Friday 18 November 2022 05:04 PM IST : By സ്വന്തം ലേഖകൻ

സുൽഫത്ത് പുറകിലൂടെ വന്ന് മമ്മൂക്കയെ കെട്ടിപ്പിടിച്ചു, ഞങ്ങളും കരഞ്ഞു: മുകേഷ്

mukesh-mammootty

ഹൃദയംതൊടുന്ന സൗഹൃദത്തിന്റെ കഥ പറഞ്ഞ ‘കഥപറയുമ്പോൾ’ എന്ന ചിത്രം പ്രേക്ഷക മനസുകളിൽ എന്നും സുന്ദരമായ ഓർമയാണ്. മമ്മൂട്ടിയും ശ്രീനിവാസനും ഒരുമിച്ച ചിത്രം നിറകണ്ണുകളോടെയല്ലാതെ മലയാളി ഓർത്തെടുക്കില്ല. വഴിയിലെവിടെയോ നഷ്ടപ്പെട്ട സൗഹൃദം നിധി പോലെ തിരികെ കിട്ടുന്ന കഥ ശ്രീനിവാസന്റെ ബാലനിലൂടെയും മമ്മൂട്ടിയുടെ അശോക് രാജിലൂടെയും അനശ്വരമാകുകയാരുന്നു.

കഥപറയുമ്പോൾ സിനിമയിലെ ആരും അറിയാത്ത കഥ ഇപ്പോഴിതാ പ്രേക്ഷകർക്കു പരിചയപ്പെടുത്തുകയാണ് ചിത്രത്തിന്റെ നിർമാതാവും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത താരവുമായ മുകേഷ്.

സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രം അടുത്ത സുഹൃത്തുക്കളായ താനും ശ്രീനിവാസനും ചെയ്യാനുണ്ടായ സാഹചര്യത്തിൽ നിന്നുമാണ് മുകേഷ് കഥപറഞ്ഞു തുടങ്ങുന്നത്.

‘ചിത്രം തന്റെ അളിയൻ കൂടിയായ എം മോഹനൻ സംവിധാനം ചെയ്യണമെന്ന ആഗ്രഹമാണ് ശ്രീനിവാസൻ പറഞ്ഞത്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ കുടുംബ പ്രശ്നമുണ്ടാകുമെന്ന് തമാശയായി പറഞ്ഞു. ചിത്രത്തിലേക്ക് മമ്മൂട്ടിയെ പരിഗണിക്കുമ്പോൾ ആശങ്കയുണ്ടായിരുന്നു. മമ്മൂട്ടി നമുക്ക് താങ്ങുമോ എന്നായിരുന്നു ടെൻഷൻ. മമ്മൂക്കയോട് കാര്യം അവതരിപ്പിക്കാൻ വീട്ടിലേക്ക് വരട്ടെയെന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെ ക്ഷണിച്ചു. നിങ്ങൾ രണ്ട് മഹാത്മാക്കളല്ലേ... പോന്നോ എന്ന് പറഞ്ഞു കളിയാക്കി. മമ്മൂക്കയും ഭാര്യയും അവിടെയുണ്ട്. ഞങ്ങളായതു കൊണ്ട് മമ്മൂക്കയുടെ ഭാര്യ അവിടെത്തന്നെ നിന്നു. ഞങ്ങളാണ് ഈ സിനിമ നിർമിക്കുന്നതെന്ന് മമ്മൂക്ക സുൽഫത്തിനോട് പറഞ്ഞിരുന്നു.

ശ്രീനിയോട് ഞാൻ പറഞ്ഞു ‘‘കീഴ്‌വഴക്കം അനുസരിച്ച് ആ കഥ പറഞ്ഞോ’’. മമ്മൂക്ക പറഞ്ഞു ‘‘കീഴ്‌വഴക്കം അനുസരിച്ച് ആ കഥ പറയണ്ട’’. ഞാൻ ചോദിച്ചു ‘‘അതെന്തുപറ്റി?’’. അദ്ദേഹം പറഞ്ഞു ‘‘ശ്രീനിയുടെ കഥയിൽ എനിക്ക് വിശ്വാസമാണ്, മാത്രമല്ല പല സന്ദർഭങ്ങളിലും കഥ പറഞ്ഞിട്ടുമുണ്ട്, കഥ പറഞ്ഞ് നിങ്ങൾ സമയം കളയേണ്ട. എനിക്കതിനുള്ള സമയവും ഇല്ല, ഞാൻ എന്നു വരണം എന്നുമാത്രം പറഞ്ഞാൽ മതി’’.

അപ്പോഴും മമ്മൂക്കയ്ക്ക് എന്ത് പ്രതിഫലം കൊടുക്കും എന്ന കാര്യത്തിൽ ഞങ്ങൾ ടെൻഷനിലായിരുന്നു. എന്തുതരണം, എത്ര അഡ്വാൻസ് തരണം എന്നൊക്കെയുള്ള കാര്യത്തിൽ. പക്ഷേ മമ്മൂക്ക ഞെട്ടിച്ചു. ഈ പടം ഞാന്‍ ഫ്രീയായി ചെയ്യുമെന്ന് പറഞ്ഞു.

ഈരംഗത്തിനൊക്കെ സാക്ഷിയായി മമ്മൂക്കയുടെ ഭാര്യ സുൽഫത്ത് പുറകിൽ നിൽപ്പുണ്ടായിരുന്നു. മമ്മൂക്ക ഫ്രീയായി ചെയ്യും എന്നു പറഞ്ഞതോടെ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പുറകിലൂടെ വന്ന് മമ്മൂക്കയെ കെട്ടിപ്പിടിച്ചു. അവർ ടെൻഷനിൽ ആയിരുന്നു. ഇച്ചാക്കാ നന്നായി... നന്നായി... എന്ന് വികാരാധീനയായി പറഞ്ഞു. വലിയ റേറ്റ് ഒക്കെ മമ്മൂക്ക പറഞ്ഞിട്ട് ഞങ്ങൾക്ക് താങ്ങില്ല എന്ന് പറഞ്ഞാലുണ്ടാകുന്ന വിഷമ സാഹചര്യം അഭിമുഖീകരിക്കാൻ പറ്റാത്തതിലുള്ള ടെൻഷനിൽ നിൽക്കുകയായിരുന്ന അവർ പറഞ്ഞു. ശരിക്കും പറഞ്ഞാൽ കഥപറഞ്ഞാൽ സിനിമയിൽ പോലും ഇല്ലാത്ത വൈകാരിക നിമിഷം.– മുകേഷ് പറയുന്നു.

വിഡിയോ കാണാം: