Tuesday 30 October 2018 05:36 PM IST : By സ്വന്തം ലേഖകൻ

‘അനാർക്കലി’യുടെ വിഷ്വൽ ഭംഗിക്കു പിന്നിലെ ആ സീക്വൻസുകൾ; ലക്ഷദ്വീപ് ഒരു ആകാശക്കാഴ്ച!

anarkali

ഇഷ്ട ലൊക്കേഷനെക്കുറിച്ച് ക്യാമറാമാൻ സുജിത് വാസുദേവ് വനിതയോട്...

ലൊക്കേഷനുകളോടുള്ള ആകർഷണം പല തരത്തിലാണ്. മഞ്ഞുകാലത്ത് മൂന്നാറിെന്റയും ഉൗട്ടിയുടെയും സൗന്ദര്യം എന്റെ ക്യാമറയെ മോഹിപ്പിക്കാറുണ്ട്, മഴക്കാലത്തും മഴ കഴിഞ്ഞയുടനെയും വിളവെടുപ്പുകാലത്തും ആലപ്പുഴയുെട ഭംഗി പകർത്താൻ ഏതു സിനിമാട്ടോഗ്രഫറും െകാതിക്കും. എന്റെ സ്വന്തം നാടായ മലപ്പുറത്തെ അങ്ങാടിപ്പുറവും മനോഹാരിതയുടെ കാര്യത്തിൽ പിന്നിലല്ല. അങ്ങാടിപ്പുറം റെയിൽവേ സ്േറ്റഷന്റെ ചിത്രം സിനിമാക്കാഴ്ചകളെ മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവരുെടയും ഉള്ളിൽ നൊസ്റ്റാൾജിയയായി തങ്ങി നിൽപ്പുണ്ടാകും. ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ എന്ന സിനിമയിലെ സുന്ദരമായ റെയിൽവേ സ്റ്റേഷൻ. ഷൊർണൂർ– നിലമ്പൂർ തീവണ്ടി യാത്രയിെല കാഴ്ചകളും എന്റെ നാടിെന്റ ഭംഗികളെക്കുറിച്ചോർക്കുമ്പോൾ മനസ്സിലേക്കു കയറി വരാറുണ്ട്.

എന്‍റെ കണ്ണുകള്‍ േതടുന്നത്

യാത്രകളെയും പുതിയ പുതിയ സ്ഥലങ്ങൾ നമുക്കായി കാത്തു വയ്ക്കുന്ന കാഴ്ചകളെയും കൊതിയോടെ കാത്തിരിക്കുന്ന ആളാണ് ഞാൻ. ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് മാറുമ്പോൾ ഒാരോയിടവും മനസ്സിൽ ഇടം പിടിക്കാറുണ്ട്. ഒരു െലാേക്കഷനെയോ സിനിമയിെല ലൊക്കേഷനായ വീടിനെയോ ആ സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ് സിനിമാട്ടോഗ്രഫർ കാണുന്നത്. അതുെകാണ്ട് തന്നെ ആ സ്ഥലത്തിെന്റ യഥാർഥ ഭംഗിയല്ല നമ്മൾ കാണുന്നത്. സിനിമയുടെ കഥയ്ക്കും സന്ദർഭത്തിനും ഏറ്റവും ഇണങ്ങുന്ന വിധത്തിൽ എന്തൊക്കെയാണ് അവിെടയുള്ളതെന്നാകും സിനിമാട്ടോഗ്രഫറുടെ കണ്ണുകൾ തേടുന്നത്.

കഴി‍ഞ്ഞ നാലഞ്ചു വർഷക്കാലമായി തിരക്കു പിടിച്ച സിനി മായാത്രകളായിരുന്നു. ഒാരോ ലൊക്കേഷനും ആ സിനിമ പോ ലെ തന്നെ പ്രിയപ്പെട്ടതാണെങ്കിലും എന്റെ മനസ്സിൽ േവറിട്ടു നിൽക്കുന്ന സ്ഥലം ലക്ഷദ്വീപ് ആണ്. ‘അനാർക്കലി’യുെട െലാക്കേഷൻ. ആ സിനിമയ്ക്കു േവണ്ടിയാണ് ഞാൻ ആദ്യമായി ലക്ഷദ്വീപിൽ പോകുന്നത്.

