Tuesday 08 February 2022 04:12 PM IST : By Niyas Kareem

റീവൈൻഡ് ചെയ്തു കാണാം; ഓർമകളിൽ പൂപ്പൽ പിടിക്കാത്ത ആ വിഡിയോ കസെറ്റ് കാലം...

video-cassete-library-nostalgia-illustration വര: ജയൻ

ഴയൊരു കൂട്ടുകുടുംബമാണത്. ഗൂഗിൾ ‘ടൈംലൈനിലി’ല്ലാത്ത ഓർമകളിലൂടെ കുറച്ചുദൂരം പിന്നിലേക്കു നടന്നാൽ അവിടെയെത്താം. ടിപി ബാലഗോപാലൻ എംഎയും നായർസാബും, അപൂർവ സഹോദരങ്ങളും ദളപതിയും, മിസ്റ്റർ ഇന്ത്യയും ഷെഹൻഷായും, റാംബോയും ടെർമിനേറ്ററുമൊക്കെ ഒരമ്മപെറ്റ മക്കളെപ്പോലെ അവിടെ നിരന്നിരിപ്പുണ്ടാകും. ചട്ടക്കാരിയുടെ മാറിൽ തലചായ്ച്ചു കിടക്കുന്ന ഗോഡ്ഫാദർ. പരസ്പരം കെട്ടിപ്പുണർന്നുനിൽക്കുന്ന കള്ളൻ പവിത്രനും ഇൻസ്പെക്ടർ ബൽറാമും. അടിയും ഇടിയും വെടിയും ശീലമാക്കിയ സഹോദരങ്ങൾക്കുനടുവിൽ ശാന്തമായിരിക്കുന്ന സൗണ്ട് ഓഫ് മ്യൂസിക്.

പുസ്തകങ്ങളില്ലാത്ത ലൈബ്രറികൾ!

സിനിമാ കസെറ്റുകൾ ആനയുടെ തലയെടുപ്പോടെനിന്ന ആ കൂട്ടുകുടുംബത്തെ നാം വിഡിയോ ലൈബ്രറികൾ എന്നുവിളിച്ചു. റേഡിയോയെ കടത്തിവെട്ടി മലയാളിയുടെ രാത്രികളെ ടെലിവിഷൻ അപഹരിച്ചു തുടങ്ങിയ എൺപതുകളാണ് കാലം. അന്ന് കേരളം നാട്ടിൻപുറങ്ങളായി പലയിടങ്ങളിൽ ചിതറിക്കിടപ്പാണ്. കസെറ്റുകളെന്നാൽ ടേപ്പ് റിക്കോർഡറിൽ കേൾക്കുന്ന പാട്ടു കസെറ്റുകൾ മാത്രമായിരുന്ന അക്കാലത്താണ് നമ്മുടെ നാട്ടിലേക്ക് കടൽ കടന്ന് വിഡിയോ കസെറ്റുകളെത്തുന്നത്. കളർ ടിവിക്കുശേഷം കേരളത്തെ ഏറ്റവുമധികം കൊതിപ്പിച്ച വിസിപി, വിസിആർ സെറ്റുകൾ അതിനൊപ്പമെത്തി. കേട്ടതും കേൾക്കാത്തതുമായ നിരവധി സിനിമകളുടെ കസെറ്റുകൾ നിരത്തിയ വിഡിയോ ലൈബ്രറികൾ നാടുനീളെ മുളച്ചുപൊന്തി. പുസ്തകങ്ങളില്ലാത്ത ആദ്യ ലൈബ്രറികൾ!

