിരുന്നു. മഞ്ഞിന്റെ മുഖപടം മാറ്റി സന്യാസിമാർ എത്തിത്തുടങ്ങി. മെറൂണും മഞ്ഞയും കലർന്ന വസ്ത്രം, പറ്റെ വെട്ടിയ തലമുടി. കവാടത്തിനുള്ളിലെ  സുവ ർണ ക്ഷേത്രം കാണാനായെത്തിയവരുടെ അദ്ഭുതം കലർന്ന കണ്ണുകളിലേക്കു നോക്കാതെ മനസ്സിൽ മന്ത്രവുമായി അവർ നടന്നു പോയി.

അകത്തെവിടെയോ വലിയ മണിമുഴങ്ങി. കാണികൾക്കു മുന്നിൽ വലിയ കവാടം തുറന്നു. മതിൽക്കെട്ടിനകത്തേക്ക് കയറിയാൽ ആദ്യം വലിയൊരു മുറ്റം. അതിന് അരികിൽ കാണുന്ന മൂന്നു നില കെട്ടിടത്തിലാണ് സന്യാസിമാർ താമസിക്കുന്നത്. താഴത്തെ നിലയിൽ ഒരു കുഞ്ഞുഹോട്ടൽ കുൻഫെൻ  കാന്റീൻ. മോമോ, തുഗ്പാ, ടിൻമോ.... അപരിചിതമായ  ഏതൊക്കെയോ വിഭവങ്ങൾ. സന്യാസിമാർക്കു മാത്രമുള്ളതായതു കൊണ്ട് രുചിയറിയാനാകില്ല. രുചി മാത്രമല്ല, ഭാഷയും ക്ഷേത്രങ്ങളിൽ നടക്കുന്ന ചടങ്ങുകളുമെല്ലാം കാഴ്ചവിരുന്നിലേക്കെത്തുന്നവർക്ക് അപരിചിതമായി തോന്നിയേക്കാം. കാന്റീനിലെ ആവി പറക്കുന്ന കോപ്പയ്ക്കരികിൽ വച്ചാണ് തിരുപ്തൻ എന്ന ബുദ്ധ സന്യാസിയെ കണ്ടത്. അദ്ദേഹം ആ പഴയ കഥ പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് ആദ്യ സന്യാസി സംഘം ബൈലക്കുപ്പയിലേക്കെത്തിയ ആ ദിവസം.

bylakuppe8

‘‘പത്തോളം സന്യാസിമാരാണ് ആദ്യമായി ഈ നാട്ടിലേക്കെത്തുന്നത്. പെനൂർ റിൻപോച്ച ആയിരുന്നു അവരെ ഈ മണ്ണിലേക്ക് നയിച്ചത്. ആത്മീയാചാര്യൻ ദലൈലാമയുടെ അനുഗ്രഹത്തോ‍ടെ, ഇന്ത്യാ സർക്കാരിന്റെ പിന്തുണയോടെ അവർ ഈ നാട്ടിൽ താമസമാക്കി. 1963 ലാണ് ഈ ആശ്രമത്തിന് അദ്ദേഹം രൂപം കൊടുക്കുന്നത്. ബുദ്ധിസ്റ്റ്  വിശ്വാസങ്ങളുടെ പഠനത്തിനും പരിശീലനത്തിനും വേണ്ടിയാണ് ഇതു സ്ഥാപിച്ചത്. ആദ്യകാലങ്ങളിൽ സന്യാസിമാരുടെ ആഹാരത്തിനും താമസത്തിനും പഠനത്തിനുമൊക്കെയായി അദ്ദേഹം ഒരുപാടു കഷ‍്ടപ്പാടുകൾ സഹിച്ചിരുന്നു. തായ്‌വാൻ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ച് അവിടത്തെ മാതൃകകൾ പഠിച്ചാണ് അദ്ദേഹം ഈ ആശ്രമം രൂപപ്പെടുത്തിയിരിക്കുന്നത്.

