Thursday 05 September 2024 03:54 PM IST : By ശ്യാമ

‘മൂന്നര വർഷത്തോളം ഞാൻ കിടപ്പിലായിരുന്നു’: അവശനാക്കിയത് തലച്ചോറിലെ സിസ്റ്റ്! വേദനകൾ താണ്ടി കിഷോർ

kishore-serial ഫോട്ടോ: അരുൺ സോൾ

ഇരുപത്തിമൂന്നു വർഷം അഭിനയരംഗത്തു നിൽക്കുക. ആളുകൾ ഓർക്കുന്ന കഥാപാത്രങ്ങൾ ചെയ്യുക... അങ്ങനെ കാണികളുടെ മനസ്സിൽ പതിഞ്ഞ മുഖമാണു കിഷോർ പീതാംബരൻ എന്ന സീരിയൽ നടന്റേത്. അതിനിടയ്ക്കും കിഷോർ ജീവിക്കാനായി തടി പിടിക്കാനും വണ്ടിയോടിക്കാനും പാരലൽ കോളജിൽ അധ്യാപകനായും ഒക്കെ ജോലി ചെയ്തു. ആരോഗ്യമുള്ളിടത്തോളം എന്തു ജോലി ചെയ്യാനും മടിയില്ല എന്നതായിരുന്നു കിഷോറിന്റെ  നിലപാട്. അങ്ങനെയിരിക്കെയാണ് ഏറ്റവും വിശ്വസിച്ചിരുന്ന ശരീരം തന്നെ ആടിയുലയാൻ തുടങ്ങിയത്.

വന്നു ചേർന്ന അഭിനയം

‘‘അഭിനയിക്കണം എന്ന് ആഗ്രഹിച്ച് ഈ രംഗത്തേക്കു വന്ന ആളല്ല ഞാൻ. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. ജി. ശങ്കരപ്പിള്ളയുടെ ഒരു ചെറിയ നാടകമായിരുന്നു. സബ് ജില്ലാതലത്തിലും ജില്ലാ തലത്തിലും മത്സരിച്ചപ്പോൾ  ഞാനായിരുന്നു മികച്ച നടൻ. അങ്ങനെ അടുത്ത വർഷവും സ്വാഭാവികമായി നാട കത്തിലേക്ക്. അകമ്പടിയായി മോണോആക്റ്റും പദ്യം ചൊല്ലലും.

അച്ഛൻ പീതാംബരൻ യുണീക് അക്കാദമി എന്ന പാരലൽ കോളജ് നടത്തിയിരുന്നു. ഡിഗ്രി വരെ അവിടെയാണു പഠിച്ചത്. അ ന്നൊക്കെ നാട്ടിൽ ധാരാളം അമച്വർ കലാമത്സരങ്ങളുണ്ടായിരുന്നു. അതിലൊക്കെയും പങ്കെടുത്തു. അവിടൊക്കെ മത്സരിച്ചു വിജയിക്കുന്നത് അന്ന് വലിയ കാര്യമാണ്. മത്സരത്തുകയായി 3000– 4000 രൂപയും കിട്ടും. അതന്ന് വളരെ വലിയ തുകയാണ്. പങ്കെടുക്കാനായി ആദ്യം 250 രൂപയൊക്കെ അടയ്ക്കണം. അത് എങ്ങനെയെങ്കിലും സംഘടിപ്പിച്ച് പോയി മത്സരിക്കും.

ഡിഗ്രി അവസാന വര്‍ഷം പഠിക്കുമ്പോൾ ഇവിടെയടുത്തു നവോദയ എന്നൊരു നൃത്തനാടക സമിതിയുണ്ടായിരുന്നു. അവർ അന്ന് എംടിയുടെ രണ്ടാമൂഴം ആസ്പദമാക്കി ആർഷഭാരതം എന്നൊരു ബാലെ കളിക്കുന്നു. ഭീമനായി വേഷം കെട്ടിയിരുന്നയാൾ പെട്ടെന്നു ഗൾഫിലേക്കു പോയി. ആ ഒഴിവിലേക്ക് അവർ എന്നെ തിരക്കി വന്നു.

