Saturday 15 December 2018 02:14 PM IST : By അനീഷ് ബാലകൃഷ്ണൻ

ആനവണ്ടിയിൽ കേരളം കണ്ടു കണ്ടു കണ്ട്...

ksrtc2.jpg.image.784.410 ഫോട്ടോ: സരിൻ രാംദാസ്

കേരളം പിറന്നിട്ട് 60 വർഷം പൂർത്തിയാകുകയാണ്. കൊച്ചുകേരളത്തിന്റെ തനി നാടൻ കാഴ്ചകൾ കണ്ണിൽ നിറയ്ക്കാൻ വരൂ, ഒരു യാത്ര പോകാം. ഒരൊറ്റപ്പകൽ കൊണ്ട് തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ നമ്മുടെ സ്വന്തം കെഎസ്ആർടിസി ബസ്സിൽ...

ഹലോ, കേരളം കാണാൻ പോരുന്നോ?

ങേ, അപ്പോ ഇൗ കാണുന്നതൊന്നും കേരളമല്ലേ? കേരളമൊക്കെത്തന്നെ... അേത വിസ്തരിച്ചൊന്ന് കാണാനാ!

ഒാഹോ, എങ്ങനെയാ പോകുന്നത്, കാറിലാണോ?

ഒാ, അല്ല. ബസിലാ, കെഎസ്ആർടിസി ബസിൽ!

ങേ...!

അതേന്ന്. നമ്മുടെ ആലപ്പുഴയും കൊച്ചിയും തൃശൂരും ഷൊർണൂരും പട്ടാമ്പിയുമൊക്കെ ജീവനോടെ കാണണമെങ്കിൽ ഏസി കാറിലും ട്രെയിനിലുമൊക്കെ പോയാൽ പറ്റുമോ? അതിന് എൽസിഡി ടിവിയുടെ സ്ക്രീൻ പോലുള്ള നമ്മുടെ കെഎസ്ആർടിസിയുടെ ജനാലയിലൂടെ പുറത്തോട്ടു േനാക്കിയിരിക്കുക തന്നെവേണം. കുട്ടപ്പൻ ചേട്ടന്റെ ചായത്തട്ടും ഫൈവ്സ്റ്റാർ തട്ടുകടയും ലുലുമാളും ഭാരതപ്പുഴയും കായിക്കാന്റെ പീടികയും ഒക്കെയായി കൊച്ചുകേരളം വഴിയോരത്ത് കാത്തുനിപ്പുണ്ട്.

എന്നാൽ പിന്നെ കേറിക്കോ, ഒറ്റപ്പകൽ കൊണ്ട് കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് ഒാടിയോടി വടക്ക് തമിഴ്നാട് അതിർത്തിയിൽ ചെന്നു തൊട്ടു നിൽക്കുന്ന തിരുവനന്തപുരം വഴിക്കടവ് സൂപ്പർഫാസ്റ്റിൽ ഒരു സീറ്റ് ടൗവലിട്ട് ബുക്ക് ചെയ്തിട്ടുണ്ട്. ആളുകൂടി കച്ചറയാകുന്നതിന് മുമ്പ് വേഗം വന്നിരുന്നോളൂ.

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻഡിൽ നേരം പരപരാ വെളുത്തു വരുന്നതേയുള്ളൂ. തലയിൽ തോർത്തുകെട്ടിയ കാപ്പിക്കാരൻ, ഉറക്കം തൂങ്ങിയിരിക്കുന്ന ലോട്ടറിപ്പയ്യൻ, കംഫർട്ട് സ്റ്റേഷനിലെ കാഷ്യർ, പത്രക്കെട്ടുകൾ അടുക്കുന്ന പത്രക്കാരൻ... തൊട്ടപ്പുറത്തെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതോ ട്രെയിനിന്റെ വെറുപ്പിക്കുന്ന കൂവൽ കേട്ടിട്ടാകണം, ബസ്‌സ്റ്റാൻഡ് ചാടിയെണീറ്റ് റെഡിയാകാൻ തുടങ്ങി.

ksrtc5.jpg.image.784.410



തിര്വന്തോരത്തൂന്ന് പുറപ്പെടുന്ന...

സീറ്റുകളിലെല്ലാം ആളുകളെത്തി. വൈകിയില്ല, സാരഥിയും എത്തി. കപ്പടാമീശയും ടിക്കറ്റ് മെഷീനുമായി കണ്ടക്ടർ സാറും റെഡി. ട്രിപ്പിന്റെ അവസാനം വരെ പോകാനുള്ളതല്ലേ, ഒന്ന് പരിചയപ്പെട്ട് വച്ചേക്കാം. ഡ്രൈവർ കോതമംഗലംകാരൻ വിജയൻ ചേട്ടനും കണ്ടക്ടർ ബാലരാമപുരംകാരൻ രമേശണ്ണനും. രണ്ടു പേർക്കും തുടക്കത്തിലേ ഒരു ഹായ്!

