വിയറ്റ്നാമിലേക്കൊരു യാത്ര എന്നു കേട്ടപ്പോൾ ആ പെൺകുട്ടിയുടെ മുഖമാണ് ആദ്യം മനസ്സിലെത്തിയത്. ഫാൻ തി കിം ഫുക്, വെന്തുരുകുന്ന ദേഹവുമായി കരഞ്ഞു കൊണ്ടോടിയ ഒൻപതു വയസ്സുകാരി. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരതയുടെ പര്യായമായി ചെറുപ്പത്തിലെന്നോ ഉള്ളിൽ കയറിപ്പറ്റിയ ചിത്രം. കാലമെത്രയോ കഴിഞ്ഞാണ് ‘നാപാം പെൺകുട്ടി’യെക്കുറിച്ചും നിക് ഉട് എന്ന വിഖ്യാത ഫൊട്ടോഗ്രഫറെക്കുറിച്ചുമൊക്കെ കൂടുതൽ അറിയുന്നത്. എന്നാൽ, ഓർമയിലെ ആ വേദന മായ്ച്ചു കളയുന്നതായിരുന്നു വിയറ്റ്നാമിലെ ഒരാഴ്ചക്കാലം.
ഉറങ്ങാതെ ഹോ ചിമിൻ
കൊച്ചിയിൽ നിന്ന് ഇപ്പോൾ വിയറ്റ്നാമിലേക്കു നേരിട്ടു വിമാനമുണ്ട്. രാത്രി 12 മണിയുടെ ഫ്ലൈറ്റിൽ ചില അപ്രതീക്ഷിത രസങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു. സഹയാത്രികനും നടനും അവതാരകനുമായ രാജ് കലേഷിന്റെ പിറന്നാളായിരുന്നു അന്ന്. പൈലറ്റിന്റെ വക കലേഷിനു ജന്മദിനാശംസകൾ. കേക്ക് മുറിക്കൽ.... പുലർച്ചെ ആറേമുക്കാലിനു ഹോ ചി മിൻ സിറ്റിയിലെത്തി. ആദ്യദിവസത്തെ ആദ്യ പരിപാടി ഡബിൾ ഡെക്കർ ബസ്സിൽ സിറ്റി ടൂർ. നോത്രദാം കത്തീഡ്രൽ, സായ്ഗൺ ഓപ്പറ ഹൗസ്, സെൻട്രൽ പോസ്റ്റ് ഓഫിസ്, വാർ മ്യൂസിയം, ഇൻഡിപെൻഡൻസ് പാലസ്, ഹിസ്റ്ററി മ്യൂസിയം തുടങ്ങിയവ കണ്ടു നഗരത്തിലൂടെ പ്രദക്ഷിണം. കമ്യൂണിസ്റ്റ് നേതാവും വിയറ്റ്നാമിന്റെ പ്രസിഡന്റുമായിരുന്ന ഹോ ചി മിന്റെ പേരിലറിയപ്പെടുന്ന നഗരത്തിന്റെ പഴയ പേര് സായ്ഗൺ എന്നായിരുന്നു. വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമായ ഹോചിമിന്റെ പ്രധാന ആകർഷണീയത സായ്ഗൺ നദിയാണ്. നദിയെ ചുറ്റി ആകാശം തൊടുന്ന കെട്ടിടങ്ങൾ...
ഹോചിമിനിലെ വോക്കിങ് സ്ട്രീറ്റിൽ ദിവസം തുടങ്ങുന്നത് രാത്രിയിലാണ്. തെരുവിന്റെ ഇരുവശങ്ങളിലും ഭക്ഷണ– മദ്യശാലകൾ, മസാജ് സെന്ററുകൾ. കാതടപ്പിക്കുന്ന സംഗീതം, മദ്യശാലകൾക്കു മുന്നിൽ അൽപ വസ്ത്രധാരികളായ വിയറ്റ്നാമീസ് സുന്ദരികളുടെ നൃത്തച്ചുവടുകൾ... തായ്‌ലൻഡിലെ വോക്കിങ് സ്ട്രീറ്റിനെ അപേക്ഷിച്ച് ഇവിടെ തിരക്കു കുറവാണ്. അതുകൊണ്ടാകാം ആളുകളെ വലയിലാക്കാനുള്ള അടവുകളെല്ലാം ഇവർ പുറത്തെടുക്കുന്നുമുണ്ട്.
