യുദ്ധം വിതച്ച കൊടിയ ഭയത്തിന്റെ ഇരുളുകൾ പേറിയാണ് ലേയിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്രതുടങ്ങിയത്. ഒറ്റദിവസംകൊണ്ട് യാത്ര പൂർത്തീകരിക്കുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ളതായതിനാൽ ഒരുദിനം കാർഗിലിൽ സ്റ്റേ ചെയ്യേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 1999 ലാണ് കാർഗിൽ യുദ്ധമുണ്ടാകുന്നത്. നിലയ്ക്കാത്ത വെടിശബ്ദവും ബോംബ് വർഷവും, ഇടയ്ക്കിടയ്ക്ക്
രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്കെത്തുന്ന ധീരരായ പട്ടാളക്കാരുടെ നിശ്ചലശരീരങ്ങളുമാണ് ഇപ്പോഴും ഓർമ്മ. ജീവത്യാഗങ്ങൾക്കും പോരാട്ടങ്ങൾക്കും വിലയായി ശത്രുവിനെ തുരത്തി നാമത് തിരികെപ്പിടിച്ചു. അതിന്റെ ഓർമ്മകൾ ഇപ്പോഴും ഓരോ ഇന്ത്യാക്കാരന്റെയും സിരകളിൽ ചോരയോട്ടം കൂട്ടും. ഓർമ്മകളിൽ നിന്നും ഒരിക്കലും മായ്ച്ച് കളയാൻ കഴിയാത്ത ഒന്ന്.
ലേയിൽ നിന്നും കാർഗിലിലേക്ക് ദേശീയപാതയിൽ 230 കിലോമീറ്റർ ദൂരമുണ്ട്. ലഡാക്കിന്റെ മറ്റിടങ്ങളെപ്പോലെതന്നെ മൊട്ടക്കുന്നുകളെച്ചുറ്റിയ നിശബ്ദമായ പാതകൾ തന്നെയാണ് ഇവിടെയും. ഇരട്ട എഞ്ചിൻ ഘടിപ്പിച്ച ഗുഡ്‌സ് ട്രെയിനുകൾ കടന്നുപോകുംപോലെ കോൺവേയ് അടിസ്ഥാനത്തിൽ പട്ടാളവണ്ടികൾ കടന്നുപോകുന്നതാണ് ഈ പാതയിലെ തിരക്ക്. മണാലിയിൽ നിന്നും ലഡാക്കിന്റെ വരണ്ട ശരീരത്തെ കീറിമുറിച്ച് യാത്രചെയ്ത ദിവസങ്ങളിൽ കൂടെയുണ്ടായിരുന്ന ലഡാക്കി ഡ്രൈവർ ജിഗ്‌മിത് സെഫലിനെ ലേയിൽ ഉപേക്ഷിച്ച് പകരം കാശ്മീർ താഴ്‌വരയിൽ വണ്ടിയോടിക്കുന്ന ഹുസ്സൈൻ മാലികിന്റെ ഇന്നോവയിലേക്ക് യാത്രയെ മാറ്റി. കാശ്മീർ മേഖലയിൽ നിരന്തരം വണ്ടിയോടിക്കുന്ന ഡ്രൈവർമാർ ആ മേഖലയിലെ ഏറ്റവും മികച്ചവർ തന്നെ. അത്രയും സങ്കീർണ്ണമായ പാതകളിൽ വാഹനമോടിക്കുന്നവർ ഇന്ത്യയിൽ എന്നല്ല, ലോകത്തുതന്നെ വിരളമായിരിക്കും. വരണ്ടുണങ്ങിയ പാതയിലൂടെ നിരന്തരം സഞ്ചരിച്ച് കാർ, കാർഗിലിലെത്തി. ഉച്ചസൂര്യൻ പതുക്കെ മലകൾക്കപ്പുറത്തേക്ക് സഞ്ചാരം തുടങ്ങിയിരിക്കുന്നു.ഏഷ്യയിലെ ഏറ്റവും വലിയ നദികളിൽ ഒന്നായ സിന്ധുവിന്റെ പോഷകനദിയായ സുറുനദിയുടെ കരയിലാണ് കാർഗിൽ സ്ഥിതിചെയ്യുന്നത്. പട്ടണത്തെ രണ്ടായി പകുത്ത് കടന്നുപോകുന്ന നദി വടക്കുപടിഞ്ഞാറ് പാകിസ്ഥാൻ പ്രവിശ്യയായ ബാൾട്ടിസ്ഥാനിലേക്ക് ഒഴുകിപോകുന്നു. ടിബറ്റിൽ നിന്നും ഒഴുകിയെത്തുന്ന സിന്ധു നദി ഏറിയപങ്കും പാകിസ്ഥാനിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.
