Friday 15 November 2024 04:58 PM IST

10 ലക്ഷം രൂപ സമ്മാനത്തുക, നേഹ കക്കാറിന്റെ വക ഒരു ലക്ഷം! ആ പൈസ കൊണ്ട് എന്താണു പ്ലാൻ?: അവിർഭവിന്റെ മറുപടി

Roopa Thayabji

Sub Editor

avirbhav-14

ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്...   

ഇന്ത്യയെ മുഴുവൻ ‘പാട്ടിലാക്കിയ’ സന്തോഷത്തിലാണ് അവിർഭവ്. ഹിന്ദി ടിവി ചാനൽ സോണിയുടെ സൂപ്പർസ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടി മുംബൈയിൽ നിന്നു നാട്ടിൽ എത്തിയതേയുള്ളൂ അവിർഭവും കുടുംബവും. 14 വയസ്സു വരെ പ്രായമുള്ള 15 മത്സരാർഥികളെ പാടിതോൽപ്പിച്ചാണ് ഏഴുവയസ്സുള്ള, പാട്ടിലെ ഈ അദ്ഭുതക്കുട്ടി പാൻ ഇന്ത്യൻ സൂപ്പർസ്റ്റാറായത്.

ചേച്ചി അനിർവിന്യയുടെ പാട്ടുകേട്ടു സംഗീതത്തിൽ ഹരിശ്രീ കുറിച്ച അവിർഭവിന് പാട്ടിലെ ‘സംശയനിവാരണി’യാണു ചേച്ചി. തെലുങ്കു റിയാലിറ്റി ഷോയിൽ നാലാം സ്ഥാനം നേടിയ ചേച്ചിയുടെ അനിയൻ ഹിന്ദി റിയാലിറ്റി ഷോയിൽ ഒന്നാം സമ്മാനം വാങ്ങിയതു ചുമ്മാതല്ല. അങ്കമാലിയിലെ വീട്ടിൽ യുട്യൂബ് വിഡിയോയ്ക്കുള്ള പ്രാക്ടീസിലാണു ചേച്ചിയും അനിയനും. സംഗീതത്തിലെ ആരോഹണ അവരോഹണങ്ങൾ പോലെ ഇണങ്ങിയും പിണങ്ങിയും അവർ സംസാരിച്ചപ്പോൾ.

അനിർവിന്യ: ആർക്കുമില്ലാത്ത പേരു ഞങ്ങൾക്ക് ഇടണമെന്ന മോഹം കൊണ്ടാണത്രേ എനിക്ക് അനിർവിന്യ എന്നു പേരിട്ടത്. അനിർവിന്യ എന്ന സംസ്കൃത വാക്കിന്റെ അർഥം ജ്വലിക്കുന്ന നക്ഷത്രം എന്നാണ്. മഹാവിഷ്ണുവിന്റെ മറ്റൊരു പേരുമാണത്.

അവിർഭവ്: എന്റെ പേരു പലരും തെറ്റിച്ചു വിളിക്കും. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവിർഭവ് എന്ന വാക്കും സംസ്കൃതമാണ്, അർഥം പുരോഗതി. പേരിട്ടപ്പോൾ തന്നെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നു, എന്നിലൂടെയാണു പുരോഗതി ഉണ്ടാകുന്നതെന്ന്... ഹി... ഹി

അനിർവിന്യ: അമ്മ സന്ധ്യ കുമളിക്കാരിയാണ്, അച്ഛൻ സജിമോൻ രാമക്കൽമേടുകാരനും. അച്ഛനു സേലത്ത് പ്രൈവറ്റ് ടെലഫോൺസ് കമ്പനിയിലായിരുന്നു ജോലി. ഞാനും അ നിയനും ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം സേലത്താണ്. ഇപ്പോൾ കെഫോൺ പ്രോജക്ടിൽ സൈറ്റ് എൻജിനീയറാണ് അച്ഛൻ.