നല്ല അപ്പവും ബീഫുമുൾപ്പെടെ മലയാളി ഭക്ഷണവും ഇന്ത്യൻ രുചികളുമൊക്കെ കിട്ടുന്ന ചില കടകളുണ്ട് സ്ട്രീറ്റിൽ. ‘താജ്മഹലി’ലാണ് ഭക്ഷണം കഴിച്ചത്. ചപ്പാത്തി, പ നീർ, ദാൽ തുടങ്ങിയ വടക്കേയിന്ത്യൻ മെനു. ചുറുചുറുക്കോടെ ഓടിനടന്ന് ഓർഡർ എടുക്കുകയും വിളമ്പുകയും ചെയ്യുന്ന വിയറ്റ്നാമീസ് പയ്യൻ, അലി. കോളജ് വിദ്യാർഥി യായ അവന്റെ അമ്മയാണ് കടയുടമ. 18 വർഷമായി കട തുടങ്ങിയിട്ട്. അമ്മയുടെ ഇന്ത്യൻ സുഹൃത്തുക്കളിൽ നിന്നു പഠിച്ചെടുത്തതാണു രുചിക്കൂട്ടുകൾ. ബെൻ താൻ പോലെയുള്ള ഹോചിമിനിലെ ഷോപ്പിങ് കേന്ദ്രങ്ങളെല്ലാം എട്ടു മണിയാകുമ്പോൾ അടയ്ക്കും. രാത്രികൾ ആഘോഷിക്കാനുള്ളതാണ് എന്നതാണ് വിയറ്റ്നാമീസുകാരുെട നയം. തിരിച്ചു മുറിയിലേക്കു നടക്കുമ്പോഴും വഴിയരികിൽ വിയറ്റ്നാമീസ് സുന്ദരിമാരുടെ ചെറുകൂട്ടങ്ങൾ അതിഥികളെയും കാത്ത് ഉറക്കമൊഴിഞ്ഞുനിൽപ്പുണ്ടായിരുന്നു. കാണാക്കാഴ്ചകളുടെ തെക്കൻ ഭംഗി
ഹോചിമിനിൽ നിന്ന് പിന്നീടുള്ള യാത്ര നിൻ ത്വാൻ, ഫ്യു യെൻ, ദക് ലക്, ദലാത് തുടങ്ങിയ വിയറ്റ്നാമിലെ തെക്കൻ പ്രവിശ്യകളിലേക്കായിരുന്നു. വടക്കൻ വിയറ്റ്നാമാണ് കൂടുതൽ പ്രശസ്തം. എന്നാൽ അധികം അറിയപ്പെടാത്ത ഈ ഇടങ്ങളിലുമുണ്ടു സഞ്ചാരികളെ കാത്തു കുറേ കൗതുകങ്ങൾ. തെളിനീലക്കടലും ചുറ്റും മലകളും പവിഴപ്പാറകളും ഗുഹകളും. നിൻ ത്വാനിലെ വിൻ ഹൈ ബേ അപൂർവ കാഴ്ചാനുഭവം തന്നെയാണ്. കടൽ ഭംഗിയുടെ സൗന്ദര്യം നുകർന്ന് ഒരു ബോട്ട് യാത്ര. ബോട്ടിന്റെ മധ്യഭാഗത്തുള്ള താഴത്തെ ചില്ലിലൂടെ വെള്ളത്തിനടിയിലെ പവിഴപ്പുറ്റുകൾ കാണാം. കടൽക്കരയിൽ സഞ്ചാരികൾക്കായി വില്ലകൾ ഒരുക്കിയിട്ടുണ്ട്. ശാന്തമായ കടലും അന്തരീക്ഷവും. മീൻ പിടിക്കാനും, സ്നോർക്കലിങ് പോലെയുള്ള ജലവിനോദങ്ങൾ ആസ്വദിക്കാനും വിൻ ഹൈ ബേ അവസരമൊരുക്കുന്നു.
