Saturday 28 November 2020 03:35 PM IST : By ശ്യാമ

‘സ്ത്രീയാണ്, തുറിച്ചു നോട്ടങ്ങളുണ്ട്, പീരിയഡ്സിന്റെ ബുദ്ധിമുട്ടുകൾ അലട്ടാറുണ്ട്; അതൊന്നും ലക്ഷ്യത്തിൽ നിന്ന് പിന്മാറാനുള്ള കാരണങ്ങളല്ല’: പെണ്ണ് കാട്ടിലേക്കിറങ്ങുമ്പോൾ, അനുഭവം

aiswarya-sree1

പ്രശസ്തമായ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫര്‍ പുരസ്കാരം േനടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പാലക്കാട് സ്വദേശി ഐശ്വര്യ ശ്രീധർ...

‘‘കാട്ടുപന്നിയുടെ വ്യത്യസ്തമായ ഒരു ചിത്രമെടുക്കാനുള്ള യാത്രയായിരുന്നു അത്. നാഷനൽ പാര്‍ക്കിലൂടെ ആ മൃഗത്തിനു പിന്നാലെ നടന്നു നടന്ന് എത്ര ദൂരം പോയി എന്നു തന്നെ മറന്നു. മനസ്സില്‍ ഒരേയൊരു ലക്ഷ്യം മാത്രം. ആ പാവം മൃഗത്തിനും േദഷ്യം വന്നിട്ടുണ്ടാകാം. െപട്ടെന്നത് എനിക്കു നേരേ തിരിഞ്ഞ് കാലുകൾ നിലത്തുരച്ചു.

സംഗതി വഷളാകുന്നു എന്നു തോന്നിയതും  ഞാന്‍ ഓടാൻ തുടങ്ങിയതും ഒരുമിച്ച്. ഉയർന്നു പൊങ്ങുന്ന പൊടിയേക്കാൾ വേഗത്തിലായിരുന്നു എന്റെ ഓട്ടം! പാറുന്ന വേഗത്തിൽ കാറിൽ കയറിയിട്ടും അപകടം പറ്റിയില്ല, ജീവനോടെയുണ്ട് എന്നൊക്കെ വിശ്വസിക്കാൻ ഏറെ സമയമെടുത്തു....’’

െകാടുംവനത്തിനുള്ളില്‍, അധികമാരും സഞ്ചരിക്കാത്ത വ ഴികളിലൂെട അപൂര്‍വ സുന്ദര മുഹൂര്‍ത്തങ്ങള്‍ േതടി നടത്തിയ യാത്രകളെ കുറിച്ച് ഐശ്വര്യ ശ്രീധർ വാചാലയാകുന്നു.

ലോകത്തെ എല്ലാ വന്യജീവി ഫൊട്ടോഗ്രഫര്‍മാരും െകാതിക്കുന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍ ഒാഫ് ദി ഇയര്‍ അവാര്‍ഡ് ഇത്തവണ േനടിയത് ഇരുപത്തിമൂന്നുകാരി ഐശ്വര്യയാണ്. 80 രാജ്യങ്ങളിൽ നിന്നുള്ള 50,000 എൻട്രികളിൽ നിന്നാണ് ഐശ്വര്യയുെട ചിത്രം ജഡ്ജിങ് കമ്മിറ്റി ഒന്നാംസ്ഥാനത്തേക്കു തിരഞ്ഞെടുത്തത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന പദവി കൂടി മഹാരാഷ്ട്രയില്‍ താമസിക്കുന്ന ഈ പാലക്കാട് സ്വദേശിക്ക് സ്വന്തം. ഒക്ടോബർ 13ന് ലണ്ടനിൽ നടന്ന ചടങ്ങിൽ പ്രകൃതിവാദിയായ ക്രിസ് പാക്ഹാം ആണ് വിര്‍ച്വല്‍ ആയി വിജയികളെ  പ്രഖ്യാപിച്ചത്. ‘ലൈറ്റ്സ് ഓഫ് പാഷൻ’ എന്നു പേരിട്ട, മിന്നാമിന്നുകൾ നിറയുന്ന മരത്തിന്റെ ചിത്രം ബിഹേവിയര്‍ ഇൻവെർട്ടിബ്രേറ്റ് വിഭാഗത്തി ലാണ് ഉൾപ്പെട്ടത്.

