Saturday 15 December 2018 02:35 PM IST : By വിജീഷ് ഗോപിനാഥ്

ചെന്നൈ മറീന ബീച്ചിലെ ജീവിതങ്ങളിലൂടെ ഒരു വൈകുന്നേര യാത്ര!

marina6
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഈ സങ്കടത്തിരകളിൽ ഇരമ്പുന്നത് ജയലളിതയുടെ ഓർമകൾ. ചെന്നൈ മറീന ബീച്ചിലെ ജീവിതങ്ങളിലൂടെ ഒരു വൈകുന്നേര യാത്ര...

തിരയെ തോൽപ്പിച്ച് തീരത്തേക്ക് ഒാടുന്ന അഞ്ചു വയസ്സുകാരനോട് അച്ഛൻ പറഞ്ഞു– ‘‘കടലമ്മയ്ക്ക് ശരിക്കും ജീവനുണ്ട്. കാണണോ?’’ ‘‘കള്ളം... കള്ളം’’ കുട്ടി കൈകൊട്ടി ചിരിച്ചു.
‘‘എങ്കിൽ തിര തൊട്ടു  പോകുന്ന തീരത്ത് എഴുത്, ‘കടലമ്മ കള്ളി’. ഇതു വായിച്ചാൽ കടലമ്മയ്ക്ക് ദേഷ്യം വരും’’  കുഞ്ഞുവിരൽ കൊണ്ട് മണലില്‍ എഴുതി തീർന്നതും അടിമുടി മുക്കി തിരയടിച്ചതും ഒരുമിച്ചായിരുന്നു. തീരത്ത് എഴുതിയതു വായിച്ച് കടലമ്മയ്ക്ക്  കലി കയറിയോ? കഥയുടെ, ഒാർമയുടെ ഉപ്പുരസം...

ആലോചിച്ചു നോക്കിയാൽ ഇടക്കാലത്തെവിടെയൊ വച്ച് കൈവിട്ടു പോയ ഒരു ചങ്ങാതിയുടെ ലുക്കുണ്ട് കടലിന്. പ്രേമിക്കുമ്പോൾ കൂട്ടു നിന്ന, പ്രേമം പൊളി‍ഞ്ഞ് ഒറ്റയ്ക്കിരിക്കുമ്പോൾ ‘അത് പോട്ടെ സഹോ...’ എന്നു പറഞ്ഞ് സമാധാനിപ്പിച്ച, എഴുതിയ സപ്ലികളിൽ, ജയിച്ച ആഘോഷരാവുകളിൽ ‘നെരിപ്പ് ‍ഡാ...’ എന്നു തുള്ളിക്കളിച്ച മനസ്സിന്റെ മറുപാതിയായ ചങ്ങാതി. അതുകൊണ്ടാകും കടലിനരികിൽ ഒറ്റയ്ക്കിരുന്നാൽ മനസ്സിൽ എന്തൊളിപ്പിച്ചാലും അതിങ്ങനെ തിരയടിച്ചോണ്ടേ ഇരിക്കുന്നത്. അത് കോഴിക്കോടായാലും കോവളമായാലും മറീനാ ബീച്ചായാലും ഒാർമത്തി‌ര തല്ലിത്തുടങ്ങും. മനസ്സിൽ വരുന്നതൊക്കെ കടൽ കാതോർത്ത് കേൾക്കും. 