അന്നെനിക്ക് ബാലെയോടൊന്നും വലിയ താൽപര്യമില്ല. അത്യാവശ്യം രാഷ്ട്രീയ പ്രവർത്തനം, കലാപ്രവർത്തനം, യുക്തിവാദി സംഘടന തുടങ്ങിയവയൊക്കെയുണ്ട്. പിന്നെയവർ അച്ഛനോടു പറഞ്ഞു വീണ്ടും വ ന്നു. ഞാൻ സ്ക്രിപ്റ്റ് കേൾക്കണമെന്ന് പറഞ്ഞു. ഡയലോഗ് റിക്കോർഡ് ചെയ്തു കസെറ്റിലാക്കിയിരുന്നു.

‘നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ...’ എന്നൊക്കെ എഴുതി മനുഷ്യമനസ്സിൽ സ്ഥാനം നേടിയ എഴുത്തുകാരൻ വെള്ളനാട് നാരായണൻ സാറിന്റേതായിരുന്നു സ്ക്രിപ്റ്റ്. മാത്രമല്ല ‘രണ്ടാമൂഴം’ എനിക്കു മനഃപാഠവും. അങ്ങനെ അതു ചെയ്തു. ഭീമൻ അന്നു ഹിറ്റായി.

അതിനു ശേഷം എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ പിരപ്പൻകോട് മുരളി സാർ വിളിച്ച് എകെജി എന്ന നാടകത്തിലഭിനയിക്കാൻ ചെല്ലണമെന്നു പറഞ്ഞു.

അച്ഛന്റെ സുഹൃത്തു കൂടിയായ അദ്ദേഹത്തിന്റെ നാടകം കളിച്ചവരൊക്കെയാണു പിന്നീട് നല്ല നടന്മാരായി സിനിമയിലെത്തുന്നത്. ‘സ്വാതിതിരുനാൾ’ കളിച്ചാണു സായ് (സായ്കുമാർ) ചേട്ടൻ വന്നത്, അതിനു ശേഷമാണ‌ു റിസയിക്ക (റിസ ബാവ) വരുന്നത്.

2002ൽ എന്റെ കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം നാടക ക്യാംപിലായിരുന്നു.  അന്ന് ഞാനഭിനയിച്ച അങ്ങാടിപ്പാട്ടെന്നൊരു സീരിയലും ദൂരദർശനിൽ ഹിറ്റായി ഓടുന്നുണ്ട്. ആർ.ഗോപി സാറാണു സംവിധായകൻ. വേറിട്ടു നിൽക്കുന്ന തരം സീരിയലുകളായിരുന്നു അദ്ദേഹത്തിന്റേത്.

അഭിനയമാണു ജീവിക്കാനുള്ള ഏക വഴിയെന്നൊന്നും അന്നു കരുതിയിട്ടില്ല. സ്വന്തം ആരോഗ്യത്തിൽ വലിയ അത്മവിശ്വാസമായിരുന്നു. എന്തു പണിയെടുക്കാനും മടിയുണ്ടായിരുന്നില്ല. മുൻപു പല ജോലികളും ചെയ്തിട്ടുണ്ട്. കല്ലുപണി, ടൈൽപണി... ഒക്കെ ചെയ്തു.

അച്ഛന്റെ പാരലൽ കോളജിൽ കുട്ടികളെ സാഹിത്യം പഠിപ്പിച്ചിട്ടുണ്ട്. പിന്നെ, തടി എടുക്കാൻ പോകും. ആനയ്ക്ക് ഇറങ്ങി തടിയെടുക്കാൻ പറ്റാത്ത സ്ഥലത്താണ് ഞങ്ങളിറങ്ങുന്നത്.  അഞ്ചാറാൾ ഒന്നിച്ച് ദേഹത്തൂടെ കയറൊക്കെ ഇട്ട് തടിയെടുക്കുന്ന ജോലിയാണ് ‘വന്താണിയെടുപ്പ്’. പെയ്ന്റിങ് പണിക്കും കാർ ഡ്രൈവറായും ലോറി ഓടിക്കാനും ഒക്കെ പോയിട്ടുണ്ട്.