ഇന്റർനെറ്റ് എന്ന മഹാഗുരു

‘‘പണ്ടു മുതലേ പ്രകൃതിയെയും മൃഗങ്ങളെയും ഒക്കെ ഇഷ്ടമായിരുന്നു.’’ കാടിനെ പ്രണയിച്ച അനുഭവങ്ങള്‍ െഎശ്വര്യ പറഞ്ഞു തുടങ്ങി. ‘‘കാടിന്റെ കഥകൾ അറിഞ്ഞ് അതു മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കണം എന്നായിരുന്നു മോഹം. അവ പറയാൻ ശ്രമിച്ചപ്പോഴാണ് അതിൽ വിഷ്വൽ ഇമേജുകൾക്കുള്ള പ്രാധാന്യം തിരിച്ചറിയുന്നത്. അങ്ങനെ ക്യാമറയുമായി അടുപ്പത്തിലായി. ക്യാമറയിലൂടെ ഞാൻ കാണുന്ന കാഴ്ചകൾ മറ്റുള്ളവരിലെത്തിച്ച് അതിലൂടെ പ്രകൃതിയെ കൂടുതൽ സ്നേഹിക്കാൻ പഠിപ്പിക്കുക. ഇെതാക്കെയായിരുന്നു മനസ്സില്‍.  

firefly-with-star-trails

പ്രത്യേക കോഴ്സൊന്നും െചയ്തിട്ടില്ല. അറിയാവുന്നതൊക്കെ ഇന്റർനെറ്റിൽ നിന്നു കിട്ടിയ വിവരങ്ങളാണ്. കുഞ്ഞുന്നാളിലേ മറ്റെന്തിനെക്കാളും കൂടുതലായി നാഷനൽ ജ്യോഗ്രഫിക് ചാനലും ഡിസ്കവറിയും മറ്റ് വൈല്‍ഡ്‌ലൈഫുമായി ബ ന്ധപ്പെട്ട പരിപാടികളും വിടാതെ കാണും. അതൊക്കെ സ്വാധീനിച്ചിട്ടുണ്ടാകണം. ഒരു വ്യക്തിയല്ല, ഇത്തരം കാഴ്ചകളാണ് എന്നെ സ്വാധീനിച്ചത്.  

ഈ ഫീൽഡിലേക്ക് വന്നപ്പോൾ ധാരാളം ആളുകളെ അടുത്തറിയാനും ഒപ്പം ജോലി ചെയ്യാനും ഒക്കെ സാധിച്ചു. ഞാൻ റോൾമോഡലായി കണക്കാക്കുന്നത് ചെന്നൈ സ്വദേശിയായ െെവല്‍ഡ് െെലഫ് ഫൊട്ടോഗ്രഫര്‍ രതിക രാമസ്വാമിയെയാണ്. ഞങ്ങൾ ഇതുവരെ നേരിൽ കണ്ടിട്ടില്ല, വിർച്വൽ മീറ്റിങ്ങുകൾ ഉണ്ടായിട്ടുണ്ട്.

പെണ്ണ് കാട്ടിലേക്കിറങ്ങുമ്പോൾ

ഈ അവാര്‍ഡ് ലഭിച്ചതോെട എന്‍റെ േപരും ചിത്രങ്ങളും ഒക്കെ വൈറലായി എന്നതാണ് ഇപ്പോ സംഭവിച്ച പൊസിറ്റീവ് കാര്യം. ഒരുപാട് ആളുകൾ പ്രവർത്തിക്കുന്നൊരു മേഖലയാണെങ്കിലും വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫിക്ക് എക്സ്പോഷർ കുറവാണ്. എത്രനാള്‍ വനങ്ങളില്‍ അലഞ്ഞ് കഷ്ടപ്പെട്ടാലാണ് നല്ല ചിത്രം ലഭിക്കുന്നത്. മാസങ്ങള്‍ മെനക്കെട്ടിട്ട് ഒരു ചിത്രം േപാലും ലഭിക്കാതെയും വരും. ഈ സമയത്തൊന്നും നമ്മളെ ആരും കാര്യമായെടുക്കാറില്ല.

അതുപോലെ ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള ഫണ്ടിങ്ങും തീരെ കുറവാണ്. വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മറ്റൊരു പ്രശ്നവും ഉണ്ട്. കാട്ടിൽ കയറി ഡോക്യുമെന്ററി ഷൂട്ട് ചെയ്യണമെങ്കിൽ അവിടെ കയറാനും മറ്റുമുള്ള ഫീസ്  വളരെ കൂടുതലാണ്. റിസര്‍വ് ഫോറസ്റ്റിലൊക്കെയാണ് പ്രഫഷനൽ ക്യാമറ വച്ച് ഷൂട്ട് പ്ലാൻ ചെയ്യുന്നതെങ്കിൽ ഈ ഫീസ് കാരണം തന്നെ ബജറ്റ് ഇരട്ടിയാകും.