പാട്ടിലെ ഹരിശ്രീ

അവിർഭവ്: ചേച്ചി പാട്ടു പാടുമെന്ന് ആദ്യം പറഞ്ഞത് ആരാണ് ?

അനിർവിന്യ: എന്റെ പാട്ടിനു പിന്നിൽ കേരളത്തിലെ നെടുങ്കണ്ടം ഹോളിക്രോസ് സ്കൂളിന് പങ്കുണ്ട്. അ മ്മ മലയാളം പിജി പാസ്സായതാണ്. സേലത്തു മലയാളം കൊണ്ടു കാര്യമില്ലല്ലോ. എനിക്ക് അഞ്ചു വയസ്സുള്ളപ്പോ ൾ ഞാനും അമ്മയും കൂടി ഇടുക്കിയിലേക്കു വന്നു. നാട്ടി ൽ ബിഎഡ് ചെയ്ത ശേഷം ഇവിടെ ജോലിക്കു കയറാം എന്നായിരുന്നു അമ്മയുടെ പ്ലാൻ.  

നെടുങ്കണ്ടം ഹോളിക്രോസ് സ്കൂളിൽ എന്നെ ഒന്നാം ക്ലാസ്സിൽ ചേർത്തു. അടുത്തുള്ള ബിഎഡ് സെന്ററിൽ അ മ്മ അപേക്ഷ നൽകി. പക്ഷേ, അതിനിടെ കോളജിന്റെ അംഗീകാരം റദ്ദായി. അമ്മയ്ക്കു നല്ല വിഷമമായി.

അവിർഭവ്: പാട്ടിലേക്കു വന്ന കാര്യം പറഞ്ഞില്ല.

അനിർവിന്യ: ആ വർഷം സ്കൂളിലെ ആനുവൽ ഡേയ്ക്ക് ഞാനൊരു ഹിന്ദി പാട്ടു പാടി, മേരാ ജീവൻ കോരാ കാഗസ്... പാട്ടു കേട്ട് മിനി മിസ് ആണു പാട്ടു പഠിക്കണമെന്നു പറഞ്ഞത്. സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ മത്സരിക്കാനും കൊണ്ടുപോയി. തിരികെ സേലത്തേക്കു പോകാൻ ടിസി വാങ്ങിയപ്പോൾ അതിൽ ‘സിംഗർ’ എന്നു കൂടി പ്രിൻസിപ്പൽ എഴുതി ചേർത്തു.

അവിർഭവ്: എന്നിട്ടോ ?

അനിർവിന്യ: സേലത്തെ ഹോളി ഏയ്ഞ്ചൽസിൽ അഡ്മിഷൻ സമയത്തു ടിസി കണ്ട പാടേ ശാന്തി സിസ്റ്റർ ചോദിച്ചു, ഒരു പാട്ടു പാടാമോ... പാട്ടു കേട്ടിട്ട് അതിശയം തോന്നുന്നു എന്നു പറഞ്ഞു സിസ്റ്റർ അനുഗ്രഹിച്ചു. ആ വർഷം തന്നെ സ്കൂളിലെ ഒരു പരിപാടിക്ക് പി. സുശീലാമ്മ ഗസ്റ്റായി വന്നു. അന്ന് ‘ഒവ്വൊരു പൂക്കളുമേ...’ എന്ന പാട്ടു ഞാൻ പാടി. പാട്ട് ഇഷ്ടപ്പെട്ട സുശീലാമ്മ സീറ്റിൽ നിന്ന് എഴുന്നേറ്റു വന്ന് എനിക്കു മൈക്കു പിടിച്ചുതന്നു. പിന്നെയാണു പ്രജിത ടീച്ചറിന്റെ കീഴിൽ പാട്ടു പഠിച്ചു തുടങ്ങിയത്. തൊട്ടടുത്ത വർഷമാണു നീ ജനിച്ചത്.