വിജയൻചേട്ടൻ വളയത്തിൽ വലംകൈ തൊട്ടു. എന്നിട്ട് ഇടംകൈ നെഞ്ചിൽ ചെരിച്ചുപിടിച്ച് ഒന്ന് കണ്ണടച്ചു. പഴവങ്ങാടി ഉണ്ണിഗണപതിക്ക് മനസ്സാലുള്ള തേങ്ങയടിയാണത്. ശ്രീപത്മനാഭൻ അടുത്തുണ്ടെങ്കിലും തിര്വന്തോരത്തൂന്ന് ഒരു വഴിക്കിറങ്ങുമ്പോൾ പഴവങ്ങാടിയിൽ ഒന്ന് പറഞ്ഞിട്ടേ പോകൂ, അതങ്ങനെയാണ്! ഡബിളടിച്ച് വാതിലടഞ്ഞു. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ആക്സിലേറ്ററിൽ ഒന്നുരണ്ട് ഇരപ്പിക്കൽ. രണ്ട് വളയ്ക്കലും മൂന്ന് തിരിക്കലും... സ്റ്റാൻഡ് വിട്ട് ബസ് പുറത്തേക്കിറങ്ങി ഒറ്റപ്പോക്ക്.

ചാറ്റൽമഴ നനഞ്ഞിറങ്ങിയ വഴിക്കടവ് സൂപ്പർഫാസ്റ്റിന്റെ പിന്നാലെ ഒാടിയെത്തിയ ഒരു കാറ്റ് ജനാലവഴി അകത്തേക്ക് ചാടിക്കയറി. വടക്കോട്ട് ടിക്കറ്റെടുത്ത ആ തെക്കുപടിഞ്ഞാറൻ കാറ്റിനെയും കൂട്ടി നനഞ്ഞു കുളിച്ച ടാർറോഡിലൂടെ ബസ് കൂസലില്ലാതെ പാഞ്ഞു. പാളയം ജുമാ മസ്ജിദിനും ക്രിസ്തുരാജാ ദേവാലയത്തിനും മുന്നിലൂടെ വീശിയെടുത്ത് ഒരു നൂറുമീറ്റർ പിന്നിട്ടു. പെട്ടെന്ന് ഇടത്തേക്കൊന്ന് നോക്കി നെ‍ഞ്ചുവിരിച്ച് ലേശം അഹങ്കാരത്തോടെ സൂപ്പർഫാസ്റ്റ് പറയുവാ, ഇതാണെന്റെ മുതലാളി, ഒന്ന് നോക്കിക്കോളാൻ... നിയമസഭാമന്ദിരം! ഇൗ വലിയ മുതലാളിയുടെ സ്വന്തം വണ്ടിയെന്ന ഗമയുമായി ബസ് പിന്നെ ഇടംവലം നോക്കിയില്ല. നൂറിലൊരു കൊളുത്തായിരുന്നു. ഒറ്റ പകലുകൊണ്ട് നാന്നൂറ്റമ്പത് കിലോമീറ്റർ കടന്ന് വടക്കേയറ്റം പിടിക്കാനുള്ളതാ!

ചായക്കടകളെ ചുറ്റിപ്പറ്റി ചെറുകൂട്ടങ്ങൾ കാണാം. ഇന്നത്തെ പ്രധാനവാർത്തയാണ് അവർ ചായയ്ക്കൊപ്പം ചൂടോടെ ഉൗതിക്കുടിക്കുന്നത്. സൈക്കിളിൽ ഒാരം ചേർന്നു പോകുന്ന ട്യൂഷൻ പിള്ളേരും മഫ്ലർ മൂടിയ നടപ്പുകാരും പാലു വാങ്ങാനിറങ്ങിയ ഭർത്താക്കന്മാരുമൊക്കെ പിന്നിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ബംഗാളി ബാപ്പുമാർ ഇയർഫോണിൽ ‘ദിൽ തോ പാഗൽ ഹേ..’ പാട്ടുംകേട്ട്, പല്ലുതേക്കും മുമ്പേ പാൻ‌പരാഗും ചവച്ച് (കടപ്പാട് : ലീലാമ്മ, ഒരു മുത്തശ്ശി ഗദ) വരിവരിയായി നടന്നുപോകുന്ന കാഴ്ചയ്ക്ക് ആറ്റിങ്ങലെന്നോ ചാത്തന്നൂരെന്നോ വ്യത്യാസമില്ല. പിന്നിലേക്ക് മറയുന്ന ഒാരോ വളവിലും വടക്കേയിന്ത്യൻ മുഖങ്ങൾ ഇടയ്ക്കിടെ വന്ന് തലനീട്ടി ചോദിക്കുന്നുണ്ട്, യേ ക്യാ ഹേ ഭായി...? ഒാ, ഒന്നു ചുമ്മാ നോക്കിയതാണേ ഭായീ... എന്നൊരു മറുചിരി എറിഞ്ഞുകൊടുത്തിട്ട്, കേരളമാണിത് കേരളമാണേ എന്ന് മനസ്സിൽ രണ്ടുമൂന്നാവർത്തി ഉറപ്പിച്ച് പറഞ്ഞു.