ഇന്നിപ്പോൾ ആശുപത്രികൾ, സ്കൂളുകൾ, ഹോട്ടലുകൾ, ബാങ്ക്... നാട് ഒരുപാടു മാറിയിരിക്കുന്നു.  ടിബറ്റ്, നേപ്പാൾ, ഭൂട്ടാ ൻ എന്നിവിടങ്ങളിൽ നിന്നുള്ള സന്യാസിമാർക്കു പുറമെ സിക്കിം, ഹിമാചൽ പ്രദേശ്, ആസാം, ലഡാക്ക് തുടങ്ങി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ളവരുമുണ്ട്. പക്ഷേ, കേരളത്തിൽ നിന്നാരുമില്ല.’ ആവി പറക്കുന്ന ഒാർമകൾ നോക്കി  തിരുപ്തൻ പുഞ്ചിരിച്ചു.

bylakuppe2

മൗനത്തണുപ്പുള്ള അകത്തളത്തിലേക്ക്

മെറൂൺ ചിറകുള്ള ശലഭങ്ങളെ പോലെ കുട്ടികൾ മുറ്റത്തു കൂടി പറന്നു പോകുന്നുണ്ട്. അവരുടെ പിന്നാലെ നടന്നെത്തിയത് തലയുയർത്തി നിൽക്കുന്ന സുവർണ ക്ഷേത്രത്തിനു മുന്നിലാണ്. ‘പ‌ത്മസംഭവ ബുദ്ധിസ്റ്റ് വിഹാര’ എന്നാണ് ഒൗദ്യോഗിക നാമമെങ്കിലും സുവർ‌ണ ക്ഷേത്രമെന്നാണ് ഇതറിയപ്പെടുന്നത്. പന്ത്രണ്ടടിയിലേറെ വലുപ്പമുള്ള  മൂന്ന് വാതിലുകളാണ് സുവർണക്ഷേത്രത്തിനുള്ളത്. കടും ചുവപ്പുനിറമുള്ള വാതിലിൽ സ്വർണ നിറമുള്ള രണ്ടു മുഖങ്ങൾ പിടിപ്പിച്ചിരിക്കുന്നു. മൂക്കിനു താഴെ ‘റ’ ആക‍ൃതയിൽ താഴേക്കു വളഞ്ഞു നിൽക്കുന്ന മീശ. അതാണ് വാതിലിന്റെ പിടി.

ചെരിപ്പ് ഊരിവച്ച് അകത്തെ മുറിയിലേക്കു കടക്കാം. പടിയിലേക്ക് ആദ്യകാൽ വച്ചപ്പോൾ തന്നെ തണുപ്പ് അരിച്ചു കയറി. അകത്ത് മൗനം നിറഞ്ഞു കത്തുന്നു. കാണികളുടെ കലപില തണുപ്പിൽ വിറങ്ങലിച്ചു പോയതു പോലെ, കാഴ്ചയുടെ  അദ്ഭുതത്തിൽ വാക്കുകൾ മറന്നു പോയതുപോലെ... നിരവധി ഭീമൻ തൂണുകളിൽ ഉയർന്നുനിൽക്കുന്ന വലിയ ഹാളാണ് ഗോൾ‍ഡൻ ടെംപിൾ. മൂന്നു ബുദ്ധപ്രതിമകളാണ് അകത്തുള്ളത്. തിളങ്ങുന്ന സ്വർണ നിറത്തിൽ കണ്ണൊന്നു മിന്നിപ്പോകും. വെള്ള, മഞ്ഞ, ചുവപ്പ്, നീല, പച്ച നിറത്തിലുള്ള തോരണങ്ങളും അലങ്കാരവിളക്കുകളും കൊണ്ട് വിഗ്രഹങ്ങൾ ഇരിക്കുന്ന ഇടം അലങ്കരിച്ചിരിക്കുന്നു. പ്രതിമകൾക്കു പിറകിൽ ചായത്തിൽ വരച്ച രൂപങ്ങൾ. ടിബറ്റൻ ബുദ്ധരുടെ െഎതിഹ്യങ്ങളിലെ ദൈവിക കഥാപാത്രങ്ങളുടെ പകർപ്പാണ് അതെല്ലാം.