അവിർഭവ്: ജനിച്ചപ്പോൾ മുതൽ ചേച്ചിയുടെ പാട്ടു കേട്ടു വളരുന്നതു കൊണ്ടാകും ഞാനും പാട്ടു പാടുന്നത്...

റിയാലിറ്റി ഷോ

അനിർവിന്യ: നിനക്കു മൂന്നു മാസം പ്രായമുള്ളപ്പോഴാണ് എന്റെ ആദ്യ റിയാലിറ്റി ഷോ, തമിഴിലെ വിജയ് ടിവിയിൽ സൂപ്പർ സിംഗർ. അതിൽ ഫൈനൽ ഓഡിഷൻ വരെയേ പോകാനായുള്ളൂ. പിന്നാലെ സൺ ടിവിയിലെ ഷോയ്ക്കും ഫൈനൽ ഓഡിഷൻ വരെയെത്തി. സീ തമിഴിലെസരിഗമപയിൽ സെമിഫൈനൽ വരെയെത്തി.

സീ തമിഴിൽ നിന്നു കിട്ടിയ നമ്പർ വച്ചാണ് സീ തെലുങ്കിലേക്കു വിളി വന്നത്. തെലുങ്ക് പാട്ടു പോയിട്ടു സിനിമ പോലും കാണാറില്ല. പക്ഷേ, ഞങ്ങൾ ഗ്രൂം ചെയ്യാം എന്നു പറഞ്ഞ് അവർ സമ്മതിപ്പിച്ചു. ഹെദരാബാദിലേക്കു മത്സരിക്കാൻ  പോകുമ്പോൾ നിനക്കു കഷ്ടിച്ച് ഒന്നര വയസ്സേ ഉള്ളൂ. ആദ്യമായി സ്റ്റേജിൽ കയറിയത് ഓർമയുണ്ടോ ?

അവിർഭവ്: ഇല്ല, ചേച്ചി തന്നെ പറയൂ...

അനിർവിന്യ: എന്റെ കൂടെ പാടിയും ഡാൻസ് ചെയ്തും നടക്കുന്ന നിന്നെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ആദ്യ സ്റ്റേജിൽ നിന്നെയും കയറ്റി. അതാണു നിന്റെ ആദ്യസ്റ്റേജ്.

ഗ്രാൻഡ് ഫിനാലെയിൽ ഒരു പാട്ട്  ഓർക്കസ്ട്രയ്ക്കൊപ്പവും നീ പാടി. ആ ഷോയിൽ ഞാൻ തേഡ് റണ്ണർ അപ്പായി.

ടോപ് സിംഗർ അനിയൻ

അവിർഭവ്: പിന്നെ റിയാലിറ്റി ഷോയിൽ മത്സരിച്ചില്ലേ ?

അനിർവിന്യ: അപ്പോഴാണ് കോവിഡും ലോക്ഡൗണുമായി നമ്മൾ നാട്ടിലേക്കു വന്നത്. ഓൺലൈൻ ക്ലാസ്സിന്റെ സമയമല്ലേ. ഞാൻ പത്താം ക്ലാസ് ആയപ്പോഴാണ് ഫ്ലവേഴ്സ് ടോപ് സിംഗറിന്റെ ഓഡിഷൻ. അതു നീ തന്നെ പറയൂ.

അവിർഭവ്: ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനായിരുന്നു, കഷ്ടിച്ച് അഞ്ചു വയസ്സ്. പാട്ട് പ്രാക്ടീസ് ചെയ്യാൻ ചെന്ന ദിവസം ഓർക്കസ്ട്രയിലെ ജയരാജ് ചേട്ടനാണ് പറഞ്ഞത്, ഈ കടുകട്ടി പേരൊന്നും വിളിക്കാൻ പറ്റില്ല, ബാബു എന്നു വിളിക്കുമ്പോൾ വിളി കേൾക്കില്ലേ...

avirbhav-2

പിന്നെ സ്റ്റേജിൽ വച്ച് എം.ജി. ശ്രീകുമാർ സാറും ഇതേ ചോദ്യം ചോദിച്ചു. അന്നേരം ബാബു എന്ന പേരിട്ട കാര്യം ഞാൻ തന്നെയാണു പറഞ്ഞത്. എങ്കിലിനി ബാബുക്കുട്ടൻ എന്നുമതി പേരെന്ന് എം.ജി സാർ പ്രഖ്യാപിച്ചു.