സൈൻബോർഡുകളിൽ സ്ഥലപ്പേരുകൾ വായിച്ച് പകുതിയാകുമ്പോഴേക്കും ബസ് അടുത്ത ബോർഡും കടന്ന് അരക്കിലോമീറ്റർ അപ്പുറത്തെത്തിയിട്ടുണ്ടാവും. നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേയിലെ വെള്ളവരകൾ പിന്നോട്ടു തള്ളി ബസ്സ് കുതിച്ചുപായുമ്പോൾ ഇതല്ലേ നമ്മുടെ കൊല്ലം എന്നൊരു ചോദ്യം കണ്ണിൽ വന്ന് ബ്രേക്കിട്ട് നിന്നു.

ksrtc.jpg.image.784.410



ഇല്ലം വേണ്ടാത്ത കൊല്ലം

പരവൂർ കായലിന്റെ വിശാലമായ പരപ്പിനെ തൊട്ടുതലോടി വന്ന ഇളംകാറ്റ് ബസിനുള്ളിലേക്ക് കയറി ഒന്നു കുളിരണിയിച്ച് പുറത്തേക്ക് പോയി. തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ചേട്ടന് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. ഇഷ്ടൻ കുറച്ച് കലിപ്പിൽത്തന്നെ ഷട്ടറിട്ട് ഇനി കാറ്റ് വരുന്നതൊന്ന് കാണണമെന്ന മട്ടിൽ ചാഞ്ഞിരുന്ന് ഉറങ്ങാനും തുടങ്ങി.

നീണ്ടു നീണ്ട് കിടക്കുന്ന നീണ്ടകരയുടെ തീരംനിറഞ്ഞ് ബോട്ടുകളും വള്ളങ്ങളും അടുക്കി വച്ചിരിക്കുന്നു. നാടുനീളെ വിളമ്പാനുള്ള മീൻകറിയുടെ ജീവിതയാത്ര തുടങ്ങുകയാണ്. കളർഫുളായ പ്ലാസ്റ്റിക് പെട്ടികളുമായി മീൻവണ്ടികൾ കാത്തുകിടക്കുന്നു. കോട്ടയത്തിന്റെയും ഇടുക്കിയുടെയുമെല്ലാം അടുക്കളയിലേക്കാണ് പോക്ക്. കറിയും ഫ്രൈയുമൊക്കെ കൂട്ടി ഏമ്പക്കം വിട്ടിരിക്കുമ്പോൾ, വെളുപ്പാൻകാലത്തേ തുടങ്ങുന്ന മീൻകാരുടെ ഇൗ പാച്ചിലൊക്കെ ആരെങ്കിലും ഒാർക്കാറുണ്ടോ?

സൈക്കിളിലോടുന്ന ആലപ്പുഴ

വഴിയരികിലെ സൈക്കിളുകളുടെ എണ്ണം കൂടി വന്നതും ആലപ്പുഴയുടെ മണമടിച്ചു തുടങ്ങി. പെൺകുട്ടികളാണ് ഏറെയും. തോളിൽ ബാഗും തൂക്കി സ്കൂളിലേക്കും കോളജിലേക്കുമൊക്കെ ആവേശത്തോടെ ചവിട്ടിനീങ്ങുന്നു. വരും തലമുറയുടെ ഒാരോ കുതിപ്പിനും നമ്മുടെ സൂപ്പർഫാസ്റ്റിനെക്കാൾ വേഗമുണ്ട്. അത്രയും ഉൗർജവും പ്രസരിപ്പുമാണ് ഒാരോ മുഖത്തും.

കുറച്ചങ്ങ് കഴിഞ്ഞതും വലിയ ചുടുകാട്ടിലെ സ്മരണകളിരമ്പുന്ന രണസ്മാരകം ഇടതുവശത്ത് മിന്നിമറഞ്ഞു. പുന്നപ്ര വയലാറിന്റെ സമരപുളകങ്ങൾ ബസിന്റെ ‘ഇടതു’ വശത്തിരുന്നവരെ കോരിത്തരിപ്പിച്ചിട്ടുണ്ടാകും. പഴയ കെപിഎസി നാടകരംഗങ്ങൾ പോലെ ആലപ്പുഴയുടെ ഒാരോ സീനും പിന്നിലേക്ക് മറഞ്ഞ് ഇടയ്ക്കെവിടെയോ കർട്ടനിട്ടുകളഞ്ഞു.

അെതല്ലാം പഴങ്കഥ

കൈകാണിച്ചാൽ അരക്കിലോമീറ്റർ അപ്പുറത്തേ നിർത്തൂ എന്നത് കെഎസ്ആർടിസിയുടെ മേലുള്ള ഒരു നിത്യഹരിത അപവാദമാണ്. അതെല്ലാം പഴങ്കഥയെന്ന് മാറ്റിപ്പറയേണ്ടി വരുമെന്ന് തോന്നുന്നു. ആരെങ്കിലും സ്റ്റോപ്പിൽ നിന്ന് കൈ കാണിച്ചെന്ന് തോന്നിയാൽ മതി, ചവിട്ടി നിർത്തി ആളുണ്ടോ എന്ന് എത്തിനോക്കിയിട്ടേ നമ്മുടെ ചേട്ടന്മാർ പോകൂ.

