Tuesday 04 June 2024 11:34 AM IST

കോഫി പൗഡറും പഞ്ചസാരയും സ്ക്രബ്, ത്വക്ക് വരണ്ടു പോകാതിരിക്കാൻ അമ്മയുടെ വക സൂപ്പർ ടിപ്: ഗായത്രിയുടെ ബ്യൂട്ടിമന്ത്ര

Sruthy Sreekumar

Sub Editor, Manorama Arogyam

gaya32435

ഗായത്രി ഏറ്റവും കൂടുതൽ കേട്ടിരിക്കുക ദീപ്തി എന്ന വിളിയായിരിക്കും. കാരണം മലയാളികൾക്ക് ഗായത്രി അവരുടെ ദീപ്തിയാണ്. പരസ്പരം എന്ന സീരിയൽ അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും അതിലെ ദീപ്തി എന്ന ഗായത്രി ഇന്നും പ്രേക്ഷകർക്കു സ്വന്തം കുട്ടി തന്നെയാണ്.  ചർമപരിപാലനത്തിൽ സ്വീകരിക്കുന്ന കുഞ്ഞ് ടിപ്സുകൾ വായനക്കാർക്കു വേണ്ടി ഗായത്രി പങ്കുവയ്ക്കുന്നു.

Beauty parlour for hair

പണ്ട് സ്കിൻ കെയറിനൊന്നും കാര്യമായ ശ്രദ്ധ നൽകിയിരുന്നില്ല. അഭിനയരംഗത്തു കടന്നതിൽ പിന്നെയാണ് സൗന്ദര്യപരിചരണത്തിലൊക്കെ കുറച്ചെങ്കിലും ശ്രദ്ധിക്കാൻ തുടങ്ങിയത്. പൊതുവെ ഇത്തരം കാര്യങ്ങളിൽ മടിയുള്ള ആളാണ് ഞാൻ. ബൂട്ടി പാർലറുകളിൽ ചെയ്യുന്ന ഫേഷ്യൽ പോലുള്ള ട്രീറ്റ്മെന്റുകൾ ഒന്നും മുഖത്തിനായി ചെയ്യാറില്ല. വർഷങ്ങൾക്കു മുൻപ് ചെയ്തിരുന്നു. പാർലറിൽ പോകുന്നത് ഹെയർട്രീറ്റ്മെന്റിനു വേണ്ടിയാണ്. പിന്നെ പെഡിക്യൂറും മാനിക്യൂറും.

For my face

മുഖത്തിന് വേണ്ടി ഇടയ്ക്ക് കെമിക്കൽ പീലിങ് ചെയ്യാറുണ്ട്. എന്റെ അടുത്ത സുഹൃത്തായ ഡെർമറ്റോളജിസ്റ്റിന്റെ അടുത്താണ് ചെയ്യുന്നത്. വർഷത്തിൽ ഒരിക്കലോ രണ്ടു പ്രാവശ്യമോ. ഇതു ചെയ്യുന്നതിന്റെ ഫലം നീണ്ടു നിൽക്കാറുണ്ട്. ത്വക്കിനു പുറമെ ചെയ്യുന്നതിനെക്കാൾ പ്രയോജനം കോശങ്ങൾക്കുള്ളിൽ ചെയ്യുന്നതാണ് എന്നാണ് എന്റെ അഭിപ്രായം. എന്റെ ത്വക്കിൽ എന്തുപ്രശ്നം വന്നാലും ഡെർമറ്റോളജിനെ കാണും. മുഖത്ത് സ്ഥിരമായി ക്രീം ഉപയോഗിക്കുന്ന പതിവൊന്നും ഇല്ല.

ഡോക്ടർ നിർദേശിച്ച പ്രകാരം കണ്ണിനു ചുറ്റും ക്രീം ഉപയോഗിക്കുന്നുണ്ട്. വരണ്ട ചർമ പ്രകൃതിയാണ് എനിക്ക്. അതു മാറ്റാൻ കൈയിലും കാലിലും മോയ്സ്ചറൈസർ പുരട്ടാറുണ്ട്. പെട്ടെന്നു ഫങ്ഷനും മറ്റും പങ്കെടുക്കേണ്ടതുണ്ടെങ്കിൽ ഫെയ്സ് മാസ്ക് ഉപയോഗിക്കാറുണ്ട്. മാസ്ക് ആയിട്ട് തന്നെ ലഭിക്കുമല്ലോ. മുഖം വൃത്തിയാക്കി, സ്ക്രബ് ചെയ്ത്, മാസ്ക് ഉപയോഗിച്ചു കഴിഞ്ഞാൽ ക്ലീൻ അപ് ചെയ്ത പ്രതീതി ഉണ്ടാകും. 10 മിനിറ്റ് മാത്രം മതി..

Light make up only

മേക്കപ്പ് ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കാറുണ്ട്. ഗുണമേൻമയുള്ള മേക്കപ്പ് ബ്രാൻഡ് തന്നെയാണ് ഉപയോഗിക്കുന്നത്. അല്ലെങ്കിൽ മുഖത്ത് കുരു വരാം. ഷൂട്ടിങ്ങിൽ എന്റെ സ്വന്തം മേക്കപ്പ് ഉൽപന്നങ്ങളാണ് ഉപയോഗിക്കാറ്. സീരിയൽ ചെയ്തിരുന്നപ്പോഴും മിനിമം മേക്കപ്പ് മാത്രമെ ചെയ്തിരുന്നുള്ളൂ. പരസ്പരത്തിൽ പൊലീസ് റോളിൽ ആയതുകൊണ്ട് തന്നെ ഒരുപാട് മേക്കപ്പിന്റെ ആവശ്യം ഇല്ലോ.