ഇങ്ങനെയൊക്കെ ആലോചിച്ചാണ് മറീനാ ബീച്ചിലേക്ക് വണ്ടി കയറിയത്. എന്നാൽ ആദ്യമിറങ്ങേണ്ടത് കടൽതീരത്തേക്കല്ല. ‘അമ്മ’ ഉറങ്ങുന്ന ഇടം കാണാനാണ്. അണ്ണാ സ്മാരകത്തിനടുത്ത് കടൽത്താരാട്ടു കേട്ട് ജയലളിതയുടെ സ്മൃതി മണ്ഡപം. കൈക്കുടന്നയിൽ ഒാർമപ്പൂക്കളുമായി പോകുന്ന ‘ആരാധകർ.’ പ്രൗഢമായി പുഞ്ചിരിക്കുന്ന ജയലളിതയുടെ ചിത്രം നോക്കി കണ്ണീരൊപ്പുന്ന സ്ത്രീകൾക്കിടയിൽ വച്ചാണ് സേലത്തു നിന്നു വന്ന ആ കൂട്ടത്തെ കണ്ടത്. നെയ്ത്തു തൊഴിലാളികളും കർഷകരുമായിരുന്നു അവർ. ദിവസക്കൂലിയിൽ നിന്നു കൂട്ടി വച്ച പണം കൊണ്ട്, അമ്മ നിത്യനിദ്രയിലാണ്ട മണ്ണു കാണാൻ വന്നവര്‍. ‘‘അമ്മ തന്നതൊക്കെ മറക്കാനാകുമോ? മക്കൾക്ക് പഠിക്കാനുള്ളതെല്ലാം അമ്മയാണ് തന്നിരുന്നത്. ലാപ്ടോപ്  മുതൽ സൈക്കിൾ വരെ. ഇതു പോലൊരാൾ ഇനിയില്ല...’’  സ്മ‍ൃതി മണ്ഡപത്തിനു വലം വയ്ക്കുമ്പോൾ കണ്ണീരോടെ പൂങ്കനി പറഞ്ഞു. പുറത്തേക്കിറങ്ങുന്ന ഗെയ്റ്റില്‍ ‘അമ്മ പ്രസാദം’ ലഭിക്കും. പൊങ്കലും ഒരു കുപ്പി മിനറൽ വാട്ടറും. ഉയിര് അലിഞ്ഞ കാറ്റിനു താഴെയിരുന്ന് ‘മക്കൾ’ അന്നം കഴിച്ചു.  ഇനി കടലുകാണാനിറങ്ങാം. വൈകുന്നേരം, കടൽത്തീരത്തേക്ക് ഇറങ്ങി വരുന്നേയുള്ളു. മെലിഞ്ഞ് നീണ്ട് നക്ഷത്രക്കണ്ണുള്ള പെൺകുട്ടിയുടെ പേരു പോലെയുണ്ട്, മറീന. എന്താണ് ആ വാക്കിന്റെ അർഥം.?

marina8

മറീന എന്ന പ്രണയതീരം

ആറര കിലോമീറ്റർ നീളത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന കടൽതീരത്തിനു ചേരുന്ന പേര്. പേരു പോലെ ലളിതമാണ് അർഥവും–ചെറിയ തുറമുഖം. ചെറു ബോട്ടുകളും മറ്റും തീരത്തോടു വന്നു ചേരുന്ന ഇടം. ഇതൊക്കയാണ് മറീനയുടെ അർഥമെങ്കിലും പേരിടുമ്പോള‍്‍ ഈ തീരം വളർന്നു വളർന്ന് ചെന്നൈ നഗരത്തിന്റെ തുടിപ്പായി മാറുമെന്ന് ആരും ഒാർത്തിരിക്കില്ല. അതിന്റെ തീരത്ത്  ‘അനുരാഗ കരിക്കിൻ വെള്ളം കുടിക്കാൻ’ ആയിരങ്ങൾ എത്തുമെന്നും...

ബീച്ചിലേക്ക് കാലെടുത്തു വച്ചപ്പോഴേ ഒരു കാര്യം മനസ്സിലായി. പ്രണയം ബ്രേക്ക് അപ്  ആയി ബെല്ലും ബ്രേക്കും  പോയ മനസ്സുമായിട്ടാണ് പോകുന്നതെങ്കിൽ എരിവുള്ള മീൻകറി  കൂട്ടി ചോറുണ്ടതിനു പിന്നാലെ ചൂടുവെള്ളം കുടിക്കുന്ന അതേ അവസ്ഥയാകും. ആകെ ഒരു എരിപൊരി സഞ്ചാരം. ചുറ്റും പ്രണയങ്ങൾ ‘പൂമരം കൊണ്ട് കപ്പലുണ്ടാക്കി’ നങ്കൂരമിട്ട് കിടപ്പാണ്. വിരൽകോർത്ത്, തോളിലേക്കു ചാരി, ചേർന്നിരുന്ന്... സ്വപ്നങ്ങൾ കാണുന്ന ഒരുപാടുപേർ. ഇവര്‍ കണ്ടു കണ്ടാകും ഈ കടലും തീരവും ഇത്രവലുതായതെന്നോർന്നപ്പോഴാണ് ചെമ്പൻ കുതിര മുന്നിൽ വന്ന് ബ്രേക്കിട്ടത്.