ഏതോ ഒരു സ്റ്റോപ്പിൽ നിന്ന് അവസാനത്തെയാളെയും കയറ്റി ഡബിളടിച്ചതും ഗിയർ ഫസ്റ്റും കടന്ന് സെക്കൻഡിലെത്തിയതാണ്. അപ്പോഴാണ് പിന്നിൽ നിന്നൊരു വിളി. മനസ്സുകൊണ്ട് അരക്കിലോമീറ്റർ അപ്പുറം ചെന്ന വിജയൻ ചേട്ടൻ മനസ്സില്ലാമനസ്സോെട ബ്രേക്കിട്ടു. ഒാടിയെത്തിയയാൾ ഒറ്റച്ചാട്ടത്തിന് അകത്തുകയറി. എന്നിട്ട് ലോകം കീഴടക്കിയ  ആവേശത്തിൽ ആദ്യം കണ്ട കമ്പിയിൽ ചാഞ്ഞുനിന്നു. ഒരു ‘വഴിക്കടവ്’ പ്രതീക്ഷിച്ചാണ് കണ്ടക്ടർച്ചേട്ടൻ ചെന്നത്. പക്ഷേ, കക്ഷി തൊട്ടടുത്ത സ്റ്റോപ്പിലിറങ്ങാനുള്ളതാണ്. കൈയിൽ അഞ്ഞൂറിന്റെ നോട്ടും! പിന്നങ്ങോട്ട് പി.സി. ജോർജ്  പങ്കെടുക്കുന്ന ന്യൂസ് അവറിന്റെ കോലാഹലമായിരുന്നു. അഞ്ഞൂറാനും വിട്ടുകൊടുത്തില്ല. അടുത്ത സ്റ്റോപ്പിൽ കണ്ടക്ടർ അങ്ങേരെ ചവിട്ടാെത ചവിട്ടിപ്പുറത്താക്കി. ഹൊ! അഞ്ചാറ് മിനിറ്റ് കൂടി അതിന്റെ പ്രകമ്പനങ്ങൾ ബസിനുള്ളിൽ കിടന്ന്ക റങ്ങി. പിന്നെ, മെല്ലെമെല്ലെ ഉറക്കക്കാർ ഉറക്കത്തിലേക്കും കാഴ്ചക്കാർ കാഴ്ചകളിലേക്കും കടന്നു.

നീണ്ടുനിവർന്ന് കിടക്കുന്ന ഹൈവേയിലൂടെയുള്ള ആ വരവ് കണ്ട് എല്ലാവരും വളരെ ഭവ്യതയോടെ വഴിമാറിത്തരുന്നുണ്ട്. വഴി മാറാതെ ‘മൊട’ കാണിക്കുന്നവന്റെ തൊട്ടുപിന്നിലെത്തി ഒറ്റ ‘‘ബ്രോ...!’’ അതുമതി ആരും രണ്ടു കിലോമീറ്റർ മാറിനിന്ന് വഴി തന്നുപോകും! സോഷ്യൽ മീഡിയയിൽ കുറേ ഒാടിയ ആ ട്രോൾ ഒാർക്കാതിരിക്കുന്നതെങ്ങനെ? ലൈറ്റുമിട്ട് പാഞ്ഞുവരുന്ന ഒരു കെഎസ്ആർടിസി ബസ്. അപ്പുറവുമിപ്പുറവും രണ്ട് കുഞ്ഞൻ കാറുകൾ പരുങ്ങിനിൽക്കുന്നു. അടിക്കുറിപ്പ്: ചിലർ വരുമ്പോൾ വഴി മാറിക്കോണം, ഇല്ലെങ്കിൽ ചരിത്രമായി മാറും!

കൊച്ചിയെത്തീ...

കണ്ടെയ്നറുകൾ, കപ്പലുകൾ, കൂറ്റൻഹോർഡിങ്ങുകൾ... കൊച്ചിയെത്തീ! പച്ചപ്പരിഷ്ക്കാരിയായ കൊച്ചിക്കൊച്ചമ്മയുടെ മിനുങ്ങുന്ന തറവാട്ടിലേക്ക് ബസ് കടന്നതും ബ്ലോക്കിൽത്തട്ടി തപ്പിത്തടയാൻ തുടങ്ങി. നാടും നഗരവും നമുക്കൊരു പോലെ യെന്ന് ഉൗന്നിപ്പറഞ്ഞുകൊണ്ട് തിക്കിത്തിരക്കി മുന്നോട്ട് കയറാനുള്ള ഒരവസരവും വിജയൻ ചേട്ടൻ പാഴാക്കിയില്ല. അപ്പോഴതാ, കണ്ടെയ്നർ ലോറികളുടെ നീണ്ടനിരയുടെ അരികുപറ്റി ലോറീ റാലി പോലൊരു സൈക്കിൾ റാലി പോകുന്നു. ഹെൽമറ്റും തോളിലെ ബാഗിൽ വാട്ടർ ബോട്ടിലുമൊക്കെയുള്ള സെറ്റപ്പ് സൈക്കിളുകാരാണ്. നമ്മുടെ സൂപ്പർഫാസ്റ്റിനെയൊക്കെ തോൽപ്പിച്ച് ആശാൻമാർ ഒാവർടേക്ക് ചെയ്ത് കേറിപ്പോയി.

