Saturday 30 July 2022 12:19 PM IST : By സ്വന്തം ലേഖകൻ

‘ആ ദുശീലം എന്നെ വർക് ഷോപ്പിലാക്കി’: 10 ദിവസം ആശുപത്രി വാസം: ആരോഗ്യം മോശമായതിന്റെ കാരണം പറഞ്ഞ് സുബി

subi-suresh-11

ആരോഗ്യ പ്രശ്നങ്ങളുടേയും ആശുപത്രി വാസത്തിന്റെയും വിശേഷങ്ങൾ പങ്കുവച്ച് സുബി സുരേഷ്. തന്റെ കൈയിലിരുപ്പ് കൊണ്ടാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നും അതുകൊണ്ട് എല്ലാവരും കൃത്യസമയത്ത് ആഹാരം കഴിച്ച് ആരോഗ്യം സംരക്ഷിക്കണമെന്നും സുബി പറയുന്നു. തന്റെ യുട്യൂബ് ചാനലിലാണ് അമ്മയുടെ ജൻമദിനാഘോഷത്തോടനുബന്ധിച്ച് താൻ 10 ദിവസം ആശുപത്രിയിലായ വിവരവും രോഗങ്ങളെക്കുറിച്ചും സുബി പങ്കുവയ്ക്കുന്നത്.

കുറച്ചു നാളായി വിഡിയോ ഇടാൻ വല്ലാതെ വൈകി. കുറച്ചധികം ഗ്യാപ് വന്നത് മറ്റൊന്നും കൊണ്ടല്ല. ഞാനൊന്ന് വർക് ഷോപ്പിൽ കയറി. മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കാതെ ഉഴപ്പി. ഇത്തരം നല്ല ശീലങ്ങളുടെ പേരിൽ എല്ലാം കൂടി ഒരുമിച്ചു വന്നു. കുറച്ചധികം ദിവസങ്ങളായി ബോഡി പെയ്ൻ, ചെസ്റ്റ് പെയിൻ, ഗ്യാസ്റ്റിക് പ്രോബ്ലം തുടങ്ങിയ പ്രശ്നങ്ങൾ പിടികൂടി. എന്തു കഴിച്ചാലും ഛർദ്ദിക്കുന്ന അവസ്ഥ. രണ്ട് ദിവസം ആഹാരം കഴിക്കാതിരുന്നാൽ എന്റെ ശരീരം താങ്ങില്ലല്ലോ. അങ്ങനെ വല്ലാതെ തളർന്നു പോയി. ഗ്യാസ്ട്രിക് പ്ലോബ്ലം ഒക്കെ വന്നപ്പോൾ നെഞ്ചും പുറവുമൊക്കെ ഭയങ്കര വേദന. എനിക്ക് ടെൻഷനായി. ഷോൾഡറിന് വേദന വന്നപ്പോൾ പോയി ഇസിജി എടുത്തു നോക്കി. അതിൽ കുഴപ്പമൊന്നും ഇല്ലായിരുന്നു. പക്ഷേ കുറച്ച് പൊട്ടാസ്യം കുറവുണ്ടായിരുന്നു.

അതൊക്കെ കഴിഞ്ഞിട്ടും ഞാൻ മരുന്നൊന്നും കറക്ടായിട്ട് കഴിച്ചില്ല. ഷൂട്ടും യാത്രയുമൊക്കെയായി നടന്നു.  തോന്നുമ്പോൾ ആഹാരം കൃത്യസമയത്ത് കഴിക്കില്ല എന്നൊരു ദുശീലം എനിക്കുണ്ട്. വീട്ടുകാരൊക്കെ ആഹാരം കഴിക്കാത്തതിന്റെ പേരിൽ വഴക്കു പറയാറുണ്ട്. പക്ഷേ എനിക്ക് തോന്നുമ്പോഴേ കഴിക്കാറുള്ളൂ. വിശന്നാല്ഡ കഴിക്കാറില്ല. ഒടുവിൽ ഛർദ്ദിയും ശാരീരിക അവശതകളുമായി വശംകെട്ടു. ഗ്യാസ്റ്റിക് പ്രശ്നങ്ങൾ വന്നു.

ഗ്യാസ്ട്രോളജിസ്റ്റിനെ കാണേണ്ടി വന്നു.  പാൻക്രിയാസിൽ ഒരു സ്റ്റോൺ ഉണ്ട്. ഇപ്പോഴത് വലിയ അപകടകാരി അല്ല. അതിനു മരുന്ന് കഴിച്ച് പത്തു ദിവസത്തോളം ഞാൻ ആശുപത്രിയിൽ ആയിരുന്നു. ഒരു ഫുൾ ബോഡി ചെക്കപ്പ് നടത്തി. പ്രഷറും ഷുഗറുമൊന്നുമില്ല. പാൻക്രിയാസിലെ സ്റ്റോൺ പത്തു ദിവസം മരുന്ന് കഴിച്ച് കുറവില്ലെങ്കിൽ കീഹോളിലൂടെ കളയാവുന്നതേയുള്ളൂ. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം അങ്ങനെയുള്ള ഇത്യാദി സാധനങ്ങളൊക്കെ എന്റെ ശരീരത്തിൽ കുറവാണ്. മഗ്നീഷ്യം കുറഞ്ഞപ്പോൾ കൈയും കാലും കോച്ചിപ്പിടിക്കുക, മസിലു കയറുക തുടങ്ങിയ ബുദ്ധിമുട്ടുകളൊക്കെ വന്നു. പൊട്ടാസ്യം കുറയുമ്പോൾ പലതരത്തിലുള്ള മേജർ അസുഖങ്ങൾ വരുമെന്ന് പറയുന്നു എനിക്കതിനെക്കുറിച്ച് അറിയില്ല. ഇതൊക്കെ ട്രിപ്പിടേണ്ടി വന്നു.– സുബി സുരേഷ് പറയുന്നു.

വിഡിയോയുടെ പൂർണരൂപം: