Monday 09 September 2024 11:50 AM IST : By സ്വന്തം ലേഖകൻ

‘വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ, അല്ലെങ്കിൽ പെങ്ങളോട് ചോദിക്കുമോ’: മുഖത്തടിക്കുന്ന മറുപടിയുമായി മനീഷ

maneesha

അനാവശ്യ ചോദ്യം ചോദിച്ച യൂട്യൂബ് ചാനൽ അവതാരകന് തക്ക മറുപടിയുമായി നടി മനീഷ കെ.എസ്.

‘മുട്ടുന്ന കാലഘട്ടം ആയത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുവാ, ആരെങ്കിലും മുട്ടിയപ്പോൾ ചേച്ചിയുടെ നിലനിൽപ്പിനും ചേച്ചിയുടെ അവസരത്തിനും വേണ്ടി മുട്ടിയ വാതിൽ തുറന്ന് കൊടുത്തിട്ടുണ്ടോ?’ എന്ന അവതാരകന്റെ ചോദ്യത്തിനാണ് മനീഷ മുഖത്തടിക്കുന്ന മറുപടി നൽകിയത്.

‘‘എന്ത് ഊള ചോദ്യങ്ങളാടോ താന്‍ ചോദിക്കുന്നത്, മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്സ്പീരിയൻസ്? ഈ ഇന്റർവ്യൂ എന്ന് പറഞ്ഞു ഇവിടെ മാധ്യമങ്ങൾ കൊണ്ട് ഇരുത്തുമ്പോൾ എല്ലാവരെയും ഞാൻ പറയുന്നില്ല. പ്രത്യേകിച്ച് നിനക്ക് കുറച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ച് കൂടുതൽ ആണ്. അത് വൈറൽ ആവാൻ ആണോ എന്നറിയില്ല, പക്ഷേ എന്നെപോലെയുള്ള ഒരു ആർട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ല.

വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ, അല്ലെങ്കിൽ പെങ്ങളോട് ചോദിക്കുമോ. നിങ്ങളുടെ വീട്ടുകാർ സിനിമയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരും സ്ത്രീകളല്ലെ. അമ്മയും പെങ്ങളും എന്നു പറഞ്ഞപ്പോൾ നിനക്ക് കൊണ്ടു. അവരാരും സിനിമയിൽ ഇല്ല എന്നൊരു മറ നീ വച്ചു. നിങ്ങൾ ആളും തരവും നോക്കി ചോദ്യങ്ങൾ ചോദിക്കൂ. ഇങ്ങനെയൊരു ചോദ്യത്തിന്റെ പ്രസക്തി തന്നെ എന്താണ്. അവസരത്തിനു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ ചോദിക്കാന്‍ തോന്നി. നിന്നെപ്പോലുള്ള ഒരാളുടെ അടുത്ത് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതപോലും പ്രത്യേകിച്ച് എനിക്കില്ല.

എനിക്കു പരിചയമുള്ള ആളുകൾപോലും ഇത്തരം ചോദ്യങ്ങൾ എന്റെ നേരെ ചോദിച്ചാൽ ചെപ്പക്കുറ്റി അടിച്ച് പൊളിക്കും. എന്നെ അറിയാവുന്ന ആളല്ലേ നീ. ഞങ്ങളൊക്കെ സിനിമയിൽ പോകുന്നതിന്റെ അർഥം, എല്ലാവർക്കും മുട്ടിയാൽ തുറക്കപ്പെടും എന്നാണോ. സിനിമയിൽ മാത്രമല്ല ഇതു നടക്കുന്നത്. കുടുംബത്തിലും നടക്കുന്നില്ലേ’’.– മനീഷയുടെ മറുപടി ഇങ്ങനെ.

മനീഷയുടെ മറുപടിയ്ക്ക് പ്രേക്ഷകരും സോഷ്യൽ മീഡിയയും ഒരുപോലെ കയ്യടിക്കുകയാണ്.