Wednesday 11 January 2023 12:36 PM IST : By സ്വന്തം ലേഖകൻ

അമ്പമ്പോ... ഇത് നമ്മുടെ ശോഭനയല്ലേ?, അപരയെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ: ആ വൈറൽ ഗായിക ഇതാ

shobhana-dupe

അപരൻമാരെ തിരഞ്ഞുള്ള ഡ്യൂപ് ചലഞ്ചുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. താരങ്ങളുമായുള്ള രൂപ സാദൃശ്യം പങ്കുവച്ച് സോഷ്യൽ മീഡിയ ചർച്ചകൾ സജീവം. ഇതിനിടെ ചില വിരുതൻമാർ ഒരു ബന്ധവുമില്ലാത്ത തരത്തിൽ തങ്ങളുടെ ചിത്രവും ഇഷ്ടതാരങ്ങളുടെ ചിത്രവും ഡ്യൂപ്പെന്ന തരത്തിൽ പങ്കുവച്ച് ചിരിക്ക് വക നൽകുന്നുമുണ്ട്.

എന്നാൽ ഇവിടെയിതാ അമ്പരപ്പിക്കുന്നൊരു രൂപ സാദൃശ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ് ഒരു സംഗീതജ്ഞ. പ്രഗത്ഭയായ കർണാടിക് സംഗീതജ്ഞ ശിവശ്രീ സ്കന്ദയാണ് കഥയിലെ നായിക. നടി ശോഭനയുമായി ശിവശ്രീക്ക് മുഖസാദൃശ്യമുണ്ടെന്നാണ് സമൂഹമാധ്യമലോകത്തിന്റെ കണ്ടെത്തൽ. ശിവശ്രീ കച്ചേരി അവതരിപ്പിക്കുന്നതിന്റെ വിഡിയോയും ശോഭനയുടെ ചിത്രങ്ങളും ചേർത്തുവച്ചാണ് ഡ്യൂപ്പ് ചലഞ്ചിനെ വൈറലാക്കിയിരിക്കുന്നത്.

ശിവശ്രീയുടെ പഴയ വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ശോഭനയാണെന്നേ തോന്നൂ. മണിച്ചിത്രത്താഴിലും, പവിത്രത്തിലും, മഴയെത്തും മുൻപേയിലുമൊക്കെ കണ്ട അതേ ശോഭന. നിരവധി പേരാണ് ശിവശ്രീയൂടെ മുഖസാദൃശ്യം കണ്ട് ഞെട്ടിയിരിക്കുന്നത്.

ഇത് ശരിക്കും ശോഭനയാണോ എന്നാണ് പലരുടേയും ചോദ്യം. ശിവശ്രീ സമൂഹമാധ്യമങ്ങളിൽ നിരവധി ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. എന്നാൽ അവയില്‍ ചിലതിൽ മാത്രമാണ് ശോഭനയുമായി സാമ്യം തോന്നുന്നത്. 

പ്രശസ്ത കർണാടിക് സംഗീതജ്ഞയും നർത്തകിയുമാണ് ശിവശ്രീ സ്കന്ദ. മ്യൂസിക് അക്കാദമി, നാരദ ഗാനസഭ, ശ്രീകൃഷ്ണ ഗാനസഭ, ബ്രഹ്മഗാനസഭ തുടങ്ങിയ വേദികളില്‍ ഒരു ദശാബ്ദത്തിലേറെയായി അവര്‍ പാട്ടും നൃത്തവും അവതരിപ്പിക്കുന്നുണ്ട്. ബിടെക് ബിരുദധാരിയാണ്. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പിതാവ് സ്കന്ദപ്രസാദ് പ്രഗത്ഭനായ മൃദംഗ വിദ്വാനാണ്.