വൈറ്റില ഹബ്ബിൽ നിരന്നുകിടന്ന പ്രൈവറ്റ് സുന്ദരിമാരൊക്കെ സൂപ്പർഫാസ്റ്റ് ചേട്ടനെ തെല്ലൊരു അസൂയയോടെ കട ക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. എങ്ങനെ നോക്കാതിരിക്കും, ഇരമ്പിയുള്ള ആ വരവും ഒറ്റച്ചവിട്ടിനുള്ള നിൽപ്പും ഒക്കെക്കണ്ടാൽ എത്ര ഗ്ലാമറുള്ള പ്രൈവറ്റ് ബസും ഒന്നു പറഞ്ഞു പോകും, ചേട്ടൻ സൂപ്പറാ!

കളമശ്ശേരിയിലെ മെട്രോയുടെ നീളൻ തൂണുകൾക്കരികിലൂടെ മുന്നോട്ട് നീങ്ങിയതും നമ്മുടെ ഫാസ്റ്റിന്റെ മുഖമൊന്ന് കറുത്തോ എന്നൊരു സംശയം. ‘എന്തൊക്കെ മെട്രോ വന്നാലും ഇവിടുത്തെ രാജാവ് ഞാൻ തന്നെടേ... കേട്ടോടേ മെട്രോയേ...!’ എന്ന് കുശുകുശുത്തിട്ടാണ് അവിടം വിട്ടത്.

ksrtc4.jpg.image.784.410



ആന‘വണ്ടി’ക്കമ്പം

മലയാളിക്ക് ആനക്കമ്പവും പൂരക്കമ്പവും കളിക്കമ്പവും പോലെ തലയ്ക്കുപിടിച്ച മറ്റൊരു കമ്പമാണോ ആനവണ്ടിക്കമ്പം?. എത്ര പ്രൈവറ്റ് ബസ് കാലിയായി വന്ന് വിളിച്ചുകേറ്റാൻ നോക്കിയാലും കയറാതെ കാത്തുനിൽക്കും. കെഎസ്ആർടിസിയിൽ കേറിയാലേ കുടുംബത്തെത്തൂ എന്നത് ഇക്കൂട്ടർക്ക് രക്തത്തിൽ അലിഞ്ഞുചേർന്ന വാശിയാണ്. ട്രാൻസ്പോർട്ട് ബസിൽ കയറിയാലും പോര, ഇഷ്ടപ്പെട്ട സീറ്റും വേണം. ഡ്രൈവറുടെ തൊട്ടുപിന്നിൽ, പെട്ടിപ്പുറത്തിന് അടുത്ത്, കണ്ടക്ടറുടെ സീറ്റിനോട് ചേർന്ന്, വാതിലിന്റെ തൊട്ടടുത്ത്, പിന്നിലെ വലത്തേ കോണിൽ... അങ്ങനെ ഇഷ്ടങ്ങൾ പല റൂട്ടിലാണ് പോകുന്നത്.

ആദ്യത്തെ വരിയിലെ അരികിലെ സീറ്റ് കിട്ടിയാലേ ബസിൽ കയറൂ എന്ന് മാർക്കറ്റിങ് മാനേജരായ അമ്പലപ്പുഴക്കാരൻ ഫൈസൽ. ‘‘ ലേറ്റായാലും ആ സീറ്റിനായി കാത്തുനിൽക്കും. ബസോടുമ്പോൾ മുന്നിലെ ചില്ലിലൂടെ വഴി കണ്ടങ്ങ് ഇരിക്കണം.’’ ഇത് പറയുമ്പോൾ ഫൈസലിന്റെ മുഖത്ത് റോഡിലെ മഞ്ഞയും ചുവപ്പും റിഫ്ലക്ടറുകൾ ഒരുപോലെ തെളിഞ്ഞു.

ദാ, കുടിയനുമെത്തി!

