ആഘോഷങ്ങളേതുമില്ലാതെ തീർത്തും ലളിതമായിരുന്നു ഗായിക ദുർഗ വിശ്വനാഥിന്റെ വിവാഹം. കണ്ണൂർ സ്വദേശിയും ഗുരുവായൂർ ദേവസ്വം ജീവനക്കാരനുമായ റിജുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വ്യാഴാഴ്ച പുലർച്ചെയായിരുന്നു വിവാഹം.
ഇപ്പോഴിതാ താലികെട്ടിന്റെയും മറ്റ് അനുബന്ധ ചടങ്ങുകളുടേയും ചിത്രങ്ങൾ കോർത്തിണക്കി ഹൃദ്യമായ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവയ്ക്കുകയാണ് ദുർഗ. വിവാഹശേഷമുള്ള സ്നേഹവിരുന്ന് വേദിയിൽ മകളെ ചേർത്തുപിടിച്ചു നിൽക്കുന്ന ദുർഗയെ ദൃശ്യങ്ങളിൽ കാണാനാകും.
‘ഗുരുപരമ്പരയുടെയും ബന്ധു ജനങ്ങളുടെയും അനുഗ്രഹത്താൽ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ഞങ്ങൾ പുതിയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചു. അനുഗ്രഹാശിസ്സുകൾക്ക് ഏവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു’, എന്ന് ദുർഗ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. നിരവധി പേരാണു ദുർഗയ്ക്കും വരൻ ഋജുവിനും വിവാഹമംഗളാശംസകൾ നേർന്നു രംഗത്തെത്തുന്നത്.
സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോ വേദിയിലൂടെ മലയാളികൾക്കു സുപരിചിതയായ ദുർഗയുടെ പുനർവിവാഹമാണിത്. ആദ്യ വിവാഹ ബന്ധത്തിൽ ദുർഗയ്ക്ക് ഒരു മകളുണ്ട്. പിന്നണിഗാനരംഗത്തും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ് ദുർഗ.