സ്ത്രീയാണ്, തുറിച്ചു നോട്ടങ്ങളുണ്ട്, പീരിയഡ്സിന്റെ ബുദ്ധിമുട്ടുകൾ അലട്ടാറുണ്ട്. അതൊന്നും ലക്ഷ്യത്തിൽ നിന്ന് പി ന്മാറാനുള്ള കാരണങ്ങളല്ല. വൈൽഡ്‌ലൈവ് ഫൊട്ടോഗ്രഫി ചെയ്യണം എന്നാഗ്രഹമുള്ളവരോട് എനിക്കു പറയാനുള്ള പ്രധാനകാര്യം ഒരിക്കലും നിങ്ങളുടെ ആഗ്രഹങ്ങളെ കൊന്നൊടുക്കരുതെന്നാണ്. മറ്റു ജോലിയുള്ളവരാണെങ്കില്‍ കൂടി വാരാന്ത്യങ്ങളും അവധി ദിവസങ്ങളും നിങ്ങളുടെ ആഗ്രഹത്തിനു വേണ്ടി മാറ്റിവയ്ക്കുക. ഇത് ഹോബിയായും കൂടെക്കൂട്ടാം. നിങ്ങള്‍ക്ക് േപാകാൻ പറ്റുന്ന കാടുകളിലേക്കു സഞ്ചരിക്കുക. ക്യാമറയുടെ അറ്റവും മൂലയും നന്നായി അറിഞ്ഞിരിക്കുക. അല്‍പസമയം ഇന്‍റര്‍നെറ്റില്‍ ചെലവഴിച്ചാല്‍ എല്ലാം പഠിച്ചെടുക്കാവുന്നതേയുള്ളൂ.

ഒപ്പമുള്ളവരൊക്കെ എപ്പോഴും സപ്പോർട്ട് തരാറുമുണ്ട്. കൂട്ടത്തിലൊരാള്‍ നല്ലൊരു ചിത്രമെടുക്കുമ്പോൾ അതിലും മികച്ചതെടുക്കാനുള്ള ആഗ്രഹം എല്ലാവർക്കും തോന്നും. അതിനായി ശ്രമിക്കും, അല്ലാതെ അയാളെ അസൂയയോടെ നോക്കുകയോ ഒറ്റപ്പെടുത്തുകയോ അല്ല. ആരോഗ്യകരമായ മത്സരങ്ങളാണ് ഇപ്പോഴുള്ളത്.

flamingoes_1_-7898

വേരുകൾ താണ്ടിയുള്ള സഞ്ചാരം

പാലക്കാട് കൽപ്പാത്തിയാണ് എന്റെ സ്വദേശം. പക്ഷേ, ഇപ്പോ അവിടെ വീട്ടുകാരാരുമില്ല. കോഴിക്കോട്ട് കുറച്ച് ബന്ധുക്കളുണ്ട്. മാസ് മീഡിയയില്‍ ആണ് ബിരുദം. അമ്മ റാണി ശ്രീധർ ഹൗസ്‌വൈഫാണ്. അച്ഛൻ ശ്രീധർ രങ്കനാഥൻ വോഡഫോണിൽ നിന്ന് ഈയിടെ വിരമിച്ചു. മുംബൈ പൻവേലിലെ വീട്ടില്‍ ഞങ്ങൾക്കൊപ്പം എന്റെ അമ്മൂമ്മയും ആന്റിയും ഉണ്ട്.

ചെറുപ്പത്തിൽ നാട്ടിൽ വരുന്ന സമയത്ത് ഏറ്റവും കൂടുതൽ പോയിരുന്ന സ്ഥലമാണ് സൈലന്റ് വാലി. സിംഹവാലൻ കുരങ്ങിന്റെ ചിത്രമെടുക്കാൻ ഈയടുത്തും വന്നിരുന്നു. ഇന്ത്യയ്ക്കു പുറത്ത് പോയി ഇതുവരെ ചിത്രങ്ങൾ എടുത്തിട്ടില്ല. ഈ വർഷം പോകാനുള്ള പ്ലാനിട്ടിരുന്നു. കോവിഡ് വന്ന് അതൊക്കെ ഒറ്റയടിക്ക് ഇല്ലാതാക്കി.