കുമാർ എന്നാണ് കുതിരക്കാരന്‍റെ പേര്. കുതിരയുടെത് അതിനേക്കാൾ കിടിലന്‍ പേരാണ്, കബാലി. കടുത്ത രജനി ഫാനായ കുമാർ ‘പടം പാത്ത’ ശേഷം കുതിരയുടെ പേരു തന്നെ മാറ്റിക്കളഞ്ഞു. കുതിരപ്പുറത്തു തീരത്തു കറങ്ങാൻ ഒരാൾക്ക് നൂറുരൂപ. കുട്ടികളാണെങ്കിൽ അമ്പതു രൂപ. കുമാർ മറീന ബീച്ചിലെത്തിയ കഥപറഞ്ഞു.

marina10

‘‘ പഠിക്കുന്ന കാലത്ത് പുസ്തകത്തിലൊക്കെ കുതിരയുടെ പടം കണ്ടപ്പോൾ മുതൽ തുടങ്ങിയ മോഹമാണ്. മറീന ബീച്ചി ൽ വരുമ്പോൾ കുതിരക്കാരെ കാണാറുണ്ട്. അതോടെ ഒരെണ്ണത്തിനെ വാങ്ങണമെന്നു സ്വപ്നം കണ്ടു തുടങ്ങി. പെയ്ന്റിങ് ജോലിക്കു പോയി കിട്ടിയ പൈസയിൽ നിന്നു മിച്ചം പിടിച്ചാണ്  ഒരു വർഷം മുമ്പ് കുതിരയെ വാങ്ങിയത്. ശനിയും ഞായറും നല്ല തിരക്കായിരിക്കും.’’

മറീനയുടെ തീരത്തിരുന്നാൽ കടലിൽ സൂര്യൻ അസ്തമിക്കുന്നത് കാണാനാകില്ല. ഉദിച്ചുയരുന്നതു കാണാം, തീരത്തെ മണൽത്തരിയിലേക്ക് വൈകുന്നേരം ചാഞ്ഞിറങ്ങി. ചുവപ്പ് നിറഞ്ഞ ചായത്തരികൾ മണ്ണിൽ പടർന്നതു പോലെ. ആറര കിലോമീറ്റർ നീണ്ടു  നിവർന്നു കിടക്കുന്ന ആഘോഷതീരം. മുന്നിൽ രണ്ട് ഒാപ്ഷനാണുള്ളത്. ഒന്ന്, കടൽ തീരത്തേക്ക് ഇറങ്ങിയിരുന്ന് കടൽ കാണാം. രണ്ട്, നടന്ന് നടന്ന് കടല‍്‍ തീരത്തെ ജീവിതങ്ങൾ കാണാം. ഏതു വേണം? ഒാപ്ഷൻ രണ്ട് അമർത്തി.

മുഖം മാറുന്ന മറീന

ദേ, തലയുയർത്തി നിൽക്കുന്നു മറീനാ ബീച്ചിന്റെ ‘ഈഫല്‍ ടവർ.’ തമിഴ്‍ സിനിമകളിൽ പാട്ടിനൊപ്പം  കണ്ടിട്ടുണ്ട് ചുവപ്പും വെള്ളയും ചായം പൂശിയ, ആകാശം താങ്ങിനിൽക്കുന്നതു പോലുള്ള  ലൈറ്റ് ‍ഹ‍ൗസ്.  45.72 മീറ്റർ തലപ്പൊക്കത്തിൽ നിൽക്കുന്ന ലൈറ്റ്ഹൗസിനെ സെൽഫിയിലൊതുക്കാൻ നോക്കുന്ന ഒരുകൂട്ടം ‘ബ്രോ’കളെ മറികടന്ന്  നടന്നു. മുകളിൽ  നിൽക്കുന്നവർ കൈ വീശി കാണിക്കുന്നു. 

marina4

ലൈറ്റ് ഹൗസിന്റെ പടികള‍്‍ കയറി കിതച്ചു നിന്നു താഴേക്കു നോക്കുമ്പോൾ ബീച്ച് വളരെ െചറുതായ പോലെ... കടൽ ഉടുത്ത സാരിയുടെ ഞൊറികൾ പോലെ തിരകൾ ഇളകുന്നു. ജനക്കൂട്ടം ഉറുമ്പുകളെ പോലെ... ഉയരംകൂടും തോറും കടലിന്റെ സൗന്ദര്യം ചോർന്നു പോയതു പോലെ... പടികൾ കയറുന്നതാണോ ഇറങ്ങുന്നതാണോ ഏറ്റവും പ്രയാസമെന്നോർത്ത് ഇറങ്ങി തുടങ്ങി.