ദേ, പിന്നെയും ബഹളം! എല്ലാവരും തിരിഞ്ഞുനോക്കി. ബസിന് പുറത്ത് മാത്രമല്ല അകത്തും കേരളമാണെന്ന് ഉൗട്ടിയുറപ്പിച്ചുകൊണ്ട് അതാ ഒരു കുടിയൻ! ഇടയ്ക്കെവിടെ നിന്നോ കയറിയതാണ്. നല്ല തണുത്ത കാറ്റടിച്ചിട്ടാവാം ഇപ്പോഴാണ് ഉഷാറായത്. അതുമിതും പറഞ്ഞ് ആളങ്ങ് കത്തിക്കയറി. ഒടുവിൽ രമേശണ്ണൻ ഇടപെട്ടു. അതോടെ കുടിയൻ തന്റെ പ്രതിയോഗിയെ കണ്ടക്ടറിൽ കണ്ടെത്തി. ഉടനെ വന്നു ആ പഴയ ഡയലോഗ്. ‘‘കെഎസ്ആർടിസി തന്റെ ...#@&*^%$$ ’’ കുടിയൻ ഉറഞ്ഞുതുള്ളി.

രമേശണ്ണന്റെ സിഗ്‌നൽ വിജയൻ ചേട്ടനിലെത്താൻ പിന്നെ അധികനേരം വേണ്ടിവന്നില്ല. ബസ് നേരേ ചെന്നു കയറിയത് പൊലീസ് സ്റ്റേഷനിലാണ്. ഭാവപ്പകർച്ചയുടെ പ്രതിഭാവിലാസം കൊണ്ട് കുടിയൻ അമ്പരപ്പിക്കുന്ന കാഴ്ചയാണ് പിന്നെക്കണ്ടത്. പാവം കൈകൂപ്പി മുട്ടുവളച്ച് നിന്ന് േകഴുന്നു. ‘‘എന്റെ പൊന്നുസാറേ, എന്നെയിവിടെ ഇറക്കി വിടല്ലേ.. കൈയിൽ വേറെ അഞ്ച് പൈസയില്ല.. വീടെത്താനുള്ളതാ!’’

ആ കരച്ചിൽ കണ്ട് രമേശണ്ണന്റെ കപ്പടാമീശ പോലും തേങ്ങിപ്പോയി. കുടിയനെ കയറ്റി സീറ്റിലിരുത്തി ബസ് ശാന്തവും സമാധാനവുമായി യാത്ര തുടർന്നു. ഉറങ്ങിപ്പോയ കുടിയൻ തൃശൂർ സ്റ്റാൻഡിലെത്തിയപ്പോഴാണ് ഉണർന്നത്. കണ്ടക്ടറെ കൈവീശി താങ്ക്സും പറഞ്ഞാണ് കുടിയൻ മടങ്ങിയത്.

ങ്ങള് വന്നൂട്ടോ!

പത്തുമിനിറ്റ് ഉൗണ് കഴിക്കാൻ സമയമുണ്ട് എന്നു കേട്ടതും ആളുകൾ നിറഞ്ഞിരുന്ന സീറ്റുകളിലെല്ലാം പെട്ടെന്ന് ബാഗുകൾ നിറഞ്ഞു. ഇടയ്ക്ക് കയറി വരുന്നവരെ നോക്കി ആ ബാഗുകൾ പറഞ്ഞുകൊണ്ടേയിരുന്നു, ‘ഇൗ സീറ്റിൽ ആളുണ്ടേ, കഴിക്കാൻ പോയതാ. ഇരുന്നേക്കരുത്!’ സീറ്റില്ലാതെ നെറ്റിചുളിച്ച് ഇറങ്ങിപ്പോകുന്നവരെ നോക്കി ബാഗുകൾ ഉടമസ്ഥന്റെ വിശ്വാസം കാത്ത അഭിമാനത്തിൽ തലയുയർത്തി ഇരുന്നു.

‘ബസ്‌സ്റ്റാൻഡിൽ നിന്ന് ഒന്നും കഴിക്കരുത്! കീടാണു വയറ്റിലെത്തി അസുഖം വരുത്തും..!’ എന്ന ആപ്തവാക്യം അയവിറക്കി അങ്ങനെ നിൽക്കുമ്പോഴാണ് കെഎസ്ആർടിസിയുടെ സ്വന്തം കാന്റീൻ കണ്ടത്. എന്തൊരു ലുക്ക്. ക്ലീൻ ക്ലീനാണ്! വയറു മാത്രമല്ല, മനസ്സും നിറഞ്ഞു. ആ സന്തോഷത്തിൽ നീട്ടിയും കുറുക്കിയുമുള്ള തൃശൂക്കാരുടെ കലപിലകൾക്കിടയിലൂടെ ഇറങ്ങി വെറുതെ നടന്നു. ഞെട്ടിപ്പോയി,  വെടി പൊട്ടുന്ന ശബ്ദത്തിൽ ഒരു അനൗൺസ്മെന്റ്!

