Saturday 22 January 2022 04:03 PM IST

പ്രണയവിവരം അറിയാവുന്നത് എനിക്കു മാത്രമാ, അവൾ എന്നെ സംശയിച്ചു... ഒടുവിൽ...! മനസ്സ് തുറന്ന് ഗ്രേസ് ആന്റണി

Sujith P Nair

Sub Editor

grace

കുമ്പളങ്ങിയിൽ ഫഹദിന്റ ഭാര്യയായും പൂവൻ കോഴിയിൽ മഞ്ജുവിനൊപ്പവും തിളങ്ങിയ മലയാളത്തിന്റെ പ്രിയ യുവതാരം ഗ്രേസ് ആന്റണി മനസ്സ് തുറക്കുന്നു.

‘കുമ്പളങ്ങി’യിലെ സിമി ആളാകെ മാറി ?

‘കുമ്പളങ്ങി’ക്കു വേണ്ടി വണ്ണം കൂട്ടിയതാ. ഇപ്പോൾ എട്ടു കിലോ കുറച്ചു, പുതിയ സിനിമയിൽ വേറേ എന്നെ കാണാം.

ഫഹദിന്റെ ‘ഭാര്യ’ ആയപ്പോൾ ?

അറിഞ്ഞപ്പോൾ കിളി പോയി. ഫഹദിക്ക ഒരുപാട് റിഹേഴ്സൽ നടത്തുന്നതിന്റെ റിസൽറ്റ് സ്ക്രീനിലാ മനസ്സിലാകുക.

‘പൂവൻ കോഴി’യെ പിടിച്ചിട്ടുണ്ടോ ?

സ്കൂൾ വീടിന് അടുത്തായിരുന്നതു കൊണ്ട് ആ ചാൻസ് പോയി. കാലടി ശ്രീശങ്കരാചാര്യ കോളജിൽ ഭരതനാട്യം പഠിച്ചപ്പോൾ മരുന്നിന് പോലും ഒരു കോഴി ക്യാംപസിൽ ഇല്ല. എല്ലാം ബുദ്ധിജീവികൾ. ശോകം... അല്ലാതെന്തു പറയാൻ.

സന്തോഷ് പണ്ഡിറ്റിനെ നേരിൽ കണ്ടാൽ?

ഒരിക്കൽ കണ്ടെങ്കിലും സംസാരിക്കാൻ സാധിച്ചില്ല.‘ഹാപ്പി വെഡ്ഡിങ്ങി’ൽ ‘ഹരിമുരളീരവം...’ പാടാനാണ് സംവിധായകൻ പറഞ്ഞത്. ശ്രമിച്ചിട്ട് എനിക്കത് സെറ്റായില്ല. അങ്ങനെയാണ് ‘രാത്രി ശുഭരാത്രി...’ പാടിയത്. അതു ക്ലിക്കായി.

വീട്ടിലെ ബേബി (മോൾ) ആണോ ?

ചേച്ചി സെലിന്റെ വിവാഹം മൂന്നുവർഷം മുൻപേ കഴിഞ്ഞു. ഇളയ ആളെന്ന നിലയിൽ ഞാൻ ബേബി ആണ്. പക്ഷേ, ബേബി മോളുടെ വാശിയുമായി ചെന്നാൽ പപ്പ ഓടിക്കും.

കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ?

എല്ലാം ഞാൻ തന്നെ. അതാണ് സേഫ്. പടം മോശമായാലും വേറേ ആരെയും കുറ്റപ്പെടുത്തേണ്ടല്ലോ.

‘തമാശ’യാണേ, ഭർത്താവ് കഷണ്ടിയായാൽ ?

മുടി ഇന്നു വരും, നാളെ പോകും. നാളെ നമുക്ക് മുടിയുണ്ടാകുമോ എന്നു പോലും പറയാൻ പറ്റില്ലല്ലോ.

‘ഹലാൽ ലവ് സ്‌റ്റോറി’യെക്കുറിച്ച് ?

‘ഡേറ്റ് ഉണ്ടാകുമോ’ എന്ന് സക്കരിയ ഇക്ക വിളിച്ചു ചോദിച്ചപ്പോൾ ‘ഇല്ലെങ്കിൽ ഉണ്ടാക്കും’ എന്നായിരുന്നു എന്റെ മറുപടി. ‘സുഡാനി’ക്കു ശേഷമുള്ള സിനിമയല്ലേ. നായികയാണെന്ന് പോസ്റ്ററിൽ പേരു കണ്ടപ്പോഴാണ് വിശ്വാസമായത്.

കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് ?

കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ തെളിവല്ലേ. ‘കുമ്പളങ്ങി’ക്കു ശേഷം സിമി എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. ‘പ്രതി പൂവൻകോഴി’ കഴിഞ്ഞപ്പോൾ ഷീബയായി.

ഗ്രേസിന്റെ ലവ് സ്‌റ്റോറിയിലെ നായകനാരാണ് ?

സിനിമ മാത്രമാ മനസ്സിൽ. പ്രണയം ടെൻഷനാന്നേ.

അന്യഭാഷകളിലേക്ക് പ്ലാനുണ്ടോ ?