സന്ധ്യയെത്തിയതോടെ  റിലീസ് ദിവസം  ഫസ്റ്റ് ഷോ വിട്ടതു പോലെയായി.  തീരത്തെങ്ങും നല്ല തിരക്ക്. ആളുകൾ വെറുതേ ധൃതി കൂട്ടുന്നു. മറീനയുടെ മുഖം പെട്ടെന്നാണു മാറിയത്. മിന്നുന്ന ലൈറ്റുകളിട്ട് അണിഞ്ഞൊരുങ്ങി നിൽക്കുന്നു. കടലിരമ്പമില്ലെങ്കിൽ തീരം ഉത്സവപ്പറമ്പാണ്. ആനയും മേളവുമൊന്നും ഇല്ലെന്നേ ഉള്ളു. ബാക്കിയുള്ളതെല്ലാം ഇവിടെയുണ്ട്. കൈനോട്ടക്കാരും കടല വിൽപനക്കാരും കളിപ്പാട്ടകച്ചവടക്കാരും ...  ആകെയൊരു ജഗപൊഗ.

എത്ര മസിലു പിടിച്ചു നിന്നാലും കടൽ മനസ്സിനെ പിടിച്ച് വള്ളിനിക്കർ ഇ‍ടീക്കും. അതോടെ നമ്മളെല്ലാം കുട്ടികളായി മാറും. കണ്ടില്ലേ അറ്റം കൂർപ്പിച്ച് ചെത്തിമിനുക്കി എണ്ണയിട്ട് പോളിഷ് ചെയ്ത് ‘റ’ തല തിരിച്ചിട്ടതു പോലെ കൊമ്പൻമീശയുള്ള ഒരു അപ്പൂപ്പൻ. അതാ  ബലൂൺ ഷൂട്ടിനായി തോക്കെടുത്തു കഴിഞ്ഞു. രണ്ടു മുളങ്കാൽ കുഴിച്ചിട്ട് വലിച്ചു കെട്ടിയ തുണിയില്‍ ബലൂണുകൾ കുത്തി നിർത്തിയിരിക്കുന്നു. അത് വെടിവച്ചു പൊട്ടിക്കണം. ചെറിയ ബോളുകൾ നിറച്ച തോക്ക്. കാണുമ്പോൾ സിംപിൾ. എന്തു നടക്കുമെന്നു നോക്കാം.

കക്ഷി തോക്കെടുത്ത് തോളിൽ വച്ചു. കാൽ സ്റ്റൈലായി പിന്നോട്ടു വച്ചു. മീശയൊന്നു തടവി ഒരു കണ്ണടച്ച് ഉന്നം നോക്കി ശ്വാസം പിടിച്ച് ‘ഠ്ഠ്ഠേ...’ ഒന്നും സംഭവിച്ചില്ല.  ആ ഉണ്ട എങ്ങോട്ടു പോയെന്ന് ആലോചിച്ചു നിൽക്കുമ്പോൾ ഉടമസ്ഥനും ‘കോച്ചും’ കൂടിയായ ഉദയൻ, മഹാഭാരതത്തിൽ ദ്രോണർ അർജുനനോടു ചോദിച്ചതു പോലെ തന്നെ ചോദിച്ചു,  ഏറ്റവും മുകളിലെ നിരയിലെ അറ്റത്തുള്ള ബലൂണ്‍ കണ്ടോ? കൈയനക്കാതെ ലക്ഷ്യത്തിലേക്കു നോക്കി..... അപ്പൂപ്പനതൊന്നും കേട്ടില്ല.  ചറ പറാ വെടി പൊട്ടി. അവസാനം ഒരു ബലൂൺ പൊട്ടിയ സന്തോഷത്തിൽ അതിനേക്കാളുച്ചത്തിൽ പൊട്ടിച്ചിരിച്ച് പൈസയും കൊടുത്ത് ആൾ നടന്നു നീങ്ങി.