ഗുജറാത്തിൽ വച്ച് കഴുതപ്പുലിയെ (ഇന്ത്യൻ സ്ട്രൈപ്ഡ് ഹൈന) ട്രാക് ചെ‌യ്തതാണ് മറക്കാനാകാത്ത അനുഭവം. കാൽപ്പാടുകളും മറ്റും വച്ച് അതിനെ കണ്ടെത്താന്‍ ഏറെ ദൂരം നടന്നു. കഴുതപ്പുലിയെ കണ്ടെത്തി ഫോട്ടോ എടുത്തപ്പോഴുണ്ടായ ആനന്ദം, അത് അളക്കാൻ പറ്റില്ല.

ആദ്യമായി പുലിയുടെ ഫോട്ടോ എടുത്തത് രണ്ടു മണിക്കൂറത്തെ കാത്തിരിപ്പിന് ശേഷമാണ്. എനിക്കന്ന് പത്തോ പതിനൊന്നൊ വയസ്സേയുള്ളൂ. പെൺപുലിയായിരുന്നു അത്. ഒരു ചെന്നായയെ ഓടിക്കുന്നതിനിടയ്ക്കാണ് അവളെ കണ്ടത്. പ്രഫഷനൽ ക്യാമറയൊന്നുമുണ്ടായിരുന്നില്ല. സാധാരണ ക്യാമറയിൽ എനിക്ക് കിട്ടയത് അസാധാരണമായ ചിത്രം.

വീട്ടുകാരൊത്ത് യാത്രകൾ പോകുമ്പോഴും എന്റെയൊരു കണ്ണ് മുന്നിൽ വരാന്‍ സാധ്യതയുള്ള ജീവികളെ കാണുന്നതിനുള്ള തയാറെടുപ്പിലായിരിക്കും. ഒരിക്കല്‍ ഞങ്ങള്‍ ഗുരുവായൂരിലേക്ക് റോഡ് ട്രിപ് നടത്തി. അതിനിടയിൽ പോലും ഞാൻ ഒരുപാട് കിളികളെ കണ്ടു. മലബാർ ട്രോഗൺ, പോംപഡോർ ഗ്രീൻ പിജിയൺ, ഓസ്പ്രേ, സ്റ്റോക് ബിൽഡ് കിങ് ഫിഷർ അങ്ങനെ പല തരം കിളികളുെട ചിത്രങ്ങളുമെടുത്തു. എന്‍റെയീ ക്രെയ്സ് കണ്ടു വീട്ടുകാരും സുഹൃത്തുക്കളും കൂടി എനിക്ക് അറിഞ്ഞിട്ട പേരാണ് ‘കാട്ടുപ്രാന്തി’.

ലൈറ്റ്സ് ഓഫ് പാഷൻ

മഹാരാഷ്ട്രയിലെ ബണ്ഡാർധരയിൽ വച്ചാണ് അവാര്‍ഡിനര്‍ഹമായ ചിത്രം എടുത്തത്. മുംബൈയിൽ നിന്നു നാല് മണിക്കൂറോളം യാത്രയുണ്ട് അവിടേക്ക്. ചിത്രമെടുത്ത സ്ഥലത്തേക്ക് വീണ്ടും ഒരുപാട് നടക്കണം.

മിന്നാമിനുങ്ങുകളുടെ ഇണചേരൽ ഒരു പ്രത്യേക രീതിയിലാണ്. ആൺ മിന്നാമിനുങ്ങുകൾ ഇണചേരാനുള്ള താൽപര്യം പ്രകടിപ്പിക്കാൻ അവരുടെ ശരീരത്തിൽ നിന്ന് വെളിച്ചം തെളിയിക്കും. ഇണചേരാൻ താൽപര്യമുള്ള പെ ൺ മിന്നാമിന്നികൾ സമ്മതമെന്നോണം തിരിച്ചും വെളിച്ചം തെളിയിക്കും. ഇരുഭാഗത്തു നിന്നും സമ്മതം അറിയിച്ച ശേഷം മാത്രമാണ് അവർ ഇണചേരുന്നത്. അതുകൊണ്ടാണ് ഞാൻ ഈ ചിത്രത്തിന് ‘ലൈറ്റ്സ് ഓഫ് പാഷൻ’ എന്ന് പേര് കൊടുത്തത്.