നിൻ ത്വാനിലെ ‘ബാവു ട്രക് പോട്ടറി വില്ലേജി’ൽ മൺ പാത്രം ഉണ്ടാക്കുന്ന അമ്മൂമ്മയായിരുന്നു താരം. നിർമാണവിദ്യ കാണിച്ചു തരാനെത്തിയതാണ് അമ്മൂമ്മ. ചം വിഭാഗത്തിൽപെട്ടവരുടെ കുലത്തൊഴിലാണ് മൺപാത്രനിർമാണം. കൈകൾ കൊണ്ടാണ് അവർ മണ്ണിൽ കവിത വിരിയിക്കുന്നത്. ക്വാവോനദിയിൽ നിന്നെടുത്ത മണ്ണും മണലും ചേർത്തു കുഴച്ചാണ് ശിൽപങ്ങളുണ്ടാക്കുന്നത്. ഉയർന്ന പീഠത്തിൽ മണ്ണു കുഴച്ചു വച്ചു പീഠത്തിനു ചുറ്റും കറങ്ങി കൈകൊണ്ട് ആകൃതി വരുത്തുന്നു. ദിവസം 22 കിലോമീറ്ററാണ് അമ്മൂമ്മ ഇങ്ങനെ പീഠത്തിനു ചുറ്റും നടക്കുന്നത്. പല വലുപ്പത്തിലുള്ള മൺ ശിൽപങ്ങളുടെയും കൗതുക വസ്തുക്കളുടെയും വലിയ ശേഖരം ഇവിടെ കാണാം.
ഫ്യു യെന്നിൽ മനസ്സു കീഴടക്കിയത് ദാദിയ റീഫ് ആണ്. കടലിൽ കറുത്ത ബസാൾട്ട് പാറക്കൂട്ടങ്ങൾ തീർക്കുന്ന ഭംഗിയാണ് ദാദിയ റീഫിനെ പ്രശസ്തമാക്കുന്നത്. ദേശീയ സമ്പത്തായി അംഗീകരിച്ചിട്ടുള്ള ദാദിയ റീഫിൽ കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപെങ്ങോ നടന്ന അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായാണത്രേ ബഹുഭുജാകൃതിയിലുള്ള കറുത്ത പാറക്കല്ലുകൾ രൂപപ്പെട്ടത്. പാറക്കൂട്ടങ്ങൾക്കു മേലിരുന്നു ഫോട്ടോയ്ക്കു പോസ് ചെയ്യാൻ സന്ദർശകരുടെ തിരക്കാണ്. ബുദ്ധ ക്ഷേത്രങ്ങൾ, നിങ് ഫോങ് ടവർ, കരകൗശല കേന്ദ്രങ്ങൾ തുടങ്ങി ഫ്യു യെന്നിൽ സഞ്ചാരികൾക്കു മനസ്സു നിറയ്ക്കാനുള്ള വകുപ്പുകൾ പലതുണ്ട്.
ദലാത്തിലേക്കുള്ള യാത്രയിൽ വഴി നീളെ ഉപ്പുപാടങ്ങളും ഉള്ളി പാടങ്ങളും കണ്ടു. വിയറ്റ്നാമിലെ ഡാർജിലിങ് ആണ് ദലാത് എന്നു പറയാം. വിയറ്റ്നാംകാരുടെ പ്രിയപ്പെട്ട ഹണിമൂൺ ഡെസ്റ്റിനേഷൻ! മഞ്ഞും പല നിറപ്പൂക്കളും വെള്ളച്ചാട്ടവും തുടങ്ങി ഹിൽ സ്റ്റേഷന്റേതായ എല്ലാ മനോഹാരിതകളും നിറഞ്ഞയിടം. കാപ്പിക്കൃഷിയാണ് മുഖ്യം. വിയറ്റ്നാം കാപ്പി പ്രശസ്തമാണ്. സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിലുള്ള ദലാത്തിൽ കോഫി ഹൗസുകളും നൈറ്റ് മാർക്കറ്റുകളുമായി രാത്രികാലങ്ങൾ സജീവമാണ്. ഇവിടെയെത്തിയാൽ പൈൻ മരക്കാടുകളുടെ നിഗൂഡ സൗന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള കേബിൾ കാർ യാത്ര നടത്താൻ മറക്കരുത്.
കുന്നിൻ മുകളിലെ ബുദ്ധക്ഷേത്രം
ദലാത്തിൽ നിന്ന് 40 കിമീ അകലെയുള്ള സാംറ്റൺ ഹിൽസിലെ സൂര്യോദയം അവിസ്മരണീയമാണ്. മഞ്ഞു മൂടിയ കുന്നിൻമുകളിലെ വജ്രായന ബുദ്ധക്ഷേത്രം ആരെയും ആത്മീയതയുടെ പരകോടിയിലേക്കുയർത്തും. ടിബറ്റൻ ആർക്കിടെക്ചറിന്റെ ഭംഗി വിളിച്ചോതുന്ന ക്ഷേത്രത്തിൽ അമിതായുസ്സ്, മൈത്രേയ എന്നീ ബുദ്ധ പ്രതിമകൾ പ്രതിഷ്ഠിച്ചിരിക്കുന്നു. 37.22 മീറ്റർ ഉയരവും 16.53 മീറ്റർ വ്യാസവുമുള്ള ഇവിടുത്തെ ‘ടിബറ്റൻ പ്രെയർ വീൽ’ ലോകത്തിലെ ഏറ്റവും വലിയ പ്രെയർ വീൽ ആയി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു യന്ത്രത്തിന്റെയും സഹായമില്ലാതെ ഈ ചക്രം സദാ കറങ്ങിക്കൊണ്ടിരിക്കും. കാരണം, ലളിതം. ഇവിടെയെത്തുന്നവർ പ്രാർഥനയോടെ ഈ ചക്രം ഒരു വട്ടം കറക്കണമെന്നാണ്.