ഗൂഗിളിൽ സെർച്ച് ചെയ്ത് ലക്ഷദ്വീപിനെക്കുറിച്ച് എല്ലാം തന്നെ മനസ്സിലാക്കിയാണ് പോയത്. അവിടുത്തെ ദ്വീപുക ൾ, ആളുകൾ, കാഴ്ചകൾ, ഭാഷ, ഭക്ഷണം, പ്രത്യേകതകൾ... അങ്ങനെയെല്ലാം തന്നെ. സുന്ദരമായ ധാരാളം ചിത്രങ്ങളും ക ണ്ടിരുന്നു. പക്ഷേ, അങ്ങനെയെല്ലാം അറി‍ഞ്ഞിട്ടു പോയിട്ടും ആദ്യമായി ഫ്ളൈറ്റ് അഗത്തിയിലെ കൊച്ചു വിമാനത്താവളത്തിലേക്ക് താഴ്ന്നിറങ്ങാൻ നേരത്ത് ലക്ഷദ്വപീന്റെ ആകാശക്കാഴ്ച കണ്ട് വിസ്മയിച്ചു പോയി... ! കടലിന്റെ അനേകമനേകം നീലിമയുടെ ഷെയ്ഡുകൾ, തൂവെള്ള മണൽപ്പരപ്പ്, കാറ്റിലുലയുന്ന തെങ്ങിൻതോപ്പുകളുെട പച്ചപ്പ്...

ലക്ഷദ്വീപിെന്റ ഭംഗി പോലെ തന്നെ അവിടുത്തെ പ്രത്യേകതകളും ആകർഷകമാണ്. വളരെ വലിപ്പം കുറ‍ഞ്ഞ െകാച്ചു െകാച്ചു ദ്വീപുകളാണ് ലക്ഷദ്വീപിലേത്. മൂന്ന് കിലോമീറ്ററും ഏഴു കിലോമീറ്ററും ഒക്കെയേയുള്ളൂ ദ്വീപുകളുടെ നീളം. അവിെട കുറ്റകൃത്യങ്ങളില്ല. ജയിലുകൾ ഒഴിഞ്ഞു കിടക്കുന്നു. എന്തെങ്കിലും കുറ്റകൃത്യം ചെയ്താലും ഈ ഏഴു കിലോമീറ്റർ ദൂരത്തേക്കേ ഒാടി രക്ഷപ്പെടാനാകൂ എന്ന തിരിച്ചറിവാകും ആളുകളെ അത്തരം പ്രവൃത്തികളിൽ നിന്നു പിന്തിരിപ്പിക്കുന്നതെന്നു തോന്നി. അക്കാര്യത്തിലും ഈ െകാച്ചുദ്വീപ് സമൂഹം ലോകത്തിനു മാതൃകയാണ്. മാത്രമല്ല, ഒരു കടൽക്ഷോഭം വന്നാൽ തീരാവുന്നതേയുള്ളൂ ജീവിതം എന്ന അവസ്ഥ നൽകുന്ന ബോധ്യവും കാണും അവർ അത്ര ഒരുമയോടെ സൗഹാർദത്തോടെയും പുലരുന്നതിനു പിന്നിൽ. ജാതിപരമായും മതപരമായുമുള്ള അകൽച്ച അവർക്കിടയിലില്ല. പെരുമാറ്റത്തിലെ ഉൗഷ്മളതയും ആത്മാർഥതയും െകാണ്ട് നമ്മളെ വല്ലാതെ വശീകരിച്ചു കളയും അവിടത്തുകാർ. ഞങ്ങളവിടെ ചെലവിട്ട മുപ്പത്തിനാലു ദിവസങ്ങൾക്കിടയിൽ അതാണ് തിരിച്ചറിഞ്ഞത്. അവിടുത്തെ ഒാരോ വീടുകളിലും ഞങ്ങളെ അതിഥികളായി കരുതിയിരുന്നു. ഇതുവരെയുള്ള ലൊക്കേഷൻ യാത്രകളിൽ മറ്റെങ്ങും കാണാൻ കഴിഞ്ഞിട്ടില്ലാത്തതു പോലുള്ള അത്ര ഹൃദ്യമായ സ്േനഹമാണ് അവിെട ഞങ്ങൾക്കു കിട്ടിയത്.