വടക്കാഞ്ചേരി, പട്ടാമ്പി, കൊപ്പം, പെരിന്തൽമണ്ണ, പാണ്ടിക്കാട് വഴി നിലമ്പൂർക്ക് പോകുന്ന... ഒഫീഷ്യൽ അനൗൺസ്മെന്റിനെക്കാൾ വെടിപ്പായാണ് വിളിച്ചുപറയൽ. ലോട്ടറിക്കാരനാണ്, കച്ചവടത്തിനിടയിൽ അനൗൺസ്മെന്റ് ഫ്രീ!  ഇടയ്ക്കിടെ വന്ന് എൻക്വയറി നടത്തുന്നവർക്ക് വിവരങ്ങളും കൊടുക്കുന്നുണ്ട്. വിവരം വാങ്ങിപ്പോകുന്നവർ ‘എന്നാലൊരു കാരുണ്യ കൂടി തന്നേരെന്ന്’ പറഞ്ഞ് നന്ദിപ്രകടനം നടത്തുന്നത് അന്നേരമാണ് ശ്രദ്ധയിൽപ്പെട്ടത്. ലോട്ടറിക്കെട്ടുകൾ ഛടപടാന്നല്ലേ വിറ്റുപോണത്..! കച്ചോടത്തിന്റെ കാര്യത്തിൽ ഗഡിയൊരു പുലിയാണ്‌ട്ടോ!

പൂങ്കുന്നം പേരാമംഗലം വഴി കുന്ദംകുളമൊക്കെ കടന്നങ്ങ് പോവുകയായിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത്. അഞ്ചാറ് കടകളും ഒാട്ടോസ്റ്റാൻഡും സ്മാരകവെയിറ്റിങ് ഷെഡുമൊക്കെയുള്ള കൊച്ചുജങ്ഷനിൽ ബെല്ലടിച്ച് ബസ് നിന്നു. ബസീന്നിറങ്ങിയ ഒരു ക്ടാവ് ദാ കിടക്കണ് നിലത്ത്! കാലുതെറ്റി വീണതാണ്. വിജയൻ ചേട്ടൻ പേടിച്ചുപോയി.

ഭാഗ്യത്തിന് ക്ടാവിനൊന്നും പറ്റിയില്ല. കടത്തിണ്ണയിൽനിന്ന് ആരോ വാങ്ങിക്കൊടുത്ത സോഡാ നാരങ്ങാ വെള്ളം കാച്ചുന്നുണ്ട്. വണ്ടി എടുത്ത് ഒന്നു രണ്ട് വളവും തിരിവും കഴിഞ്ഞാണ് വിജയൻ ചേട്ടന് ശ്വാസം നേരെ വീണത്. ‘‘ഞാൻ കരുതി പെട്ടുപോയെന്ന്...’’

പട്ടാമ്പി ബസ്റ്റാൻഡ് ഉണ്ടാക്കിയത് സമ്മതിച്ച് കൊടുത്തേ പറ്റൂ. അത്രയും കുണ്ടും കുഴിയുമാണ് കവാടം. നിളയുടെ കുറുകെ കടന്നതും സൂപ്പർഫാസ്റ്റൊന്ന് സ്ലോ ആയി. അല്ലെങ്കിൽത്തന്നെ വെയിലേറ്റ് മയങ്ങുന്ന ആ മണൽപ്പരപ്പും ചാലു കീറിയൊഴുകുന്ന കുഞ്ഞുകൈവഴികളുമൊക്കെ കണ്ടാൽ ആരും ഒരു നോട്ടമെറിഞ്ഞുപോകും.

ksrtc3.jpg.image.784.410



മലബാറേ... മുത്തേ!

ഏതു വളവ് തിരിഞ്ഞാണ് ബസ് മലബാറിലേക്ക് കടന്നതെന്നറിയില്ല. ഒാടുമേഞ്ഞ ഇരുനില വീടുകളും തട്ടമിട്ട കുട്ടികളും ശുഭ്രവസ്ത്രം ധരിച്ച ചെറുകൂട്ടങ്ങളും വഴിേയാരങ്ങളിൽ മലബാറിനെ ഫ്രെയിമുകളിലാക്കി വച്ചതുപോലെ.

പാടവും വരമ്പും കവുങ്ങിൻതോട്ടങ്ങളും കുഞ്ഞുകുഞ്ഞ് അങ്ങാടികളും അതുനിറയെ കൊടിമരങ്ങളുമൊക്കെയായി ഒാരോ ബസ്‌സ്റ്റോപ്പും ബസിനെ നോക്കി പറയുന്നുണ്ട്.‘‘ങ്ങള് എങ്ങോട്ടാണീ പായണത്? കുത്തീര്ന്ന് ഒരു സുലൈമാനിയൊക്കെ കുടിച്ച് ഉഷാറായിട്ട് പൊയ്ക്കോളീ...’’

വിജയൻ ചേട്ടനുണ്ടോ അതുവല്ലതും കേൾക്കുന്നു. വളവും തിരിവും വളച്ചൊടിക്കുന്ന തിരക്കിൽ അെതാെക്ക എങ്ങനെ കേൾക്കാൻ...!

