അകാലത്തിൽ പിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമകളില്‍ ജീവിക്കുന്നവരാണ് ഏറെപേരും. അപകടത്തിൽ മരണപ്പെട്ട കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യക്കായി പെർഫ്യൂമാക്കി നൽകി ലക്ഷ്മി നക്ഷത്ര. വിഡിയോ ലക്ഷ്മി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. എന്നാല്‍ താരത്തിന്റെ വിഡിയോയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.
സുധിയുടെ ഭാര്യ രേണു ആവശ്യപ്പെട്ടതു പ്രകാരമാണ് ലക്ഷ്മി നക്ഷത്ര ആഗ്രഹം സാധിച്ചു കൊടുത്തത്. അപകടസമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ചു വച്ചിരുന്നു. മരിച്ചവരുടെ മണം വസ്ത്രങ്ങളിൽ നിന്ന് മനസ്സിലാക്കി അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ട്. തുടർന്നാണ് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കുമോ എന്ന് രേണു ലക്ഷ്മിയോട് ചോദിച്ചത്.
സുധിയുടെ വസ്ത്രങ്ങളുമായി ലക്ഷ്മി ദുബൈയിൽ പോകുകയും അവിടെയുള്ള ഒരു പെർഫ്യൂം നിർമാതാവിനെ കാണിക്കുകയും ചെയ്തു. ദുബായ് മലയാളിയായ യൂസഫ് ഭായിയാണ് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി നൽകിയത്. സുധിച്ചേട്ടന്റെ ഗന്ധം അതുപോലെ ഫീൽ ചെയ്യുന്നുണ്ടെന്നും ലക്ഷ്മി വിഡിയോയിൽ പറയുന്നു. 2023 ജൂൺ 5ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലാണു സുധി മരിച്ചത്.