അടിത്തട്ട് കാണും പോെല തെളിമയാർന്ന കടലാണ് തീരങ്ങളിൽ. ടോപ്പ് ആംഗിൾ കാഴ്ചയിലാണ് ലക്ഷദ്വീപിന് മനോഹാരിത കൂടുതലെന്നു തോന്നി. തൊട്ടടുത്തു നിന്നുള്ള കാഴ്ചയിൽ ചിലപ്പോൾ അേത സീനറികൾ തന്നെ സാധാരണ ബീച്ചിന്റെ പകർപ്പുകളായി തോന്നാം. അതു കൊണ്ടു തന്നെ ടോപ്പ് ആംഗിൾ സീനുകൾ സിനിമയിൽ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. ‘അനാർക്കലി’യുെട വിഷ്വൽ ഭംഗിക്കു പിന്നിൽ ആ സീക്വൻസുകളുണ്ട്.

ഷൂട്ടിങ്ങിനു പിന്നിൽ നല്ല ഹോം വർക്കുണ്ടായിരുന്നു. സൂര‍്യൻ ഉദിക്കുന്നതിന്റെയും മറയുന്നതിന്റെയും സമയം കൃത്യമായി നിരീക്ഷിച്ചു. കടൽ ഏറ്റവും സുന്ദരമായി പകർത്താൻ യോജിച്ച നേരം അവിടുത്തെ പ്രഭാതങ്ങളിലൂെടും വൈകുന്നേരങ്ങളിലൂടെയും നടന്നപ്പോൾ മനസ്സിലായി. രാവിെല 10 മണി മുതൽ ൈവകിട്ട് മൂന്ന് മണി വരെയുള്ള നേരത്താണ് കടലിന്റെ നിറം സൂര്യവെളിച്ചം റിഫ്ലക്റ്റ് ചെയ്ത് ക്യാമറയിൽ ഏറ്റവും മനോഹാരിതയോടെ പതിയുന്നത്. ആകാശത്തിന്റെ നിറപ്പകർച്ചയുെട പ്രതിഫലനം ആ സമയത്താകും കടലിൽ ഏറ്റവും സുന്ദരമായി തെളിയുന്നത്. അത്തരം നിരീക്ഷണങ്ങൾ ഷോട്ടുകളെ ആകർഷകമാക്കാൻ സഹായിച്ചു.

പ്രവചിക്കാനാകാത്ത കടൽ

ഒരു ദിവസം െവള്ളത്തിനടിയില്‍ ഷൂട്ട് ചെയ്യുകയാണ്. കടലിെന്റ താഴേക്ക് പോകുന്തോറും ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു. വെള്ളം നന്നായി തെളി‍ഞ്ഞിരിക്കുന്നു. അടുത്ത േഷാട്ട് എടുക്കാൻ തയ്യാറെടുക്കുന്ന സമയത്ത് വളരെ തെളി‍ഞ്ഞ് ശാന്തമായിരുന്ന കടൽ പെട്ടെന്ന് കലങ്ങി. എനിക്ക് െതാട്ടു മുന്നിലെ കാഴ്ച പോലും കാണാൻ സാധിക്കുന്നില്ല. ഞാൻ നിന്നിരുന്ന ബോട്ടിെന്റ താഴെ ഭീകരമായ തിര..! കടൽ പെട്ടെന്ന് അപകടകരമായി മാറുകയായിരുന്നു. ഒറ്റ നിമിഷം െകാണ്ട്!

ദൈവാധീനത്തിന് അപകടം ഒന്നും കൂടാെത ഞങ്ങൾ ര ക്ഷപ്പെട്ടു. കടലിന്റെ കാര്യത്തിൽ എല്ലാം പ്രവചനാതീതമാണെന്ന ഒാർമപ്പെടുത്തലായിരുന്നു ആ സംഭവം. അന്ന് ഞങ്ങൾ അവിടുത്തെ ഏറ്റവും ആഴമുള്ള സ്ഥലത്തായിരുന്നു. ആ നാട്ടുകർ തരുന്ന മുന്നറിയിപ്പുകളെ പൂർണമായും വിശ്വസിക്കുക, ആശ്രയിക്കുക... അതേ ചെയ്യാനുള്ളൂ. പിന്നെയെല്ലാം ദൈവത്തിന്റെ കയ്യിലാണ്.