marina7

ഇപ്പോള്‍ പൊട്ടിച്ചിരിച്ചത് ഉദയനാണ്. ഇരുപതു വർഷത്തിലേറെയായി ഇതു പോലെ എത്രമുഖങ്ങൾ ഉദയൻ കണ്ടിട്ടുണ്ടാകും? ‘‘ ആ പോയ സാർ വന്നു കേറണേ എന്നാണ് ഇവിടുത്തെ ഒാരോ ബലൂൺ‌ കച്ചവടക്കാരും വിചാരിക്കുന്നത്. മിക്ക ദിവസം വരും. ഒരു ബലൂൺ പൊട്ടും വരെ ഷൂട്ട് ചെയ്യും. ഇങ്ങനെയുള്ള ആൾക്കാരാണ് ‍ഞങ്ങൾക്ക്  അരി വാങ്ങാനുള്ള പൈസ തരുന്നത്. കുട്ടികളൊന്നും ഇപ്പോൾ വരാറില്ല.  അവർക്ക് നല്ല മൊബൈലിലെ ഗെയിമുകള്‍ അല്ലേ പ്രിയം.

എന്നെപ്പോലുള്ള നൂറുകണക്കിനാൾക്കാർ ഈ കടൽ തീരത്ത് ഇതു പോലുള്ള ചെറിയ കച്ചവടവുമായി ജീവിക്കുന്നുണ്ട്. കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ചിലർക്കൊന്നും വീടില്ല. ഇവിടെ തന്നെ കിടന്നുറങ്ങും. അപ്പുറത്ത് ചോളം വിൽക്കുന്ന ലക്ഷ്മി, അവരുടെ മകൻ ബിസിഎയ്ക്കാണ് പഠിക്കുന്നത്. മൂത്തമകളുടെ വിവാഹം കഴിഞ്ഞു. അതൊക്കെ ഈ ചോളം വിറ്റുണ്ടാക്കിയ പണം കൊണ്ടു നടത്തിയതാണ്. രാവിലെ മറ്റു ജോലിക്കു പോയി വൈകീട്ട് കച്ചവടത്തിനായി വരുന്നവരുണ്ട്. കച്ചവടം നടത്തി പഠിക്കാനുള്ള പണം കണ്ടെത്തുന്നവരുമുണ്ട്.’’ അടുത്ത ‘കുട്ടികൾക്ക്’ തോക്കു  കൊടുക്കാൻ ഉദയൻ  എഴുന്നേറ്റു.

ഹോട്ടൽ കടല്‍ തീരം...

കിലോമീറ്റേഴ്സ് നീണ്ടു കിടക്കുന്ന ഈ കടല്‍ തീരം വലിയൊരു തട്ടുകടയാണ്. എന്നാൽ പൊറൊട്ടയും ചിക്കനുമെടുക്ക് എ ന്നു പറയരുത്. അരിമുറുക്ക്, ഉണക്ക കപ്പ വറുത്തത് തുടങ്ങി വെറൈറ്റീസ് ഒരു ലോഡുണ്ട്. ‘സ്റ്റാർട്ടർ’ ആയി ചോളത്തിൽ നിന്നു തുടങ്ങാം. ഉന്തുവണ്ടി. ഇളംപച്ചനിറമുള്ള ഇലകൾ പറിച്ചു കളയാതെ നിരത്തിവച്ച ചോളം ഒരു വശത്ത്. അപ്പുറത്ത് നീളത്തിൽ  അ രിഞ്ഞുവച്ച പച്ചമാങ്ങ. ഉപ്പും മുളകും കൂടി മിക്സ് ചെയ്തത് പാത്രത്തിൽ. അതിനുമപ്പുറം ദൈവങ്ങളുടെ ഫോട്ടോയ്ക്ക് മുന്നിൽ ഐശ്വര്യത്തിനായി  ഒരു ഗ്ലാസിൽ വെള്ളം നിറച്ച് നാരങ്ങാ ഇട്ടുവച്ചിരിക്കുന്നു. അതിനടുത്ത് പുകയുന്ന ചന്ദനത്തിരി. ഇത്രയുമാണ് ലക്ഷ്മിയുടെ ചോളംസ്റ്റാൾ .

marina3

പക്ഷേ, ക്യാമറ കണ്ടപ്പോൾ ലക്ഷ്മി ഒരു നിമിഷമൊന്നു പറ‍ഞ്ഞു. എന്നിട്ട് ചോളം ചുട്ടെടുക്കുന്ന നെരിപ്പോടിലേക്ക് കൽക്കരി കഷ്ണങ്ങൾ ഇട്ടു. നെരിപ്പോടിന്റെ ഷാഫ്റ്റ് പിടിച്ചൊന്നു കറക്കി.  അതോടെ തീപ്പൊരിയുടെ മിന്നാമിനുങ്ങുകൾ  പറക്കാന്‍ തുടങ്ങി . ഹാപ്പി സീൻ.  കണ്ടു നിന്നവരെല്ലാവരും ക്യാമറയെടുത്തു ചാടി വീണു. പക്ഷേ, സെൽഫിയെടുക്കാൻ നെരിപ്പോടിനുള്ളിലേക്കു ചാടിയ മച്ചാനെ കൊടും തമിഴിൽ ചീത്ത വിളിച്ചതോടെ സീൻ അലമ്പായി. കിട്ടിയ ചോളം തിന്നുകൊണ്ട് അടുത്ത കേന്ദ്രത്തിലേക്ക് നടന്നു.
കായ–മുട്ട– മുളക് ബജിക്കടകൾ, പുഴുങ്ങിയ കടല, ഗ്രീൻപീസ്, പലതരം അരിനുറുക്കുകൾ, പാനിപൂരി, പപ്പായയും തണ്ണിമത്തനും പേരയ്ക്കയും അരിഞ്ഞു ഗ്ലാസില്‍ നിറച്ചത്, കരിമ്പിന‍്‍ജ്യൂസ്... ഉപ്പിലിട്ടു വേവിച്ച നിലക്കടല വിൽപനക്കാരാണ് പ്രധാന താരങ്ങൾ, പച്ചപ്പട്ടാണി പുഴുങ്ങി അതിൽ ഉപ്പിലിട്ട മാങ്ങ കലർത്തിയ സംഭവം വെറൈറ്റിയാണ്.
കണ്ടു കണ്ട് വന്ന് മസാല പുരട്ടിയ മീനിന്റെ അരികിലെത്തി,   മത്തി മുതൽ വറ്റ വരെ മസാലയിൽ കുളിച്ച് ഇരിക്കുന്നു. ‘മ്മ്ടെ മുത്താണെന്നു’ പറഞ്ഞ് മലയാളി കോരിത്തരിക്കുന്ന കരിമീനും കൊഞ്ചും വരെ ഉണ്ട്. കൊഞ്ചിന്റെ വില കേട്ട് തലകറങ്ങിയോ എന്നൊരു സംശയം...

marina5

കട‌കളുടെ വെളിച്ചം കഴിഞ്ഞു. തീരത്ത്  ഇരുട്ടിന്റെ  പുതപ്പു വീണു. കരയിൽ കയറ്റിവച്ച തോണികളുടെ മറവിൽ നിഴലുകൾ കെട്ടിമറിയുന്നുണ്ട്. പ്രണയച്ചുരത്തിന്റെ കൊടുമുടിയിൽ നിന്ന് കൺട്രോൾ നഷ്ടപ്പെട്ട യാത്രയിലാണ് പലരും. കാഴ്ചകളിൽ കടൽ കണ്ണുപൊത്തിച്ചിരിച്ചു. അതിനിടയിലേക്കാണ് പൊലീസ് പട്രോളിങ് ബൈക്ക് വന്നത്. മരുഭൂമിയിൽ റൈഡിനുപയോഗിക്കുന്ന തരം വീതിയേറിയ ചക്രങ്ങളുള്ള ബൈക്ക്. പൊലീസിനെ കണ്ടാൽ, പണ്ട് ഹെഡ്മാഷ് ക്ലാസിലേക്കു വന്നാൽ ചാടിയെണീക്കുന്ന പോലെ അവരെല്ലാം എഴുന്നേൽക്കുമെന്നു കരുതണ്ട.  ചെന്നൈയിലെ പൊലീസ് അവർക്കിടയിലേക്ക് സദാചാരത്തിന്റെ  ബുൾഡൊസർ ഒാടിച്ചു കയറ്റിയില്ല.  ഈ ലോകത്ത് നമ്മള്‍ ഇരുവരും മാത്രം എന്ന ചിന്തയോടെ ഒരുമ്മയിൽ അവർ ഒരുമിച്ചിരുന്നു.