കാർമേഘങ്ങൾ പടരുന്നു

ആദ്യമത്ര താൽപര്യമില്ലായിരുന്നെങ്കിലും സീരിയൽ പിന്നീടു ജീവിതത്തിന്റെ ഭാഗമായി മാറി. വരുമാന മാർഗമായി. ഒ രു സീരിയൽ കൊണ്ട് ഏതാണ്ട് 50 കുടുംബങ്ങൾ ജീവിച്ചു പോകുന്നുണ്ട്. എനിക്കതിനോട് എന്നും ബഹുമാനമാണ്. 200ൽ അധികം സീരിയലുകളിൽ ഇതിനകം അഭിനയിച്ചു.

DSCF3655

കുടുംബത്തിൽ പ്രമേഹം പാരമ്പര്യമായിട്ടുണ്ട്. അച്ഛൻ വോളിബോൾ ദേശീയ കളിക്കാരനായിരുന്നു. ചേട്ടൻ യൂണിവേഴ്സിറ്റി പ്ലെയറായിരുന്നു. അമച്വർ നാടകം കളിക്കുന്ന സമയത്തും ഞാൻ വോളിബോളിന് വാടക കളിക്കാരനായി പോയിരുന്നു.

കളരി ശീലിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. ഈ വീട് നിൽക്കുന്നിടമായിരുന്നു കളരിത്തറ. അതിനു ശേ ഷം സ്ഥിരമായി അഭിനയ രംഗത്തേക്ക്. അതോടെ ചിട്ടയായ വ്യായാമം പെട്ടെന്ന് നിർത്തിയതും പ്രമേഹം കൂടി. കരളിനെയാണു ബാധിച്ചിരുന്നത്. ആദ്യകാലത്ത് അതാണെന്നു കരുതിയാണു ചികിത്സയ്ക്കു പോയത്. ഏതാണ്ടു മൂന്നര വർഷത്തോളം കിടപ്പിലായിരുന്നു. പക്ഷേ, കരളിന്റെ പ്രശ്നമായിരുന്നില്ല എന്നെ അവശനാക്കിയത്. തലച്ചോറിലെ ഒരു സിസ്റ്റായിരുന്നു. അത് പിറ്റ്യൂട്ടറി ഗ്രന്ഥി നിറഞ്ഞു പുറത്തേക്കു വന്ന് കണ്ണിനെ ബാധിക്കുന്ന തരത്തിലായി.

തിരുവനന്തപുരം മെഡിക്കൽ കോളജിലും ശ്രീചിത്രയിലുമായിട്ടാണു ചികിത്സ. മെഡിക്കൽ കോളജിലെ സ്കാനിങ്ങിലാണ് തലച്ചോറിലെ സിസ്റ്റിനെ കുറിച്ചറിയുന്നത്. റത്കേയ്സ് ക്ലെഫ്റ്റ് എന്ന കാൻസർ ആയി മാറാത്ത തരം സിസ്റ്റാണിത്. കരളിനും പ്രശ്നമുണ്ടെന്നിരിക്കേ സർജറി ചെയ്യുന്നതിന് അപകടസാധ്യത ഏറെ. മൂന്നു മാസം കൂടുമ്പോൾ കാഴ്ച പരിശോധിക്കുന്നുണ്ട്. ഒപ്പം രോഗലക്ഷണങ്ങൾക്കുള്ള മരുന്നുമുണ്ട്.

സ്റ്റിറോയിഡ് അടക്കമുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. ഇൻസുലിനുമെടുക്കുന്നുണ്ട്. കൈകാലിനൊക്കെ നീരു വരും. കൃത്യസമയത്ത് മരുന്നും വിശ്രമവും വേണം. പാലോടെ വീട്ടിൽ നിന്നു തിരുവനന്തപുരത്തേക്ക് തന്നെ ഒരു മണിക്കൂറിലധികം യാത്രയുണ്ട്.  പല ഷൂട്ടും രാത്രിവരെ നീളുന്നതു കാരണം അവസരങ്ങൾ കുറവാണ്.

ഒരു ദിവസം ഒന്നര എപ്പിസോഡെങ്കിലും എടുത്തില്ലെങ്കിൽ സീരിയലെടുക്കുന്നവർക്കും മുതലാവില്ല. നിലവിൽ അധികം സമയം സ്ക്രീനിനില്ലാത്ത തരം കഥാപാത്രങ്ങളാണ് കിട്ടുന്നത്. മാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ ഷൂട്ടുള്ളൂ. ഒരു സീരിയലിൽ മാത്രമാണിപ്പോൾ അഭിനയിക്കുന്നത്.

