വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജു മരണപ്പെട്ടുവെന്ന വാർത്ത പങ്കുവച്ച് ഫെഫ്ക.
‘ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജു വയനാട്ടിലെ വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലെ മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിൽപ്പെട്ട് നമ്മെ വിട്ടുപോയ വിവരം വേദനയോടെ അറിയിക്കുന്നു. ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം സുരക്ഷാ പ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ട്. കനത്ത പ്രകൃതി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ ജ്യേഷ്ഠനും മകളും ചികിത്സയിലാണ്.
ഷിജുവിന്റെ അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഷിജുവിന്റെ അയൽക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരുക്കുകളോടെ രക്ഷപ്പെട്ട ആശ്വാസ വാർത്തയും പങ്കുവെക്കുന്നു. പ്രണവിന്റെ വീട്ടുകാർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തത്തിൽ അണഞ്ഞുപോയ എല്ലാ സഹോദരങ്ങൾക്കും മലയാള ചലച്ചിത്ര പ്രവർത്തകരുടേയും, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെയും പ്രണാമം’. – ഫെഫ്ക പങ്കുവച്ച കുറിപ്പിൽ പറയുന്നു.
സഹപ്രവർത്തരുൾപ്പടെ നിരവധി ആളുകളാണ് ഷിജുവിനു ആദരാഞ്ജലികളുമായി എത്തുന്നത്.