ഗൂഗിൾ മാപ്പിൽ ഹോട്ടൽ റംഗ്യൂൾ എന്ന് അടയാളപ്പെടുത്തിയതിനാൽ നാവിഗേറ്റർ കൃത്യമായി കാറിനെ ഹോട്ടലിന്റെ പോർട്ടിക്കോയിലെത്തിച്ചു. തിരക്ക് തീരെക്കുറഞ്ഞ പട്ടണമായിരുന്നു കാർഗിൽ. തെരുവുകളിൽ ആൾക്കൂട്ടങ്ങളോ, അലഞ്ഞുതിരിയുന്ന മനുഷ്യരേയോ കാണാനില്ല. ഹുസ്സൈൻ വണ്ടിയൊതുക്കിയപ്പോഴേക്കും ഹോട്ടൽജീവനക്കാർ ചുറ്റുംകൂടി. വളരെപ്പെട്ടെന്നുതന്നെ മുറി തരപ്പെടുത്തി ലഗേജുകൾ റൂമിലെത്തിച്ചു.
വഴിയരുകിൽ കുന്നിന്റെ നെറുകയിലാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്.
തട്ടുതട്ടുകളായി താഴേക്ക് നിരവധി കെട്ടിടങ്ങൾ. ജാലകവിരി മാറ്റിയപ്പോൾ നദിക്കരയിൽ സ്കൂളും അതിനടുത്തായി നടക്കുന്ന ജാക്പോട്ടും വ്യക്തമായി കാണാം. സുറുനദിയിടെ മറുകരയിൽ നേർത്ത വരപോലെ ലേയിൽ നിന്നുള്ള പാത കടന്നുവരുന്നത് കാണാം.
അതിനുമുകളിൽ കുന്നിൻചെരിവിൽ ധാരാളം വീടുകൾ കാണുന്നുണ്ട്. റോഡിൽ നിന്നും മലമുകളിലേക്ക് നേർത്തവരപോലെ നടവഴികൾ. മരത്തിന്റെ ശാഖകൾ പൊട്ടുംപോലെ ഓരോ ശിഖരവും ഓരോ വീടുകളിലേക്കുള്ള നടവഴികളാകുന്നു. കല്ലുകൾ കൊണ്ട് നിർമ്മിച്ച വീടുകൾ ചെറിയ ചെറിയ
പെട്ടികൾ അടുക്കിനിർത്തിയതുപോലെ തോന്നിച്ചു. എത്ര ഉയരത്തിലാണവ കാണപ്പെടുന്നത്. കുന്നിൻമുകളിൽ വൃക്ഷങ്ങളോ, കുറ്റിച്ചെടികളോ കാണാനില്ല. അതുകൊണ്ടുതന്നെ മൊട്ടക്കുന്നുകളും വീടുകളും അവയെചുറ്റിനടക്കുന്ന നേർത്തവഴികളും ഹോട്ടൽമുറിയിൽ നിന്നുള്ള കാഴ്ചകളെ വലിച്ചെടുക്കുന്നു.
വെയിൽ ആറിത്തുടങ്ങിയപ്പോഴേക്കും രണ്ടുകിലോമീറ്റർ അകലെയുള്ള മാർക്കറ്റിലേക്ക് നടക്കാൻ തീരുമാനിച്ചു. പട്ടണത്തിന്റെ ഹൃദയഭാഗത്തായിരുന്നു പുരാതനമായ കാർഗിൽ മാർക്കറ്റ്.