അനിർവിന്യ: ആ പേരു നിനക്ക് ഇഷ്ടമല്ലേ...

അവിർഭവ്: പേരു മാത്രമല്ല ആ ഫ്ലോറും അടിപൊളിയാണ്. അവിടത്തെ ഗ്രൂമർമാരായ വൈശാഖൻ, ശ്യാം, പി.കെ. വൈശാഖൻ, സ്വാതി, സനൂപ്, സിയാദ് എന്നിവരുടെ കീഴിലാണു പാട്ട് സീരിയസായി പഠിച്ചു തുടങ്ങിയത്. ആനന്ദ് കാവുംവട്ടം സാറിന്റെ കീഴിൽ കർണാടകസംഗീതം അഭ്യസിക്കാൻ  തുടങ്ങിയിട്ട് ഒരു വർഷമേ ആയുള്ളൂ.

അനിർവിന്യ: എന്റെ പത്താ ക്ലാസ് പരീക്ഷയുടെ സമയത്തു മത്സരത്തിൽ നിന്നു പിന്മാറിയതിൽ വിഷമമുണ്ടോ ?

അവിർഭവ്: ഇല്ലല്ലോ. പക്ഷേ, നമുക്ക് ഒന്നിച്ച് സോണി ടിവിയിൽ മത്സരിക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്.

അനിർവിന്യ: അന്ന് ഞാൻ എട്ടിലാണ്, കോവിഡ് കാലമായതിനാൽ ഓൺലൈനായാണ് ആദ്യ ഓഡിഷൻ നടന്നത്. ഫൈനൽ ഓഡിഷനു നേരിട്ടു ചെല്ലണം. പാട്ടുകൾ പഠിച്ച്, അന്നു വേദിയിൽ ഇടാനുള്ള ഡ്രസ് വരെ ഫിക്സ് ചെയ്ത പിറകേ എല്ലാവർക്കും പനി പിടിച്ചു. പാടാൻ പോയിട്ട് സംസാരിക്കാൻ പോലും ആകുന്നില്ല. ആ അവസരം വേണ്ടെന്നു വച്ചതു സങ്കടത്തോടെയാണ്. ഇന്ത്യൻ ഐഡൽ പോലുള്ളവയിൽ നിന്നു ക്ഷണം വന്നെങ്കിലും അതൊക്കെ പ്ലസ്ടു കഴിഞ്ഞിട്ടു മതി എന്നാണു തീരുമാനം.

സൂപ്പർസ്റ്റാർ സിംഗർ

അനിർവിന്യ: ഒന്നിച്ചു മത്സരിച്ചില്ലെങ്കിലും ആ വേദിയിൽ തന്നെ നീ ഇന്ത്യയിലെ ഒന്നാമത്തെ പാട്ടുകാരനായല്ലോ.

അവിർഭവ്: മുംബൈയിലായിരുന്നു ഓഡിഷൻ. ആദ്യ ദിവസം ഷൂട്ടിങ്ങിനു തൊട്ടുമുൻപു ഞാൻ ഉറങ്ങിപ്പോയി. ഉറക്കച്ചടവോടെ നടന്നു ചെന്ന എന്നെ കണ്ടു ചിലരെങ്കിലും സംശയിച്ചു കാണും. ഓ സാഥീരേ... പാടി തുടങ്ങിയപ്പോൾ എല്ലാവരും ശ്വാസമടക്കിയിരുന്നു കേട്ടോ.