ഈ യാത്രയിൽ ഞങ്ങളെ കുഴപ്പിച്ചത് രണ്ടു കാര്യങ്ങളായിരുന്നു. പണ്ട് യുദ്ധം ചെയ്ത അമേരിക്കയോടുള്ള ദേഷ്യം ഉള്ളിലുള്ളതു കൊണ്ടാണോ എന്നറിയില്ല ഇവിടെയാരും ഇംഗ്ലിഷ് ഉപയോഗിക്കാറില്ല. അറിയാവുന്നവർ വളരെ കുറവ്! കടകളിൽ ചെന്നാൽ വിലയെത്ര എന്നു ചോദിച്ചാൽ പോലും കൈ മലർത്തും. ഗൂഗിൾ ട്രാൻസ്‍ലേറ്റർ ആണ് ശരണം.
ചൂടു ചായയോ കാപ്പിയോ ഇല്ലാതെ ദിവസം തുടങ്ങാൻ ബുദ്ധിമുട്ടുന്നവരും ഒന്നു കരുതിയിരിക്കുക. കാപ്പിയുടെ നാട്ടിൽ കാപ്പി കിട്ടില്ലേ എന്നു ചോദിക്കാൻ വരട്ടെ. കാപ്പിയും കിട്ടും ചായയും കിട്ടും. പല ഫ്ലേവറിലുള്ള ചായ സുലഭമാണ്. പക്ഷേ, െഎസിട്ടാണെന്നു മാത്രം. നല്ല കടുപ്പമുള്ള ഡിക്കോഷനിൽ കണ്ടൻസ്ഡ് മിൽക് (പാൽ ഇല്ലേയില്ല) ചേർക്കുക, െഎസ് ഇടുക. വിയ്റ്റ്നാമീസ് കാപ്പിയായി. കഫേ മോയ എന്ന ഉപ്പിട്ട കാപ്പിയും പുതു പരീക്ഷണമാണ്.
ഒച്ച് മുതൽ കപ്പ വരെ
മാംസഭുക്കുകൾക്കും ഭക്ഷണപരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർക്കും അർമാദിക്കാനുള്ള വകയുണ്ട്. ഞണ്ട്, ചെമ്മീൻ, കണവ, ജെല്ലി ഫിഷ്, കൊഞ്ച്, പോർക്ക്, ചിക്കൻ, ബീഫ് തുടങ്ങി കടൽ വിഭവങ്ങളും ഇറച്ചിയും സുലഭം. ഒച്ച്, പട്ടിയിറച്ചി, പാമ്പ്, ചീവീട് തുടങ്ങി ജീവനുള്ള ഒരുമാതിരി െഎറ്റമെല്ലാം വിയറ്റ്നാംകാർ ശാപ്പിടും. കഴിക്കും മുൻപ് ചോദിച്ചു മനസ്സിലാക്കിയാൽ കൊള്ളാം. നമ്മുടെ ചക്കയും കപ്പയും മധുരക്കിഴങ്ങുമെല്ലാം കിട്ടും. പഴങ്ങൾ ഉണക്കി കഴിക്കാൻ ഇഷ്ടമുള്ള ഇവരുടെ മുഖ്യ വിഭവം സ്റ്റിക്കി റൈസ് ആണ്. പല നിറങ്ങളിൽ റെയിൻബോ സ്റ്റിക്കി റൈസ് വഴിയോരങ്ങളിൽ കാണാം. തേങ്ങാപ്പാലും ഉരുളക്കിഴങ്ങു പൊടിച്ചതും ചേർത്തടിച്ചാൽ അപാര രുചിയാണ്.