 വൺ സിനിമയില്‍ അഭിനയിച്ചപ്പോൾ  മേക്കപ്പ്മാൻ പറഞ്ഞു, ഈ റോൾ മേക്കപ്പ് ഇല്ലാതെ ചെയ്യാം എന്ന്. അതുകൊണ്ട് ഷോട്ട് തുടങ്ങും മുൻപ് മുഖം ഒന്നു തുടയ്ക്കും, അത്രേയുള്ളൂ. മേക്കപ്പ് കളയാൻ ഒരു പ്രത്യേക ബ്രാൻഡിന്റെ ക്ലെൻസറാണ് ഉപയോഗിക്കുന്നത്. കണ്ണിലെയും ചുണ്ടിലെയും മേക്കപ്പ് കളയാൻ എണ്ണയാണ് തേയ്ക്കുന്നത്. സ്ഥിരമായി മേക്കപ്പ് ചെയ്താൽ മുഖക്കുരുവൊന്നും വരില്ല, പക്ഷേ ഒന്നോ രണ്ടോ വരും. വരുന്നതാകട്ടെ നല്ല വലുപ്പത്തിലും. മുഖത്ത് പാട് അവശേഷിപ്പിച്ചേ പോകൂ.

Coffee powder & Sugar

കോഫി പൗഡറും പഞ്ചസാരയും യോജിപ്പിച്ച് സ്ക്രബ് ആയി ഉപയോഗിക്കാറുണ്ട്. പിന്നെ കോഫി പൗഡറും തേനും യോജിപ്പിച്ച് ഫെയ്സ് മാസ്ക് ആയും പുരട്ടാറുണ്ട്. അരിപ്പൊടിയും സ്ക്രബ് ആയി ഉപയോഗിക്കാറുണ്ട്. പക്ഷെ ഇതൊന്നും സ്ഥിരമായി ചെയ്യുന്ന കാര്യമല്ല കേട്ടോ. എന്തെങ്കിലും ഫങ്ഷനോ ഷോകളോ വരുന്നുണ്ടെങ്കിൽ അതിനു ഒരാഴ്ച മുൻപ് ചെയ്യും.

My Hair

മുടിയിൽ കെരാറ്റിൻ ബോട്ടോക്സ് ചെയ്യുന്നുണ്ട്. സീരിയലിൽ വരുന്നതിനു മുൻപ് സ്ട്രെയിറ്റനിങ് ചെയ്തിരുന്നു. സീരിയൽ തുടങ്ങിയപ്പോൾ മുടിയിൽ മാറ്റം വരുത്താൻ കഴിയാതെ വന്നു. അതുകൊണ്ടാണ് സ്ഥിരമായി മുടിയിൽ ട്രീറ്റ്മെന്റ് ചെയ്യേണ്ടതായി വരുന്നത്. സത്യത്തിൽ മനസ് കൊണ്ട് ഇത്തരം ട്രീറ്റ്മെന്റിനോട് താൽപര്യമില്ല. നിങ്ങൾക്ക് ജന്മനാ നല്ല മുടിയുണ്ടെങ്കിൽ അതു നന്നായി ശ്രദ്ധിച്ചു വളർത്തിയാൽ മതി. ഇത്തരം ട്രീറ്റ്മെന്റുകൾ ചെയ്താൽ അതു നിലനിർത്തികൊണ്ടുപോകാൻ പ്രയാസമാണ്. വർഷത്തിൽ രണ്ടു തവണ കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാറുണ്ട്. സൾഫേറ്റ് ഇല്ലാത്ത ഷാംപു ആണ് ഉപയോഗിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ മുടിയിൽ ഹോട്ട് ഓയിൽ മസാജ് ചെയ്യും.

Grandmother’s tips

എന്റെ കുട്ടിക്കാലത്ത് അച്ഛമ്മ എപ്പോഴും പറയും ശരീരം മുഴുവൻ എണ്ണ തേയ്ച്ചു കുളിക്കണം , കുളി കഴിഞ്ഞാലും ശരീരത്തിൽ അൽപം എണ്ണ പുരട്ടണം എന്നൊക്കെ. അച്ഛമ്മ ഇങ്ങനെ സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ടാവാം അച്ഛമ്മയുടെ ത്വക്കിന് നല്ല തിളക്കമായിരുന്നു. ഞാൻ പക്ഷെ അതു കാര്യമായി ചെയ്തിട്ടില്ല. എനിക്ക് ഒരുപാട് എണ്ണ ശരീരത്തിൽ പുരട്ടുന്നത് അത്ര ഇഷ്ടമല്ല.

ത്വക്കിന്റെ വരൾച്ച മാറ്റാൻ അമ്മയുടെ ഒരു ടിപ് ഉണ്ട്. ഗ്ലിസറിനും റോസ് വാട്ടറും യോജിപ്പിച്ച് കുളി കഴിഞ്ഞ് ശരീരത്തിൽ പുരട്ടും. നല്ല മോയ്സ്ചറൈസർ ആണ്. ഇന്നും ഇതു ഞാൻ ചെയ്യാറുണ്ട്. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യമാണ് യഥാർത്ഥ സൗന്ദര്യം. സമ്മർദം ഇല്ലാത്ത, തെളിഞ്ഞ മനസ്സിന്റെ സൗന്ദര്യം ശരീരത്തിലും പ്രതിഫലിക്കും... ഉറപ്പ്...

Tags:
  • Manorama Arogyam
  • Celebrity Fitness
  • Beauty Tips