avirbhav-cover

അനിർവിന്യ: രസമെന്താണെന്നോ, ഇവൻ പാടുമ്പോൾ ക്യാമറയിൽ സ്റ്റേജിന്റെ പശ്ചാത്തലം കിട്ടില്ല, അത്ര ചെറുതാണ് ‍മോൻ. അന്നു കസേരയിൽ കയറ്റി നിർത്തിയാണു പാടിച്ചത്. പിന്നെ, ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തിയാലും പാട്ടു പെർഫെക്ട് ആയിരിക്കുമെന്ന് അവർക്കു തോന്നി കാണും, അങ്ങനെ ആദ്യ 15 പേരിൽ ഇടം കിട്ടി.

അവിർഭവ്: കല്യാൺജി ആനന്ദ്ജിയിലെ ആനന്ദ്ജി  ഒരിക്ക ൽ പ്രോഗ്രാമിൽ ഗസ്റ്റായി വന്നു. അദ്ദേഹത്തിന്റെ തന്നെ ഓർ ഇസ് ദിൽ മേം... എന്ന പാട്ടാണ് അന്നു പാടിയത്. ആനന്ദ്ജിക്ക് നടക്കാനൊക്കെ ബുദ്ധിമുട്ടാണ്. പക്ഷേ, പാട്ട് തീർന്ന പിറകേ അദ്ദേഹം കഷ്ടപ്പെട്ട് സ്റ്റേജിലേക്കു വന്നു, മൈക്ക് കയ്യിലെടുത്തു ചോദിച്ചു, ഛോട്ടൂ, ഏക് ബാർ ഭീ ഗാവോ... ഒരു വട്ടം കൂടി പാടിക്കൊടുത്തു.

അനിർവിന്യ: നീ എങ്ങനെയാണു ഹിന്ദി പഠിച്ചത് ?

അവിർഭവ്: ഷോയിൽ ഉള്ളവരുടെ പ്രോത്സാഹനം കൊണ്ടാണത്. അവിടെ ചായ കൊടുക്കുന്ന ചേട്ടൻ മുതൽ പ്രോഗ്രാം ഡയറക്ടർ വരെ എന്നോടു സംസാരിക്കും.

പാൻ ഇന്ത്യൻ സ്റ്റാർ

അവിർഭവ്: രണ്ട് എലിമിനേഷൻ കഴിഞ്ഞ പിന്നാലെ മത്സരിക്കുന്നവരുടെ എണ്ണം ഒൻപതായി. ഷോയുടെ റേറ്റിങ് വ ളരെ കൂടിയപ്പോൾ സോണി ടിവി തന്നെ ഒരു മാസത്തേക്ക് ഷോ നീട്ടി. ആരെയും ഔട്ട് ആക്കിയുമില്ല. ഫൈനലിൽ മ ത്സരിച്ച ഒൻപതു പേരിൽ നിന്നാണു ഞാനും അഥർവ് ചേട്ടനും ഒന്നാം സമ്മാനം പങ്കിട്ടത്. പത്തു ലക്ഷം രൂപയാണു സമ്മാനത്തുക. പരിപാടിയുടെ മെയിൻ ജഡ്ജായ നേഹ കക്കാറിന്റെ വക ഒരു ലക്ഷം രൂപ കൂടി കിട്ടി.

അനിർവിന്യ: ആ പൈസ കൊണ്ട് എന്താണു പ്ലാൻ ?

അവിർഭവ്: ഒരു മിനി കൂപ്പർ വാങ്ങണം, പിന്നെ ബെൻസും.

അനിർവിന്യ: പാട്ടു കഴിഞ്ഞാൽ ഇവനിഷ്ടം ലക്ഷ്വറി കാറും  വാച്ചുമാണ്. പക്ഷേ, ഈ പൈസയ്ക്ക് മിനി കൂപ്പറൊന്നും കിട്ടില്ല കേട്ടോ.

