ആരാധകരുടെ പ്രിയപ്പെട്ട മുടിയൻ ‘വിവാഹിതനായി.’ നടനും നർത്തകനുമായ റിഷി എസ്. കുമാറിന് ഇനി ഡോ. ഐശ്വര്യ കൂട്ട്. ഐശ്വര്യയും നടിയും നർത്തകിയുമാണ്. വിവാഹം കഴിഞ്ഞ വിവരം ഒരു സർപ്രൈസ് വിഡിയോയിലൂടെയാണ് റിഷി പ്രിയപ്പെട്ടവരെ അറിയിച്ചത്. ആറു വർഷത്തെ പ്രണയകാലത്തിനൊടുവിലാണ് റിഷി ഐശ്വര്യയുടെ കൈപിടിക്കുന്നത്.
ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിരുന്നു. ആറു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും 'ഒഫിഷ്യൽ' ആക്കാനുള്ള സമയമായെന്നും ആരാധകരെ അറിയിച്ചായിരുന്നു റിഷി കാമുകി ഐശ്വര്യ ഉണ്ണിയെ പ്രൊപ്പോസ് ചെയ്തത്. നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച 'ട്രഷർ ഹണ്ട്' വഴിയായിരുന്നു റിഷിയുടെ വേറിട്ട പ്രൊപ്പോസൽ.
ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് റിഷി പ്രശസ്തനാകുന്നത്. പരമ്പരയിലെ മുടിയൻ എന്ന കഥാപാത്രം മലയാളികളുടെ ഇഷ്ടം നേടി. പിന്നീട്, ആ കഥാപാത്രത്തിന്റെ പേരിലാണ് റിഷി അറിയപ്പെട്ടതും.
പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. 'നമുക്ക് കോടതിയിൽ കാണാം' എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.