bylakuppe5

ആരൊക്കെയാണ് ഈ പ്രതിമകളിലുള്ളതെന്ന് ഒാർത്തുനിൽക്കുമ്പോൾ പുഞ്ചിരിയുമായി തിരുപ്തൻ വീണ്ടുമെത്തി. ‘‘നടുക്കു കാണുന്നത് ബുദ്ധഷാക്യമുനിയുടെ പ്രതിമയാണ്. അറുപതടിപ്പൊക്കമുണ്ട് അതിന്. ചെമ്പുകൊണ്ട് നിർമിച്ച് സ്വർണം പൂശിയിരിക്കുന്നു. ശുദ്ധോദന രാജാവിനും മായാദേവി രാജ്ഞിക്കും ഉണ്ടായ സിദ്ധാർഥ രാജകുമാരനാണ് ബുദ്ധഷാക്യമുനിയായി മാറിയത്.  

ഇടതും വലതുമായി അമ്പത്തെട്ടടി പൊക്കമുള്ള ഗുരു പത്മസംഭവയുടെയും ബുദ്ധ അമിത്തായുസിന്റെയും പ്രതിമകൾ. ഗുരു പത്മസംഭവ, ഗുരു റിംപോച്ചെ എന്നും അറിയപ്പെടുന്നു. ആത്മീയ ശക്തിയുള്ള ഗുരു റിംപോച്ചെ ഏറെ നാൾ ടിബറ്റിലായിരുന്നു. മന്ത്രശക്തിയുള്ള ഏറെ കാര്യങ്ങളുടെ ഗുരുവായിരുന്നു അദ്ദേഹം. ഇതുപോലെ തന്നെ ബുദ്ധമതത്തിലെ മറ്റൊരാചാര്യനാണ് ബുദ്ധ അമിത്തായുസ്. ആയുസ്സ് വരെ നീട്ടി നൽകാനുള്ള ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണു വിശ്വാസം’’ തലയ്ക്കു മുകളിൽ കൈയുയർത്തി തൊഴുത് അദ്ദേഹം പടികളിറങ്ങി.

ഇതൊന്നുമറിയാതെ സെൽഫി എടുക്കുന്ന തിരക്കിലാണ് ഏതോ കോളജിൽ നിന്നു വന്ന കലപില സംഘം. അറുപതടി പ്രതിമ എങ്ങനെ മൊബൈൽ സ്ക്രീനിലൊതുക്കുമെന്ന ചർച്ച ചൂടുപിടിക്കുമ്പോൾ പതിയെ പുറത്തേക്കു നടന്നു. വിഹാരങ്ങൾക്കു ചുറ്റും ഭൂമിക്കു വേദനിക്കുമോ എന്നു ഭയന്നു പതുക്കെ നടക്കുന്ന സന്യാസിമാർ. എവിടെ നിന്നോ വാദ്യങ്ങളുടെ ശബ്ദം, ടിബറ്റൻ ഭാഷയിലെ പ്രാർഥനകൾ, കുഴലൂത്ത്, പെരുമ്പറമുഴക്കം, മണിനാദം.... എവിടെ നിന്നാണതെന്നു നോക്കാം.

bylakuppe3

പ്രാർഥന, പഠനം, ജീവിതം...