തിരിച്ചറിവുകളുടെ സമയം

മുൻപ് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. പതിയെ ആ സൗഹൃദവലയം ചുരുങ്ങിയില്ലാതാകുന്നതും കണ്ടു. അവരെ കുറ്റം പറയുന്നില്ല. ഒരുമിച്ചു കറങ്ങാനും സംസാരിക്കാനും ഒക്കെയാണ് ഞങ്ങൾ ഒത്തുകൂടിയിരുന്നത്. അവരത് നമ്മളില്ലാതെയും തുടരും. സ്വന്തം വീട്ടിലുള്ളവരാണ് അറ്റം വരെ ഒപ്പമുണ്ടാകുക എന്നു മനസ്സിലായി. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ സഹായിച്ചിരുന്നു. അതേപോലെ പേരറിയാത്തവരും പേരെടുത്ത് പറയാൻ പറ്റാത്തവരും ഞാൻ പോലുമറിയാതെ ആശുപത്രി ബില്ലുകൾ അടച്ചിട്ടുണ്ട്, സഹായിച്ചിട്ടുണ്ട്. അവരുടെ ആ മനസ്സിനു നന്ദി...

അച്ഛൻ ഇന്ന് ഞങ്ങൾക്കൊപ്പമില്ല. അമ്മ ജയശ്രീ. ഒരു ചേട്ടനുണ്ട്. പൊലീസിലാണ്. അച്ഛൻ നടത്തിയ പാരലൽ കോളജിലെ വിദ്യാർഥിയായിരുന്നു എന്റെ ഭാര്യ സരിത. സരിത ഇപ്പോൾ തയ്യലിൽ ശ്രദ്ധിക്കുന്നു. തനിയെ ചെയ്തു നോക്കിയും പിന്നെ, തയ്യലറിയാവുന്ന സുഹൃത്തിനോടു ചോദിച്ചും യൂട്യൂബ് നോക്കിയുമൊക്കെയാണു പഠിച്ചത്. കഴിയും പോലെ അവളും ഇപ്പോൾ ചെറിയ വരുമാനമുണ്ടാക്കാൻ തുടങ്ങി.

രണ്ടു മക്കളാണ്. മൂത്ത മകൻ കാളിദാസൻ ഡിപ്ലോമ കോഴ്സ് കഴിഞ്ഞ് ഐഎസ്ആർഓയിൽ അപ്രന്റീസായി ജോലി ചെയ്യുന്നു. മകൾ നിള, സ്കൂൾ വിദ്യാർഥിനി.

ആ ഒരാഗ്രഹം മനസ്സിലുണ്ട്

മകൻ കാളിദാസൻ അഭിനയത്തിലേക്കു വരുന്നതിൽ സന്തോഷമുണ്ട്. എനിക്ക് വയ്യാതായതു മുതൽ വണ്ടിയോടിക്കാനൊക്കെ വലിയ പാടാണ്. അതുകൊണ്ട് അവനു ക്ലാസ്സില്ലാത്തപ്പോൾ സീരിയൽ സെറ്റിലേക്ക് ഒപ്പം വന്നിരുന്നു.

ഒരിക്കൽ എന്റെ സുഹൃത്ത് ജി.ആർ. കൃഷ്ണൻ അവനോട് ഒരു വേഷം ചെയ്യുന്നോ എന്നു ചോദിച്ചു. അങ്ങനെ അവൻ അഭിനയിച്ചു തുടങ്ങി.

പണ്ടു മുതലേ വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്തയാളാണ് ഞാൻ. ഒഴുക്കിനൊത്തു പോകുകയാണ് രീതി. പിന്നെയുള്ളൊരാഗ്രഹം സിനിമയിലൊരു നല്ല വേഷം ചെയ്യണമെന്നാണ്. കുറച്ച് സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആരുടെയും മനസ്സിലില്ല. ആളുകളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന തരം കഥാപാത്രം ചെയ്യണം. ‌അതൊരു മോഹമായി ഇപ്പോഴും മനസ്സിൽ ബാക്കിയുണ്ട്.

Tags:
  • Celebrity Interview
  • Movies