Friday 16 December 2022 09:45 AM IST : By സ്വന്തം ലേഖകൻ

മുപ്പത്തിയഞ്ച് കൊല്ലം വാടകവീട്ടിൽ, നാലാം ക്ലാസ് മുതൽ വീട്ടുജോലിക്കു പോയി ജീവിതം: മായയ്ക്ക് സ്വന്തം വീടൊരുക്കി സീമയുടെ കരുതൽ

maya-krishna

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് മായ കൃഷ്ണ. കോമഡി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോസിലും സജീവ സാന്നിധ്യമായ മായ ഇപ്പോൾ തനിക്കു സ്വന്തമായി ഒരു വീടുണ്ടായതിന്റെ സന്തോഷത്തിലാണ്.

ഒരു വീടെന്ന ആഗ്രഹം സഫലീകരിക്കാൻ മായയെ സഹായിച്ചത് നടി സീമ ജി നായരാണ്. ശ്രീവിജയ സീമ എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. സീമയോടുള്ള സ്നേഹം തെളിയുന്ന പേര്.

മുപ്പത്തിയഞ്ച് കൊല്ലമായിട്ടും വാടകയ്ക്ക് ആയിരുന്നു മായയുടെ താമസം. നടിയാകും മുമ്പ് വീട്ടുജോലിക്ക് നിൽക്കുകയായിരുന്നു. നാലാം ക്ലാസ് മുതൽ വീട്ടുജോലിക്ക് പോയിരുന്നു. അങ്ങനെയാണ് മായ പഠിച്ചതും ജീവിച്ചതും. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസ് കളിച്ചുകൊണ്ടാണ് മായയുടെ ടെലിവിഷനിലെ തുടക്കം.പിന്നീട് കോമഡി സ്റ്റാർസിൽ എത്തി. എട്ടോളം സിനിമകളുടെയും ഭാഗമായി.

‘ഞാൻ കഴിഞ്ഞ ദിവസം മണിമയാമ്പിള്ളി ചേട്ടന്റെ വീടിനു കല്ലിട്ടു കഴിഞ്ഞു നിങ്ങളോടു ഒരു സന്തോഷം പങ്ക് വയ്ക്കാനുണ്ടെന്നു പറഞ്ഞിരുന്നു..അത് നാളെയാണ്..മായയുടെ വീടിന്റെ പാലുകാച്ചൽ ആണ്. എടക്കാട്ടുവയലിൽ അവൾക്കായി മേടിച്ച സ്ഥലത്തു ഒരു വീടൊരുങ്ങി. ഞാൻ നടന്നു നീങ്ങിയ വഴികളിൽ ഉണ്ടായ കടമ്പകൾ ചെറുതായിരുന്നില്ല’.– മായയുടെ വീടിന്റെ പാലുകാച്ചൽ സന്തോഷം അറിയിച്ച് സീമ.ജി.നായർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

‘സീമ ചേച്ചി....ചേച്ചിക്ക് തിരിച്ചു തരാൻ എന്റെ കൈയിൽ ഒന്നും ഇല്ല... എന്നും നന്മകൾ.... ഉണ്ടാവട്ടെ’ എന്നാണ് സീമയുടെ കുറിപ്പിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് മായ കുറിച്ചത്.