പദ്മസംഭവ വിഹാരത്തിനരികിൽ തന്നെയാണ് പ്രാർഥനകളുടെ ഉറവിടം. ചെറിയൊരു ക്ഷേത്രം.  ബുദ്ധവിഗ്രഹങ്ങൾക്കു മുന്നിൽ പ്രാർഥനയോടെ ഒരു കൂട്ടം സന്യാസിമാർ. പലനിറത്തിലുള്ള ചെറു ലൈറ്റുകൾ കൊണ്ട് വിഗ്രഹങ്ങൾ അലങ്കരിച്ചിട്ടുണ്ട്. വിഗ്രഹത്തിനു മുന്നിലായി ദലൈലാമയുടെ ഫോട്ടോ. മുഖത്തോടു മുഖം നോക്കിയിരുന്ന് പ്രാർഥനയിലാണ് സന്യാസിമാർ. മുന്നിലിരിക്കുന്ന  ചെറിയ പെട്ടിയുടെ മുകളിൽ താളിയോലയുടെ മാതൃകയിലുള്ള പുസ്തകങ്ങൾ. അതിൽ നോക്കിയാണ് വായന. കൈയിൽ മണിയും ഉടുക്കിന്റെ മാതൃകയിലുള്ള ചെറിയ വാദ്യോപകരണവും.

സന്യാസിമാർക്കു പിന്നിലായി വലിയ വാദ്യോപകരണങ്ങളുമുണ്ട്. ഒരു വശത്ത് പല വലുപ്പത്തിലുള്ള കുഴലുകൾ. മറ്റൊരു വശത്ത് ഗഞ്ചിറയ്ക്കു സമാനമായ വലിയൊരു വാദ്യം തൂക്കിയിട്ടിരിക്കുന്നു. അതിനപ്പുറം വലിയ ഇലത്താളവും പിടിച്ച് രണ്ടു പേർ. മുഖ്യസന്യാസി മൈക്കിലൂടെ പുസ്തകത്തിലെ വരികൾ വായി ക്കുമ്പോൾ മറ്റു സന്യാസിമാർ ഏറ്റു ചൊല്ലുന്നു. ഇടയ്ക്ക് വലിയ ശബ്ദത്തിൽ കൈമണിമുഴങ്ങും. ആ നാദം മ റ്റൊരു വാദ്യത്തിലേക്കു പടരുന്നു. തുക ൽ വാദ്യവും കുഴലൂത്തും മുറുകും. പെട്ടെന്ന് മൗനം, പിന്നെയും നാദപ്പെരുമഴ. പലതരം ശബ്ദങ്ങളുടെ സഞ്ചാരമാണ് ക്ഷേത്രത്തിനുള്ളിൽ. മണിക്കൂറുകൾ നീളുന്ന പ്രാർഥനയ്ക്കിടയിലേക്ക്  പക്ഷേ, സന്ദർശകർക്ക് പ്രവേശനമില്ല. 

ഇതിനടുത്തു തന്നെയുള്ള മുറിയിൽ സ്വർണ നിറമുള്ള നൂറുകണക്കിനു വിളക്കുകൾ നിരന്നിരിക്കുന്നു, വൈകുന്നേരമുള്ള പ്രാർഥനയ്ക്ക് ഈ മുറിയിൽ തന്നെയാണ് ഇവ തെളിച്ചു വയ്ക്കാറുള്ളത്. സ്വർണ ക്ഷേത്രത്തിനപ്പുറം ദലൈലാമയുടെ വലിയ ചിത്രം പതിപ്പിച്ച മറ്റൊരു വിഹാരമുണ്ട്. അത് ഉത്സവകാലങ്ങളിൽ മാത്രമേ തുറക്കാറുള്ളു. ക്ഷേത്രങ്ങൾക്കപ്പുറമുള്ള പാഠശാലയിൽ വലിയ പുസ്തകവുമായി നടക്കുന്ന ഒരുകൂട്ടം സന്യാസിമാർ. എങ്ങനെയാകും ഇവരുടെ ഒരു ദിവസം?