നമ്മുടെ നാട്ടിൽ കാണാത്ത ബീച്ച് പെട്രോളിങ്ങാണ് മറീനയിൽ കണ്ടത്. സുരക്ഷയൊരുക്കാന്‍ കുതിരപ്പോലീസുമുണ്ട്. അന്തം വിട്ട് കടലിലേക്ക് ഒഴുകുന്നവന് കടിഞ്ഞാണിട്ടുകൊണ്ട് ഇടയ്ക്കിടെ വിസിൽ മുഴങ്ങും. തീരത്തു കൂടി കുതിരപ്പുറത്തു പൊലീസ് പാഞ്ഞുവരും. ഒന്നു പേടിപ്പിച്ച് കുതിരപ്പൊലീസ് പോയപ്പോഴേക്കും പിന്നെയും ആളുകൾ കടലിലിറങ്ങി.
പെട്ടെന്നാണ്  സ്വപ്നം പോലെ  വെളുത്ത കുതിരയും ആ പെൺകുട്ടിയും മുന്നിൽ വന്നു നിന്നത്. നേർത്ത തൂവെള്ള ലിനൻ ഷോർട് ടോപ്. നീല ജീൻസ്. കടൽകാറ്റിൽ പറക്കുന്ന  മുടിയിഴകൾ. മൊബൈൽ വെളിച്ചത്തിൽ അവളുടെ തുടുത്ത മുഖവും തിളങ്ങുന്ന കണ്ണുകളും  കാണാം. ഒറ്റയ്ക്കായിരുന്നെങ്കിൽ ‘പ്രേതം’ എന്നലറികൊണ്ട് ഒാടാന്‍ പാകത്തിലുള്ള  എല്ലാ ചേരുവയും ഉണ്ട്. പാട്ടിന്റെ കുറവുണ്ടെന്നു മാത്രം,. 

marina1

പെൺകുട്ടിയുടെ ഉദ്ദേശ്യം കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. കുതിരക്കാരനു കൂടുതൽ പൈസകൊടുത്ത് അവൾ കുതിരയെ തിരയിലേക്കിറക്കി. കുതിര + തിര = സെൽഫി... അതാണ് നടക്കാന്‍ പോകുന്നത്. മൊബൈൽ ക്യാമറ മിന്നുന്നു. സെൽഫിയ്ക്കു വേണ്ടി കുതിരപ്പുറത്തേക്ക് അവൾ ചാഞ്ഞു. കടൽക്കാറ്റിന്റെ വിരലുകൾ അവളുടെ കഴുത്തിലും മുടിയിലും കുസൃതി കാണിച്ചു കൊണ്ടിരുന്നു. കുതിരപ്പുറത്തു നിന്ന് അവള‍്‍ കടലിലേക്കിറങ്ങി. വെളുത്തു കൊലുന്നനെയുള്ള കാലിൽ തിര വെള്ളിക്കൊലുസു പോലെ പറ്റിക്കിടന്നു.
ഇതെല്ലാം കണ്ട് അടുത്തുനിന്ന ചെറുപ്പക്കാരുെട കണ്ണുകൾ കുറച്ചു നേരത്തേക്ക് അടഞ്ഞതു പോലുമില്ല.

രജനീകാന്ത്, വിജയ്, സൂര്യ, അസിൻ. നയൻതാര....

തീരം തീരുമ്പോഴാണ് അവരെ കണ്ടത്. തമിഴ് സിനിമാലോകത്തെ പൊൻതാരങ്ങളെല്ലാം നിരന്നു നിൽക്കുന്നു. താരനിശയൊന്നുമല്ല. വെറും കട്ട്ഒൗട്ട്. പല സ്റ്റൈലിൽ. മറിഞ്ഞു വീഴാതിരിക്കാൻ സ്റ്റാന്റിലാക്കി നിർത്തിയിട്ടുണ്ട്. ഫൊട്ടോഗ്രഫർ റെ‍‍ഡിയാണ്. ആരുടെ തോളിൽ കൈയിട്ടു വേണമെങ്കിലും നിൽക്കാം. നയൻതാരയ്ക്ക് ഒരുമ്മവരെ കൊടുക്കാം. ബീച്ചിൽ കറങ്ങി വരുമ്പോഴേക്കും പ്രിന്റ് റെഡി.