ഷൂട്ടിങ്ങിെന്റ തിരക്കുകളിലായിരുന്നതിനാൽ ലക്ഷദ്വീപിലെ മണൽപ്പരപ്പിലൂെട ഒരുപാടു നേരം ചുറ്റിക്കറങ്ങാനും കൂടുതലായി ആ സ്ഥലം ആസ്വദിക്കാനും സാധിച്ചില്ല. വീണ്ടും അവിെട പോകണമെന്നുണ്ട്. കുറേ നല്ല സുഹൃത്തുക്കളെ കിട്ടി അവിടെ നിന്ന്. അവർ വീണ്ടും വരാൻ ക്ഷണിക്കാറുണ്ട്. ഇനിെയാരിക്കൽ കൂടി, കുടുംബവുമൊത്ത് പോകണമെന്നാണ് േമാഹം.

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയപ്പോൾ ചെറിയ നിരാശ തോന്നിയിരുന്നു. കാലാവസ്ഥ അനുയോജ്യമല്ലാതിരുന്നതിനാൽ അ വിടുത്തെ ബംഗാരം ദ്വീപിലും തിനക്കരയിലും ഷൂട്ട് ചെയ്യാൻ സാധിച്ചില്ലല്ലോ എന്നോര്‍ത്ത്. എപ്പോഴെങ്കിലും ഒരു പരസ്യമോ മ്യൂസിക് ആൽബമോ ആ സ്ഥലങ്ങളിൽ വച്ച് ഷൂട്ട് ചെയ്യണമെന്നുണ്ട്.

മറക്കാനാകാത്ത മറ്റൊരു ലൊക്കേഷൻ അനുഭവം സെവൻത് േഡയുെട ഷൂട്ടിങ്ങിനിടയില്‍ രാത്രി സമയത്ത് വാഗമൺ– കുട്ടിക്കാനം ഭാഗത്ത് സംഭവിച്ചതാണ്. സാധാരണ ഈ സ്ഥലങ്ങൾ രാത്രിയിൽ അങ്ങനെ കാണാറില്ല. ഹോട്ടൽ മുറിയുടെ ജനാലയ്ക്കപ്പുറത്തെ കാഴ്ചയായിട്ടല്ലാതെ. പക്ഷേ, ഈ സിനിമയിൽ രാത്രി മുഴുവനായും ഷൂട്ട് ചെയ്തത് പുതുമ നിറഞ്ഞ അനുഭവമായി.

അതിലെ ഒരു ഷോട്ട് വലിയ ത്രില്ലുണർത്തി. രാത്രിയിലെ റോഡിലൂെട നാലു വണ്ടികൾ കടന്നു പോകുമ്പോഴുള്ള ഒ രു ഷോട്ട്. ആകാശത്തെ തിളങ്ങി നില്‍ക്കുന്ന ചന്ദ്രനെയും അ തിൽ പകർത്തി. അത്തരം അനുഭവങ്ങൾ ഒരു സിനിമാട്ടോഗ്രഫറെ സംബന്ധിച്ച് ഹരം പകരും.

‘എസ്ര’ യിൽ ഇരുട്ടിെന നമുക്ക് പേടിയുണ്ടാക്കുന്ന തരത്തി ൽ ക്രിേയറ്റ് ചെയ്യുക എന്നതായിരുന്നു െവല്ലുവിളി. സ്ക്രീനിലെ ഭീതി സത്യത്തിൽ നിഴലും വെളിച്ചവും െകാണ്ടുള്ള ഒരു മാജിക്കിലൂെട നമ്മൾ ഉണ്ടാക്കുന്നതാണ്. ഇനിെയാരു െഹാറ ർ സിനിമ ചെയ്യുകയാണെങ്കിൽ ഞാൻ മറ്റൊരു തരത്തിലായിരിക്കും ആ ഫീൽ സൃഷ്ടിച്ചെടുക്കുക. അത് സിനിമാട്ടോഗ്രഫറുെട സാേങ്കതികമായ സീക്രട്ടാണ്.