bylakuppe1

കടുംനിറത്തിലുള്ള മേലങ്കി ഒന്നു കൂടി വലിച്ചിട്ട് ദവ ചിയോഗ്യാൽ അതിന് ഉത്തരം പറഞ്ഞു. ‘‘ബുദ്ധിസത്തിൽ തന്നെയാണു വിശ്വസിക്കുന്നതെങ്കിലും നാലു വിഭാഗക്കാർ ടിബറ്റൻ സെറ്റിൽമെന്റിലുണ്ട്. അവരുടേതായ ക്ഷേത്രങ്ങളുമുണ്ട്. ഒാൾഡ്, ന്യൂ എന്നു പേരിട്ട രണ്ടു ക്യാംപുകളിലായി ഏതാണ്ട് ഇരുപത്തയ്യായിരത്തിലധികം പേർ. അതിൽ കുടുംബങ്ങളുണ്ട്, പിന്നെ ആയിരക്കണക്കിനു സന്യാസിമാരും. വെളുപ്പിനെ അഞ്ചരയ്ക്ക് സന്യാസിയുടെ ഒരു ദിവസം തുടങ്ങും. പുലർച്ചെ അഞ്ചുമണിയോടെ  ഉണരും.  പിന്നീടുള്ള ജീവിതം  പഠനത്തിനും  പ്രാർഥനകൾക്കും വേണ്ടി മാത്രമാണ്. ബുദ്ധിസ്റ്റ് ഫിലോസഫിയിൽ ഞങ്ങൾ  അറിഞ്ഞ പാഠങ്ങൾ ആവർത്തിച്ച് ഉരുവിടും.

ഉച്ചവരെയുള്ള സമയം പ്രാർഥനയ്ക്കും ഡിബേറ്റിനും (ചർച്ചകൾക്കും) ആയി നീക്കിവച്ചിരിക്കുകയാണ്. പെർഫെക്‌ഷൻ,ലോജിക്, എംപ്റ്റിനെസ് തുടങ്ങി അഞ്ചു വിഷയത്തിലാണ് ചർച്ചകളും തർക്കങ്ങളും നടക്കാറുള്ളത്. അതുതന്നെ പല തരത്തിലുണ്ട്. ഒരു രീതി ഇങ്ങനെയാണ്, ഒരാൾ നിൽക്കുകയും അടുത്തയാൾ ഇരിക്കുകയും ചെയ്യും. നിൽക്കുന്നയാൾ ചോദ്യങ്ങൾ ചോദിക്കും, ഇരിക്കുന്നയാൾ അതിനുത്തരം നൽകണം. പന്ത്രണ്ടു മണികഴിഞ്ഞ് ഉച്ചഭക്ഷണം. പിന്നീട് പഠനം. ബുദ്ധമതത്തിലെ വിവിധ വിഷയങ്ങളാണ് പഠിക്കുക. വൈകിട്ട് അഞ്ചുമുതൽ രാത്രി പന്ത്രണ്ടു വരെ നൈറ്റ് ഡിബേറ്റുകളും നടക്കും.’’   അഭയം തന്ന മണ്ണിനെ വേദനിപ്പിക്കാതെ വളരെ പതുക്കെ ദവ നടന്നു നീങ്ങി.

കാഴ്ചകൾ ഇനിയും...

നംദ്രോലിങ്ങിന്റെ മതിൽക്കെട്ടിനു പുറത്തെ വഴിയിലൂടെ ഒന്നു പോയി നോക്കാം. പ്രധാന കവാടത്തിന്റെ അരികിലൂടെ ഒരു കുഞ്ഞു വഴിയുണ്ട്. ആദ്യ ചുവടു വയ്ക്കുമ്പോൾ തന്നെ കറങ്ങുന്ന വെള്ളിനിറത്തിലുള്ള പ്രാർഥനാ  ചക്രങ്ങളും അതു കറക്കി നടന്നു നീങ്ങുന്ന ഭക്തരെയും കാണാം. വെള്ളിനിറത്തിലുള്ള 1300 പ്രയർ വീലുകളാണുള്ളത്. ഇതിനു പുറമെ 19 വലിയ വീലുകളുമുണ്ട്. ഇവയ്ക്കുള്ളിൽ ശതകോടിക്കണക്കിനു മന്ത്രങ്ങളുണ്ടത്രേ. പ്രാർഥനാപൂർവം കറക്കിയാൽ ആയുരാരോഗ്യസൗഖ്യമുണ്ടാകുമെന്നാണ് ഇവരുടെ വിശ്വാസം. ഈ വഴിയിലൂടെ നടന്നെത്തുന്നത് ഒരുമിച്ചു നിൽക്കുന്ന പതിനാറ് സ്തൂപങ്ങൾക്കു മുന്നിലേക്കാണ്. മനശ്ശാന്തിയും നല്ല ചിന്തയും നിറയ്ക്കാൻ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ഈ സ്തൂപങ്ങൾക്കാകുമെന്ന് കരുതപ്പെടുന്നു.  സന്യാസി സംഘത്തെ നയിച്ച പെനോർ റിംപോച്ചയാണത്രേ ആദ്യ സ്തൂപം നിർമിച്ചത്.