നയൻതാര നായികയായ ‘മുക്കുത്തി അമ്മനി’ലേക്ക് വിളിച്ചിരുന്നു. പക്ഷേ, ‘ഹലാലി’ന്റെ േഡറ്റുമായി ക്ലാഷ് വന്നു. ന ല്ല ഓഫർ വന്നാൽ തീർച്ചയായും ചെയ്യും.

grace-2 വര: അരുൺ ഗോപി

അച്ഛൻ ആണോ ഹീറോ ?

സംശയമെന്ത്, പപ്പ ആന്റണിക്ക് ടൈല് പണിയാണ്. മമ്മി ഷൈനിയാണ് വീട്ടിലെ ഇൻ ചാർജ്. മക്കൾക്ക് ‘ആവശ്യത്തിന്’ സ്വാതന്ത്ര്യം തരുന്ന ഒരു മോഡേൺ ഫാമിലിയാണ് ഞങ്ങളുടേത്.

ഡാൻസ് - സിനിമ ?

ആറാം ക്ലാസിൽ ആരാകണമെന്ന് ടീച്ചർ ചോദിച്ചപ്പോൾ നടിയായാൽ മതിയെന്നാ പറഞ്ഞത്. അതിന്റെ പേരിൽ കുറേ കളിയാക്കൽ കേട്ടു. ഓർമ വച്ച കാലം മുതലേ ഡാൻസ് പഠിക്കുന്നു. വീട്ടിലെ സാമ്പത്തികസ്ഥിതി വച്ച് ഡാൻസ് ഡ്രസൊക്കെ വാടകയ്ക്ക് എടുക്കാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. ചോറ്റാനിക്കരയിലായിരുന്നു അരങ്ങേറ്റം. വെട്ടിക്കൽ വിദ്യാനികേതനിൽ ഡാൻസ് ടീച്ചറായി ജോലിചെയ്യുന്നതിനിടെ സിനിമയിലേക്ക് വന്നു.

‘മീ ടൂ...’, കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ?

ചിലർ പറയും, ബാനറും സംവിധായകനെയുമൊക്കെ നോക്കിയാണ് കരാറൊപ്പിടുക എന്ന്. ഞാൻ കഥാപാത്രം മാത്രമാണ് നോക്കുക. എന്നെ നോക്കാൻ എനിക്കറിയാം. പിന്നെ മിക്കവാറും പപ്പയോ മമ്മിയോ ലൊക്കേഷനിൽ കൂടെ കാണും.

രഹസ്യം മനസ്സിലിരിക്കാത്ത ആളാണോ ?

എന്നെ ട്രസ്റ്റ് ചെയ്ത് ഒരാൾ പറഞ്ഞ കാര്യം തല പോയാലും പുറത്തു പറയില്ല. കോളജ് കാലത്ത് അഞ്ചുപേരാണ് ഹോസ്റ്റൽ മുറിയിൽ. ഒരാളുടെ പ്രണയം ആരോ വീട്ടിൽ വിളിച്ചു പറഞ്ഞു. പ്രണയവിവരം അറിയാവുന്നത് എനിക്കു മാത്രമാ. അവൾ എന്നെ സംശയിച്ചു. ഒടുവിൽ ഫോൺ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

വിജയ് സേതുപതിയുടെ മെസേജ് വന്നോ ?

‘കുമ്പളങ്ങി’ റിലീസായപ്പോഴാണത്, സംഗതി സത്യമാണോ എന്ന് ആദ്യം സംശയിച്ചു. മെസേജിനു പിന്നാലെ വോയ്സ് നോട്ട് എത്തിയപ്പോൾ ത്രില്ലടിച്ചു പോയി. സത്യൻ അന്തിക്കാട് സാർ അഭിനന്ദിച്ചപ്പോഴും ഒരുപാടു സന്തോഷം തോന്നി.

ന്യൂ ഇയർ റെസലൂഷൻ ?

ഡിസംബർ 31ന് വൈകിട്ട് അമ്മ ചോദിച്ചു, ‘പുതുവർഷത്തിൽ എന്താ തീരുമാനം.’

‘ഇനി ഒരു ന്യൂ ഇയറിലും റെസലൂഷൻ എടുക്കില്ല’ എന്നാണെന്നു പറഞ്ഞപ്പോൾ അമ്മ തല്ലിയില്ലെന്നേയുള്ളൂ.

മഞ്ജു വാരിയരുടെ ഒപ്പം അഭിനയിച്ചപ്പോൾ ?

എന്തു കരുതലാണെന്നോ. എപ്പോഴും ചേച്ചി ഒപ്പം നിർത്തും. ലൊക്കേഷനിൽ വച്ച് ‘മോളേ’ എന്നു വിളിച്ച് സ്നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയും അമ്മമാർ മഞ്ജുചേച്ചിയുടെ ചുറ്റും കൂടുന്നതു കണ്ട് ഞാൻ അദ്ഭുതപ്പെട്ടു.

ഇനി നായികയായി മാത്രമേ ഉള്ളോ ?

അങ്ങനെ ഒരു നിർബന്ധവുമില്ല. അഭിനയിക്കണം എന്നു മാത്രമേ ആഗ്രഹമുള്ളൂ, ഏതു റോളും ചെയ്യും.

ഹാപ്പി വെഡ്ഡിങ് സമയമായോ ?

നോ... നോട്ട് നൗ. ഐ ആം ജസ്റ്റ് 22 മാൻ...