അവിർഭവ്: സാരമില്ല. അതിനെക്കാൾ വലിയ രണ്ടു സമ്മാനങ്ങൾ കിട്ടിയല്ലോ. മുംബൈയിൽ നിന്നു തിരികെ വന്ന വിമാനത്തിൽ മേജർ രവി സാർ ഉണ്ടായിരുന്നു. സാറാണ് ആദ്യ സർപ്രൈസ് തന്നത്. എളമക്കരയിലുള്ള മോഹൻ ലാൽ സാറിന്റെ വീട്ടിലേക്കു ചെല്ലാൻ ക്ഷണിച്ചു. അവിടെ ചെന്നപ്പോൾ ലാലേട്ടന്റെ അമ്മയുടെ പിറന്നാളാണ്. അമ്മയ്ക്കു മുന്നിൽ പാട്ടു പാടി. കേക്കു മുറിക്കാനും സദ്യ കഴിക്കാനുമൊക്കെ ലാലേട്ടൻ ഒപ്പം കൂട്ടി.

അനിർവിന്യ: രണ്ടാമത്തെ സമ്മാനമെന്താ ?

അവിർഭവ്: അടുത്ത ദിവസം അങ്കമാലിയിലെ ഒരു ആയുർവേദ സെന്ററിലേക്കു ചിത്രാമ്മ (കെ,എസ്. ചിത്ര) വിളിപ്പിച്ചു. കൈനിറയെ ചോക്‌ലെറ്റു തന്നിട്ടു മടിയിലിരുത്തി കാർമുകിൽ വർണന്റെ ചുണ്ടിൽ... പാടിത്തന്നു. സിനിമയിൽ ത ന്നെയുള്ള മഞ്ജു പിള്ള, ബീന ആന്റണി, മോനിഷ ചേച്ചിയുടെ അമ്മ ശ്രീദേവി ഉണ്ണി, ഉമാ തോമസ് എംഎൽഎയൊക്കെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

അനിർവിന്യ: അങ്കമാലിയിലെ നായത്തോട് എംജിഎംഎസ്എസിലാണ് ഇപ്പോൾ പഠിക്കുന്നത്. ‍ഞാൻ പ്ലസ്ടുവിനും അനിയൻ രണ്ടിലും. ഷോ കഴിഞ്ഞു വന്ന ദിവസം എല്ലാവരും കൂടി പാട്ടുപാടി സ്വീകരിച്ചത് ഇഷ്ടപ്പെട്ടില്ലേ ?

അവിർഭവ്: അതൊരു കിടിലൻ സർപ്രൈസായിരുന്നു.

അനിർവിന്യ: സിനിമയിൽ പാടാൻ അവസരം വന്നില്ലേ ?

അവിർഭവ്: സോണി ടിവിയിലെ പ്രോഗ്രാം അവതാരകൻ ഹർഷ് ലിംബാച്യയും ‍ഞാനും വലിയ കൂട്ടാണ്. ഫൈനൽ മത്സരത്തിനു മുൻപ് എന്റെ മുൻനിരയിലെ പല്ലു പോയി, ആ പല്ല് ഹർഷ് ചേട്ടനാണു കൊടുത്തത്.

ഹർഷ് ചേട്ടൻ എഴുതിയ പാട്ട് ഞങ്ങൾ രണ്ടും കൂടി പാടി റെക്കോർഡ് ചെയ്തു. വിഡിയോ ഷൂട്ടിങ്ങിന് ഇനി മുംബൈയിലേക്കു പോണം. കുറച്ച് ആൽബങ്ങളിൽ പാടി. വിദേശ ഷോകളുമുണ്ട്. പിന്നൊരു രഹസ്യമുണ്ട്, സിനിമയിൽ പാട്ടു പാടാനല്ല, അഭിനയിക്കാനാണ് അവസരം വന്നത്. അഭിനയിക്കാൻ ഇഷ്ടമാണെനിക്ക്, വരട്ടെ നോക്കാം.