വെള്ളപൂശി നിൽക്കുന്ന ഈ സ്തൂപങ്ങളിൽ നിന്നകലെയായി സന്യാസിമാർ താമസിക്കുന്ന കെട്ടിടത്തിനരികിൽ മ റ്റൊരു വലിയ സ്തൂപമുണ്ട്. അതിന്റെ പടികളിൽ പൂക്കൾ  കൊണ്ടലങ്കരിച്ചിരിക്കുന്നു. മുന്നിൽ വിളക്കുകൾ എരിയുന്നു. ഇവിടെയാണ് പെനോർ റിംപോച്ചയെ അടക്കം ചെയ്തിരിക്കുന്നത്. വെറും മുന്നൂറു രൂപയുമായി ബൈലക്കുപ്പയിലെ മൊട്ടക്കുന്നിലേക്കെത്തി ഒടുവിൽ ഈ സാമ്രാജ്യം ഉയർത്തിയ ആ വലിയ മനുഷ്യന്റെ ഒാർമകൾക്കു മുന്നിൽ തലകുനിക്കാൻ വിശ്വാസികളെത്തുന്നുണ്ട്. പുറത്ത് വെയിൽ ചാഞ്ഞു തുടങ്ങി. ക്ഷേത്രത്തിനു പുറത്ത് കട നടത്തുന്ന മലയാളിയാണ് പത്തു കിലോമീറ്റർ അപ്പുറമുള്ള മറ്റൊരദ്ഭുതത്തെ കാണാതെ പോകരുതെന്നു പറഞ്ഞത്. ‘സെറ ജെയ്’ എന്ന ബുദ്ധവിഹാരം. പടിക്കെട്ടുകൾ കയറി വേണം വലിയ വാതിലിനു മുന്നിലേക്കെത്താൻ. വാതിൽ തുറന്നാൽ ഒരു നിമിഷം നിശ്ശബ്ദമായി പോകും, അത്ര സുന്ദരമാണ് അകത്തളം.

നിറങ്ങളുടെ ഉത്സവമാണ് ഉള്ളിൽ. പച്ചയും മഞ്ഞയും ചുവപ്പും നിറമുള്ള തോരണങ്ങൾ. പല രൂപത്തിൽ പല വർണങ്ങളിൽ...  ചില്ലു കൂടിനുള്ളിൽ വലിയ ബുദ്ധപ്രതിമ. അരികിൽ വ്യാളീ രൂപങ്ങൾ. ക്ഷേത്രത്തിനകത്ത് തികഞ്ഞ നിശ്ശബ്ദത. മന്ത്രങ്ങൾ പെയ്ത തണുപ്പുണ്ട് അകത്തളത്തിലെങ്ങും. പടികളിറങ്ങുമ്പോൾ കണ്ട ഫുണ്ട്സോ എന്ന സന്യാസി പറ‍ഞ്ഞത് ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള സെറ ജെയ് മൊണാസ്റ്റിക് യൂണിവേഴ്സിറ്റിയിൽ നാലായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ്.

