Wednesday 06 November 2024 10:56 AM IST : By സ്വന്തം ലേഖകൻ

‘ഓ ബൈ ഓസി’യിൽ നിന്നു ആഭരണങ്ങൾ വാങ്ങി പറ്റിക്കപ്പെട്ടെന്ന് ആരോപണം, മറുപടിയുമായി ദിയ

diya

നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ ഓൺലൈൻ ആഭരണ സംരംഭമാണ് ‘ഓ ബൈ ഓസി’. ഇപ്പോഴിതാ, ഈ സ്റ്റോറിലൂടെ വാങ്ങിയ ആഭരണങ്ങൾ മോശമാണെന്ന റിവ്യൂസും അതിനു ദിയ നൽകിയ മറുപടിയുമാണ് ചർച്ച.

യൂ ട്യൂബർ സംഗീതയാണ് ദിയയുടെ ആഭരണ സ്റ്റോറിനെതിരെ രംഗത്തെത്തിയത്. ഒരു മാലയും രണ്ടു കമ്മലുമാണ് ദിയയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നു സംഗീത വാങ്ങിയത്. എന്നാല്‍ ബോക്സ് തുറന്നു നോക്കിയപ്പോള്‍ മാലയിലെ കല്ലുകളില്‍ ചിലത് ഇളകി കിടക്കുകയായിരുന്നത്രേ. ‌മാത്രമല്ല കമ്മലിന്റെ പെയറിലൊന്ന് പായ്ക്കില്‍ ഇല്ലായിരുന്നു എന്നും സംഗീത. ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കൈവശമുണ്ട് . എന്നാല്‍ പരാതിപ്പെടാന്‍ വിളിച്ചിട്ട് യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നും ദിയയുടെ സ്റ്റോറില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിയതെന്ന് പറയാതെ സംഗീത സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ആരോപിക്കുന്നു. വാങ്ങിയ മാലയും കമ്മലും മാറ്റികിട്ടണമെങ്കില്‍ അണ്‍ബോക്സിങ് വിഡിയോ വേണമെന്ന് ആവശ്യപ്പെട്ടതായും സംഗീത.

ഈ വിഡിയോയെ അനുകൂലിച്ച് നിരവധിയാളുകൾ രംഗത്തെത്തിയതോടെ ദിയയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരണവുമായി എത്തി.

ആരോപണം ഉന്നയിച്ച ആൾ ഇത്തരം ഫാഷന്‍ ഉല്‍പന്നങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവരാണ്. അവരുടെ പേരിലും ഇത്തരത്തിലുള്ള ഒട്ടേറെ പരാതികള്‍ വന്നിട്ടുണ്ടെന്ന് ദിയ. അതിനു തെളിവായി സംഗീതയ്ക്കെതിരെ മറ്റൊരാള്‍ ആരോപണം ഉന്നയിച്ചതിന്റെ സ്ക്രീന്‍ ഷോട്ടും ദിയ പങ്കുവച്ചു. കണ്ടന്റുണ്ടാക്കാന്‍ പല യുട്യൂബ് ചാനലുകളും ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും സംഗീത ചെയ്തത് അതാണെന്നും ദിയ.