നൂറുകണക്കിന് മിന്നാമിന്നുങ്ങുകൾ ചേക്കേറിയ മരമായിരുന്നു അത്.  ആദ്യം മരത്തിന്റെ മാത്രം ചിത്രമാണെടുത്തത്. പിന്നീട് നക്ഷത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന ആകാശം കൂടി ചേർത്ത് ഫ്രെയിം സെറ്റ് ചെയ്തൊരു ക്ലിക്. കാനൻ 1ഡിഎക്സ് മാർക് ടു ക്യാമറയാണ് ഉപയോഗിച്ചത്. കാനനിന്റെ തന്നെ 16– 35 എംഎം വൈഡ് ആംഗിൾ ലെൻസും.

Host-2-on-location_7266

പ്രതീക്ഷ, കുട്ടികളില്‍...

∙ ചിത്രങ്ങൾ എടുക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം?

ഓരോ സ്ഥലത്തും വൈവിധ്യമാർന്ന പ്രകൃതിയും ജീവജാലങ്ങളും ഉണ്ട് എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാലും തടോബ നാഷനൽ പാർക്, സൈലന്റ് വാലി, വാൽപാറ, ലിറ്റിൽ റാൻ ഓഫ് കച്ച് ഈ സ്ഥലങ്ങളോട് കുറച്ചേറെ ഇഷ്ടമുണ്ട്.

∙ ഇതു വരെ കിട്ടിയ അംഗീകാരങ്ങൾ?

സാങ്ച്വറി ഏഷ്യ യങ് നാചുറലിസ്റ്റ് അവാർഡ്, ഡയാന അവാർഡ്, തമിഴ്നാട് ഗവർണർ നൽകിയ വുമൺ ഐ ക്കൺ ഇന്ത്യ അവാർഡ്, ഇന്റർനാഷനൽ ക്യാമറ ഫെയർ അവാർഡ്, യങ്ങ് ഡിജിറ്റൽ ക്യാമറ ഫൊട്ടോഗ്രഫർ അവാർഡ് 2018 അങ്ങനെ പലതും.

കേരളസര്‍ക്കാര്‍ വൈൽഡ്‌ലൈഫ് വീക്ക് 2020യുടെ ഭാഗമായി നടത്തിയ യാത്രാവിവരണ മത്സരത്തിൽ ഇംഗ്ലിഷ് വിഭാഗത്തിൽ ഒന്നാം സമ്മാനം കിട്ടിയിരുന്നു. കേരള സംസ്ഥാന വന്യജീവി മാഗസിൻ ‘ആരണ്യ’ത്തിൽ എന്റെ ചിത്രങ്ങൾ അച്ചടിച്ചു വന്നിട്ടുമുണ്ട്.

∙ ഭാവി തലമുറയ്ക്ക് നൽകാനുള്ള ഉപദേശം.

പ്രകൃതിയെ ബഹുമാനിക്കുക. നമ്മൾ ആവശ്യത്തിലധികം ദ്രോഹം പ്രകൃതിയാട് ചെയ്തിട്ടുണ്ട്, ചെയ്യുന്നുമുണ്ട്. അതുകൊണ്ടൊക്കെയാണ് കോവിഡ് പോലുള്ള മഹാമാരികൾ അനുഭവിക്കേണ്ടി വരുന്നത്. വികസനം എന്നു മാത്രമാകരുത് ചിന്ത. പ്രക‍ൃതിയെക്കുറിച്ചുള്ള കരുതലും വേ ണം. ഇപ്പോഴത്തെ കുട്ടികളിൽ എനിക്ക് പ്രതീക്ഷയുണ്ട്. ശരികൾക്കു വേണ്ടി ആരെയും പേടിക്കാതെ ശബ്ദമുയർത്തുന്നവരാണ് അവര്‍.

∙ ഇത് വായിക്കുന്ന പെൺകുട്ടികളോടു പറയാനുള്ളത്

നിങ്ങളുടെ ജെൻഡറിനും അപ്പുറമാണ് നിങ്ങൾ. പെണ്ണാണ് എന്നത് ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങളെ തടസ്സപ്പെടുത്തുന്നൊരു കാര്യമല്ല. സ്വപ്നത്തിന് ആണെന്നൊ പെണ്ണെന്നൊ വ്യത്യാസമില്ല. ആ നേട്ടത്തിലെത്തിപ്പിടിക്കാൻ വേണ്ട പര്യാപ്തത നേടുക. വിട്ടുവീഴ്ച്ചയൊന്നുമില്ലാതെ അധ്വാനിക്കുക. ലക്ഷ്യം കാണുക.   

Painted-Stork_8941