വർണ കാഴ്ചകളിൽ നിന്ന് നംദ്രോലിങ്ങിലേക്ക് മടങ്ങിയെത്തുമ്പോൾ ഇരുട്ടു വീണു തുടങ്ങിയിരുന്നു. സന്ദർശകരെല്ലാം മടങ്ങിത്തുടങ്ങി. ടിബറ്റൻ രീതിയിലുള്ള പാവകളും മാലകളും ഒക്കെ കിട്ടുന്ന കടകൾ അടഞ്ഞു തുടങ്ങി. വിഹാരത്തിന്റെ ഭാഗമായ ബുക്ക്ഷോപ് അടയ്ക്കാനുള്ള ഒരുക്കത്തിലാണ് ബുദ്ധ ഫിലോസഫി വിദ്യാർഥിയായ ടാൻഡിൻ വാങ്ചുക്. ‘‘ഭൂട്ടാനിൽ നിന്ന് ആറുവർഷം മുമ്പാണ് ഞാനിവിടെ എത്തിയത്.  സിംഗപ്പൂരിൽ നിന്നും നേപ്പാളിൽ നിന്നുമെല്ലാമുള്ള വിദ്യാർഥികളിവിടെയുണ്ട്. ബുദ്ധമതത്തിൽ തോന്നിയ താൽപര്യമാണ് എന്നെ ഇന്ത്യയിലേക്ക് എത്തിച്ചത്. ഈ മതത്തിൽ വിശ്വസിക്കുന്ന ആർക്കും ഇവിടെയെത്തി പഠിക്കാം.

മൂന്നു വർഷം കൂടി മാത്രമേ ഞാനിവിടെയുണ്ടാകൂ. ഒമ്പതു വർഷമാണ് കോഴ്സിന്റെ കാലാവധി. അതു കഴിഞ്ഞാൽ നാട്ടിലേക്കു തിരിച്ചു പോകും. അവിടെയുള്ള കുട്ടികൾക്ക് അറിവു പകർന്നു കൊടുക്കും. മടക്കയാത്ര ആലോചിക്കുമ്പോൾ ചെറിയ വിഷമമുണ്ട്. കാരണം ഇതിപ്പോൾ അന്യനാടായി തോന്നുന്നില്ല.’’ പുഞ്ചിരിയുടെ ചെറുതിരി ടാൻഡിന്റെ ചുണ്ടിൽ...
ഇരുട്ടായി. വീണ്ടും മഞ്ഞിന്റെ മുഖപടം. ഇതാ നാടു വീണ്ടും തനി നാട്ടിൻപുറമായി.

How to reach

കോഴിക്കോട്, തലശ്ശേരി,കണ്ണൂർ എന്നിവിടെ നിന്നെല്ലാം ബൈലക്കുപ്പയിലേക്കു പോകാം. വയനാടൻ സൗന്ദര്യം ആസ്വദിക്കണമെന്നുള്ളവർക്ക് താമരശ്ശേരി, കൽപറ്റ, തോൽപ്പെട്ടി, ഗോനികൊപ്പൽ വഴിക്കു പോകാം. തലശ്ശേരിയി ൽ നിന്ന് കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി റൂട്ടിലൂടെയോ  മാനന്തവാടി, തോൽപ്പെട്ടി, കുട്ട, പൊന്നംപേട്ടു വഴിയിലൂടെയോ പോകാം. കണ്ണൂരിൽ നിന്ന് മട്ടന്നൂർ, ഇരിട്ടി, വിരാജ്പേട്ട വഴി ബൈലക്കുപ്പയിലേക്ക് 143 കിലോമീറ്റർ. ബൈലക്കുപ്പയില്‍ നിന്ന് ടിബറ്റൻ ക്ഷേത്രത്തിലേക്ക് ഏകദേശം മൂന്നു കിലോമീറ്റർ. താമസസൗകര്യത്തിന് ഹോട്ടലുകളും ഹോംസ്റ്റേകളുമുണ്ട്. പ്രവേശനകവാടത്തിനു തൊട്ടടുത്ത് പിഡിഎൽ ഗസ്റ്റ് ഹൗസിലും കുറഞ്ഞ ചെലവിൽ താമസിക്കാം. കൂ ടുതല്‍ വിവരങ്ങൾക്ക് www.namdroling.org