Monday 12 December 2022 03:08 PM IST : By സ്വന്തം ലേഖകൻ

രണ്ട് ഭാര്യമാരും ഒരേസമയം ഗർഭിണികൾ: ‘വിശേഷം’ പങ്കുവച്ച് യൂട്യൂബർ: ട്രോൾമഴ, പരിഹാസം

armaan-malik

ഇണയായും തുണയായും രണ്ട് ഭാര്യമാർ. അവർ രണ്ട് പേരും ഗർഭിണികൾ. യുട്യൂബർ അമ്രാൻ മാലിക് സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ച പുതിയ വിശേഷം ഒരേ സമയം കൗതുകവും വിമർശനവും കൊണ്ടു നിറയുകയാണ്. നിറവയറുമായി നില്‍ക്കുന്ന ഭാര്യമാരായ പായലിനും കൃതികയ്ക്കുമൊപ്പമുള്ള ചിത്രം അമ്രാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ സംഗതി വൈറലായി. പോസ്റ്റിനു പിന്നാലെ പരിഹാസവും വിമർശനവുമായി ഒരുകൂട്ടം എത്തുകയും ചെയ്തിട്ടുണ്ട്.

പായലിന്റെയും കൃതികയുടെയും നിറവയറിൽ ചുംബിക്കുന്ന ചിത്രങ്ങളോടെയാണ് അമ്രാൻ വിശേഷങ്ങൾ പങ്കുവച്ചത്. എന്റെ കുടുംബം എന്നാണ് ഒപ്പം കുറിച്ചത്. 2011ലാണ് പായലിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ ചിരായു മാലിക് എന്നൊരു മകനുണ്ട്. 2018ൽ പായലിന്റെ സുഹൃത്തായ കൃതികയെ അമ്രാൻ ജീവിതസഖിയാക്കി. എല്ലാവരും ഒന്നിച്ചൊരു വീട്ടിലാണ് ഇപ്പോൾ താമസം. ഇൻസ്റ്റഗ്രാമിൽ 15 ലക്ഷവും യുട്യൂബിൽ 20 ലക്ഷവും ഫോളോവേഴ്സുള്ള വ്യക്തിയാണ് അമ്രാൻ. 

armaan-22

അമ്രാനെതിരെ സോഷ്യൽ മീ‍ഡിയയിൽ ഇപ്പോഴും വിമർശനങ്ങൾ നിറയുകയാണ്. ഇതു തെറ്റായ പ്രവൃത്തിയാണെന്നു കമന്റ് ചെയ്യുന്നു. ഇവർക്ക് എന്നും സന്തോഷമായി ജീവിക്കാൻ സാധിക്കട്ടേ എന്ന ആശംസിക്കുന്നവരുമുണ്ട്. 

arman-12

ഇരട്ടകളെ ഒരേ സമയം വിവാഹം കഴിച്ച യുവാവിന്റെ വാർത്തയും അടുത്തിടെ വലിയ ചർച്ചയായിരുന്നു. . മഹാരാഷ്ട്രയിലെ സോളാപൂരിലാണ് അത്യൂപൂർവമായ സംഭവം അരങ്ങേറിയത്. പിങ്കി, റിങ്കി എന്നീ യുവതികളാണ് ‘ധീരമായ’ തീരുമാനം എടുത്തത്. ബാല്യകാല സുഹൃത്തായ അതുലിനെയാണ് ഇരുവരും ഒരുപോലെ ഒരേമനസോടെ വരനായി തിരഞ്ഞെടുത്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരു ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി ചിലർ പൊലീസിൽ പരാതി നൽകി.