വിയറ്റ്നാം വിളിക്കുന്നു
കേരളവും വിയറ്റ്നാമും തമ്മിലുള്ള ടൂറിസം ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ യാത്ര സംഘടിപ്പിച്ചത് ടൂറിസം മേഖലയിൽ പുതിയ സംരംഭകരെ സൃഷ്ടിക്കുന്ന കൊച്ചിയിലെ വെബ് സിആർഎസ് എന്ന കൺസൽറ്റിങ് സ്ഥാപനമാണ്. മാധ്യമ പ്രവർത്തകർ, ഇൻഫ്ലുവൻസർമാർ, ടൂറിസം മേഖലയിലെ സംരംഭകർ എന്നിവരടങ്ങുന്നതായിരുന്നു സം ഘം. ‘‘ഇതുവരെ അറുപത്തഞ്ചോളം സംരംഭകരെ വാർത്തെടുത്തു കഴിഞ്ഞു. ഓൺലൈൻ ബുക്കിങ് ആപ്പുകൾ വഴി പണമുണ്ടാക്കുന്നത് വിദേശ രാജ്യങ്ങളാണ്. വലിയ നെറ്റ്‌വർക് ഉള്ളതിനാൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാൻ ഞങ്ങൾക്കു കഴിയും. ഇവിടെയുള്ള ടൂറിസ്റ്റ് ഏജന്റുകൾ വഴി യാത്രകൾ സംഘടിപ്പിക്കുമ്പോൾ ഇരുകൂട്ടർക്കും ലാഭമാണ്.’’ വെബ്സിആർഎസ് മാനേജിങ് ഡയറക്ടർ നീൽകാന്ത് പരാരത് പറഞ്ഞു. തെക്കൻ വിയറ്റ്നാമിലെ നാലു പ്രവിശ്യകളിലെയും സർക്കാരുമായി വെബ്സിആർഎസ് ധാരണാപത്രം ഒപ്പുവച്ചു.
കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളില്‍ നിന്നു നേരിട്ട് വിയറ്റ്നാമിലേക്കു വിമാനമുണ്ട്. കൊച്ചിയിൽ നിന്ന് ഹോ ചി മിനിലേക്കും മറ്റു സ്ഥലങ്ങളിൽ നിന്ന് ഹോചിമിനിലേക്കും ഹാനൊയിലേക്കുമാണ് ഫ്ലൈറ്റ്. തെക്കൻ വിയറ്റ്നാമിലേക്കു പോകുന്നവർക്ക് ഹോ ചി മിന്‍ ആണ് അനുയോജ്യം. ആറു രാത്രി, ഏഴു ദിവസത്തെ പാക്കേജിന് ഒരാൾക്ക് 45,000 രൂപയാകും. നവംബർ – ഏപ്രിൽ ആണ് തെക്കൻ വിയറ്റ്നാമിലെ വിനോദ സ ഞ്ചാര സീസൺ. ദലാത്തിലെ പുഷ്പോത്സവം (നവംബർ–ഡിസംബർ), ലൂണാർ ന്യൂ ഇയർ (29 ജനുവരി 2025) ഹ്യൂ ഫെസ്റ്റിവൽ (ജൂൺ–ജൂലൈ), മിഡ് ഓട്ടം ഫെസ്റ്റിവൽ (സെപ്റ്റംബർ 17) എന്നിവയാണ് പ്രധാന ആഘോഷങ്ങൾ. ഡോങ് ആണ് കറൻസി.1000 ഡോങ് നമ്മുടെ മൂന്ന്– മൂന്നര രൂപയേ വരൂ.
ഇവിടേക്കു വണ്ടി കയറുമ്പോൾ ആ പഴയ നാപാം പെൺകുട്ടിയെ കാണാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. നടക്കാൻ സാധ്യതയില്ലാത്ത ഒരു മോഹമെന്നറിഞ്ഞു കൊണ്ടു തന്നെ. അന്നത്തെ ഒൻപതു വയസ്സുകാരി ഇന്ന് അറുപത്തിമൂന്നുകാരിയാണ്; യുദ്ധക്കെടുതിയിൽ വലയുന്ന കുട്ടികൾക്കായി രൂപീകരിച്ച ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി കാനഡയിൽ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നു. സംഘത്തിലെ ഏക വനിത സംരംഭകയായ നീന മേനോന്റെ ജന്മദിനത്തിലായിരുന്നു തിരിച്ചുള്ള യാത്ര. യാദൃശ്ചികമായി വീണുകിട്ടിയ രണ്ടു പിറന്നാൾ മധുരങ്ങൾക്കിടയിൽ മധുരതരമായ ഓർമകളുമായി മടക്കം.