പ്രധാനപാതയിലേക്കിറങ്ങിനടന്നു. വഴിയരുകിൽ പോലീസ് സ്റ്റേഷനും പാർക്കും ഭരണകേന്ദ്രങ്ങളും. ബഹുനിലയിൽ മനോഹരമായ കെട്ടിടങ്ങളും കാണപ്പെടുന്നു. പട്ടണത്തിന്റെ പ്രധാനഭാഗത്തായി സൈനികകേന്ദ്രം ഉരുക്കുവേലികളിൽ സുരക്ഷിതമാക്കിയിരിക്കുന്നു. ശ്രീനഗറിലേക്കുള്ള പാതയുടെ വലതുവശത്തായി സുറുനദിയോട് ചേർന്നാണ് മാർക്കറ്റ് കാണപ്പെടുന്നത്. ലഡാക്ക് പ്രവിശ്യയിൽ വൂളൻ, പഷ്മിന,
ലഡാക്കി കരകൗശലവസ്തുക്കൾക്ക് പേരുകേട്ട മാർക്കറ്റാണിത്. പുരാതന വാണിജ്യപാതയായ പട്ടുപാതയിലെ പ്രധാന വാണിജ്യ-വിശ്രമകേന്ദ്രങ്ങളിലൊന്ന്. രാവിലെ മുതൽ നിരന്തരയാത്രയായതിനാലും ഉച്ചഭക്ഷണം ഒഴിവാക്കിയതിനാലും വിശപ്പ് അതിന്റെ കാഠിന്യത്തിലെത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഠൗണിലേക്കുള്ള യാത്ര നോൺവെജ് ലഭ്യമാകുന്ന
റസ്റ്റോറന്റുകൾ തേടിയുള്ളതായിരുന്നു. മാർക്കറ്റിനുള്ളിലെ അലച്ചിലിനൊടുവിൽ, പഷ്മിന ഷാൾ വിൽക്കുന്ന കടയിൽ വിലപേശി മടുത്ത്, റസ്റ്റോറന്റുകൾ തപ്പിനടന്നു. കനലിൽ വെന്തുനീറുന്ന മസാലപുരണ്ട ചിക്കന്റെ മണം
കാറ്റിൽ തിരിച്ചറിഞ്ഞു. റെസ്റ്റോറന്റ് കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. ബട്ടർ നാനും കബാബും ഓർഡർ ചെയ്ത് കാത്തിരുന്നു. ലഡാക്കിലെ ദിവസങ്ങൾ നീണ്ട വെജിറ്റേറിയൻ ജീവിതത്തിനു ശേഷം ലഭിച്ചതുകൊണ്ടാണോ എന്നറിയില്ല രുചിയോടെ കഴിച്ചു.
ഭക്ഷണം കഴിഞ്ഞ് തെരുവിൽ അൽപനേരം അലഞ്ഞുനടന്നു. വെയിലൊടുങ്ങിയപ്പോഴേക്കും പാതയിൽ തിരക്കേറുന്നു. തണുത്തകാറ്റ് സുറു നദിയിൽ നിന്നും തെരുവിനെ നനച്ച് കടന്നുപോയി. വടക്കുപടിഞ്ഞാറ് ബാൾട്ടിസ്ഥാൻ,പടിഞ്ഞാറ് കാശ്മീർ താഴ് വര,തെക്ക് ഹിമനിരകളും, കിഴക്കായി ലഡാക്ക് മേഖലയും
കാർഗിലിന് അതിരുകളാകുന്നു. നിരന്തരം, സൈനികവലയത്തിലകപ്പെട്ട ജീവിതമാണ് കാശ്മീർ താഴ്‌വരപോലെ കാർഗിലിലും. പുറമേ സുരക്ഷിതമെങ്കിലും ഒരുൾഭയം കൊത്തിവലിക്കുന്നുണ്ടായിരുന്നു രാത്രിമുഴുവനും...