ബൈക്കിൽ നൂറിൽപ്പായുന്ന ഫ്രീക്കന്മാരെക്കണ്ടാൽ തലയിൽ ഹെൽമറ്റാണോ മുടിയാണോയെന്ന് തിരിച്ചറിയാൻ പറ്റില്ല. അത്രയ്ക്ക്് വെറൈറ്റിയാണ് ഒാരോ തലയും! നല്ല ചുള്ളൻ കള്ളിമുണ്ട് ഫ്രീക്കൻമാരെയും കാണാം.

അന്തിവെയിലിൽ തിളങ്ങിനിൽക്കുന്ന മിനാരങ്ങളിൽ നിലാവിന്റെ നീലവെളിച്ചം വീഴാൻ അധികനേരമില്ല. വാങ്ക് വിളിയുടെ ഇൗണം അലിഞ്ഞ് ഇല്ലാതായ ആകാശവിശുദ്ധിയിലൂടെ പക്ഷിക്കൂട്ടങ്ങൾ കൂടണയാൻ പായുന്നു. അതിലൊരു അമ്മക്കിളി താഴേക്ക് നോക്കി പറയുന്നുണ്ടാവും, ‘ആറരയുടെ ഫാസ്റ്റും പോയി, വേഗം കൂട്ടിൽക്കേറിക്കോളിൻ...’

മഗരിബ് നിസ്കാരവും കഴിഞ്ഞ് പുറത്തേക്കിറങ്ങിയ വെള്ളക്കുപ്പായക്കാരൻ കുട്ടിയുടെ കുട്ടിസൈക്കിളിന്റെ പിന്നിൽ കയറിയാണ് മനസ്സ് കുറേ ദൂരം പോയത്. അടുത്ത ഇടവഴി കണ്ടതും ‘ദേ, ങ്ങളെ വണ്ടി പോണ്, വേഗം പൊയ്ക്കോളീ...’ എന്ന് പറഞ്ഞ് ഒരു കുഞ്ഞിച്ചിരിയും തന്ന് ആ കുഞ്ഞിപ്പയ്യൻ ഒരു മൺവഴി തിരിഞ്ഞ് ഒാന്റെ പൊരേലേക്ക് പോയി.

ഇടയ്‌ക്കെപ്പോഴോ വണ്ടി നിർത്തിയ സമയത്ത് വിജയൻചേട്ടൻ വിശേഷം തിരക്കി. ‘‘ഇരുന്ന് ക്ഷീണിച്ചോ? ഇനിയും കിടക്കുവാ ദൂരം...!’’ എങ്ങനെ ക്ഷീണിക്കാൻ, നിലമ്പൂരിന്റെ തേക്കിൻ തണലിലൂടെ നാടൻകാഴ്ചകളും കണ്ട് ഇങ്ങനെ ഇരമ്പി നീങ്ങുമ്പോൾ വഴിക്കടവ് എന്ന ലാസ്റ്റ് സ്റ്റോപ്പ് കുറച്ചു ദൂരം കൂടി അകന്നുപോകണേ എന്ന് തോന്നിപ്പോയി.

അതിർത്തി ഗ്രാമമായ വഴിക്കടവിലെത്തുമ്പോഴേക്കും ഇരുട്ട് വീണിരുന്നു. അടുത്ത വളവിനപ്പുറം കേരളം തീരുന്നു. പിന്നെ തമിഴ്നാടാണ്. ഉൗട്ടിയിലേക്കും മൈസൂറിലേക്കുമൊക്കെ പോയിവരുന്നവരെ കാത്തിരിക്കുന്ന വഴിയോരക്കടകളിൽ വെളിച്ചം വീണു. ബസിറങ്ങി പുറത്തേക്ക് നടന്നതും ഉള്ളിലൊരു വിങ്ങലും കലമ്പലും. കൊച്ചുകേരളം ഹൃദയത്തിനുള്ളിൽ കയറി കുത്തിയിരിക്കുന്നതുപോലെ!

യാത്രയുടെ ബാലൻസ്

‘എബിസിഡി’ എന്ന സിനിമയിൽ അമേരിക്കൻ മലയാളിയായ അപ്പൻ മകനോട് പറയുന്നുണ്ട്, ‘മോനേ, കേരളം അല്ലേ ടാ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി!’’ ‘ജേക്കബിന്റെ സ്വർഗരാജ്യ’ത്തിൽ പ്രവാസിയായ പിതാവ് മകനോടു പറഞ്ഞത് ‘‘മോനേ, മലയാളിയാണെങ്കിൽ ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസിൽ കയറി യാത്ര ചെയ്യണം!’’ എന്നാണ്.

രണ്ട് ഡയലോഗുകളും ചേർത്താൽ, കേരളം എന്ന യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും ജീവിതഗന്ധിയായ സിലബസല്ലേ കെഎസ്ആർടിസി യാത്രയും. ലോകത്തിന്റെ ഏതു കോണിലെ മലയാളിയുടെയും ഹൃദയത്തിലൂടെ ബെല്ലും ബ്രേക്കുമില്ലാതെ പായുന്ന ആ നൊസ്റ്റാൾജിയയുടെ രജിസ്ട്രേഷൻ നമ്പരല്ലേ കെ.എൽ. 15!