‘‘ ഇവിടെ  ഇതിപ്പോഴും  വലിയ  ഹരമാണ്, കുട്ടികൾക്ക് സ്റ്റൂൾ ഇട്ടു കൊടുക്കും, വിജയ്ടെ തോളിൽ പിടിക്കാൻ!!! പക്ഷേ, അണ്ണനാണ് എവര്‍ ഗ്രീൻ ഹീറോ’’ ഫൊട്ടോഗ്രഫർ മുരുകൻ ചിരിച്ചു. ഇനി തീരമില്ല. പടികൾ കയറി പച്ചവെളിച്ചത്തിൽ കുളിച്ച അണ്ണ സ്മ‍ൃതിമണ്ഡപത്തിലേക്കും പാർക്കിലേക്കും പോകാം. തീരത്ത് തിരക്കൊഴിഞ്ഞു തുടങ്ങി. പെട്രോമാക്സ് വെളിച്ചത്തിൽ കൈനോക്കാനിരിക്കുന്നവർ മുന്നിൽ നിരത്തിവച്ച കാർ‌ഡുകൾ എടുത്തു വയ്ക്കാൻ തുടങ്ങി. ഭാവി കേൾക്കാൻ ഇനി നാളെയെ ആളുള്ളൂ... കാൽപാടുകൾ പതിഞ്ഞ മണൽപരപ്പിൽ മലർന്നു കിടന്നു.  നേർത്ത നിലാവില്‍ കാണാം, മേഘങ്ങൾ മടങ്ങിപ്പോവുന്നത്. പക്ഷേ, കടൽ വിടുന്നില്ല...

marina9

ചരിത്രം തുടിക്കുന്ന മറീന

വെറും കടൽ മാത്രമല്ല മറീന. തീരത്തിനോടു സമാന്തരമായി കിടക്കുന്ന  റോഡിനരികിൽ  ചരിത്രമുറങ്ങുന്ന നിരവധികാഴ്ചകള്‍ ഉണർന്നിരിക്കുന്നുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയുടെ പ്രൗഢഗംഭീരമായ കെട്ടിടം  കടലിനോട് മുഖം നോക്കി നിൽക്കുന്നു. ഹോസ്റ്റൽ മുറിയുടെ ജനാലകൾ തുറന്നാൽ കാണാം പരന്നു കിടക്കുന്ന മറീനയെ. പ്രശസ്തമായ പ്രസിഡ‍ൻസി കോളജും ക്യൂൻമേരി കോളജും കടൽകാറ്റേറ്റ് തലയുയർത്തി നിൽക്കുന്നു. സമീപത്തു തന്നെ പാർഥസാരഥി ക്ഷേത്രവുമുണ്ട്.

ബീച്ചിനോടു ചേർന്നാണ് അണ്ണസ്മൃതി മണ്ഡപം. തെന്നിന്ത്യൻ സിനിമയുടെ, തമിഴ് ജനതയുടെ തുടിക്കുന്ന ഒാർമയായ എംജിആറിനോടുള്ള ആദരവു പ്രകടിപ്പിക്കാനാണ് അദ്ദേഹത്തിന്റെ സ്മൃതി കുടീരം മറീനയോടു ചേർത്തു നിർമിച്ചത്. ശിൽപഭംഗി കൊണ്ടും ദീപാലങ്കാരങ്ങൾ കൊണ്ടും പ്രൗഢമാണ് സ്മൃതി കുടീരവും പാർക്കും. തൊട്ടപ്പുറം ലേബർ സ്റ്റാച്യു. ചരിത്രത്താളിലെ മായാത്ത പതിനൊന്നിലധികം പ്രമുഖ വ്യക്തികളുടെ പ്രതിമകളും ബീച്ച് റോ‍‍ഡരികിലുണ്ട്, പോയകാലത്തെ ആദരിക്കുന്ന ഭരണാധികാരികൾ വരുംതലമുറയ്ക്കു നൽകിയ സമ്മാനം.  

ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, വിവേകാനന്ദൻ, നടികർ തിലകം എംജിആർ, ശിവാജി ഗണേശൻ, തമിഴ്സാഹിത്യത്തിന് അതുല്യ സംഭാവനകൾ നൽകിയ കമ്പർ,  തിരുവള്ളുവർ, ഭാരതി ദാസൻ, സ്വാതന്ത്ര്യ സമരത്തിലെ തീപ്പന്തമായ സുബ്രഹ്മണ്യ ഭാരതി, ചിലപ്പതികാരത്തിലെ കണ്ണകി...  ഒാർമ കൊത്തിയ രൂപങ്ങൾ നീണ്ടു പോകുന്നു.

marina2