video-cassete-library-nostalgia-cover വര: ജയൻ

മൊബൈൽ ഫോണില്ലാത്ത എൺപതുകളിൽ കവലയിലും കലുങ്കിലും വായ്നോട്ടവും വെടിവട്ടവുമായിരുന്ന യുവാക്കളിൽ പലരും വിഡിയോ ലൈബ്രറി പരിസരങ്ങളിലേക്കു കൂടുമാറി. മുതലാളിയുടെയോ കാര്യക്കാരന്റെയോ സുഹൃദ്‌വലയത്തിൽ കയറിക്കൂടാൻ അവർക്കിടയിൽ മൽസരമാണ്. അടുപ്പക്കാരായാൽ പലതുണ്ട് ഗുണങ്ങൾ. കസെറ്റെടുക്കാൻ വരുന്ന പല പ്രായത്തിലുള്ള സുന്ദരിമാരെ കണ്ടുകൊണ്ടിരിക്കാം. ഏറ്റവും ഡിമാൻഡുള്ള കസെറ്റുകൾ കൊണ്ടുപോയത് ആരാണെന്നും അതെപ്പോൾ മടക്കിത്തരുമെന്നും കൃത്യമായറിയാം. ചില ‘ചൂടൻ’ പടങ്ങൾ പരമരഹസ്യമായി പിറ്റേന്നുതന്നെ മടക്കിക്കൊടുക്കുമെന്ന ഉറപ്പിൽ കൊണ്ടുപോകാം. അഥവാ, വൈകിയാലും വാടക കൂടുതൽ കൊടുക്കാതെ പിടിച്ചുനിൽക്കാം.

നൂറും ഇരുനൂറും കസെറ്റുകളുള്ള ‘ചിന്ന’ കടകൾ മുതൽ രണ്ടായിരത്തിനുമുകളിൽ കസെറ്റുകളുള്ള ‘ബ്രഹ്മാണ്ഡ’ ലൈബ്രറികൾ വരെ അക്കാലത്തുണ്ടായിരുന്നു. മെംബർഷിപ്പ് എന്നത് ബാലികേറാമലയാണ്. ഒന്നുകിൽ കടക്കാരന് നേരിട്ടുള്ള പരിചയം വേണം. അല്ലെങ്കിൽ മറ്റു മെംബർമാരുടെ ശുപാർശ. നിൽക്കുന്ന സ്ഥലത്തിന്റെ പത്രാസ് അനുസരിച്ച് അംഗങ്ങളുടെ കയ്യിൽനിന്ന് നൂറു രൂപ മുതൽ മുന്നൂറു വരെയൊക്കെ മെംബർഷിപ്പ് ഫീസായും ഡെപ്പോസിറ്റായും വാങ്ങും ചില ലൈബ്രറികൾ. ഒരേ സമയം നാലും അഞ്ചും ലൈബ്രറികളിൽ മെംബർഷിപ്പുള്ള ചേട്ടന്മാർ അന്ന് കുട്ടികൾക്കിടയിലെ സൂപ്പർസ്റ്റാറുകളാണ്.

കളർ പോസ്റ്ററുകൾ പതിച്ച ചില്ലുവാതിലുണ്ടാകും പല ലൈബ്രറികൾക്കും. അവിടെ മമ്മൂട്ടിയും മോഹൻലാലും ആമിർ ഖാനും സൽമാൻ ഖാനുമൊക്കെ ഏറ്റവും പുതിയ ‘ഗെറ്റപ്പു’കളിൽ നിരന്നിരുന്ന് നമ്മെ സ്വാഗതം ചെയ്യും. കല്യാണവീടുപോലെ സജീവമായ ലൈബ്രറികളുടെ ശബ്ദസാന്നിധ്യം ദൂരെനിന്നേ തിരിച്ചറിയാം. അബ്ബയും ബോണി എമ്മും യേശുദാസും വേണുഗോപാലും ചിത്രയുമൊക്കെ മൽസരിച്ചു പാടുന്ന കാലത്താണ് ബോളിവുഡിൽനിന്നുള്ള അനുരാധ പൗഡ്‌വാളും ഉദിത് നാരായണനും സോനു നിഗമുമൊക്കെ കേരളം കീഴടക്കാനെത്തുന്നത്. തിളങ്ങുന്ന കവറും കൊതിപ്പിക്കുന്ന മണവുമുള്ള ഗുൽഷൻ കുമാറിന്റെ ടി സീരീസ് ഹിന്ദി കസെറ്റുകൾ എൺപതുകളുടെ പകുതി മുതൽ കേരളത്തിൽ തരംഗമായി.

വിഡിയോ കസെറ്റുകൾ വാടകയ്ക്കു കൊടുക്കുന്നതിനുപുറമേ ടിവി, വിസിആർ, ടേപ്പ് റിക്കോർഡർ എന്നിവയുടെ റിപ്പയറിങ്ങുമുണ്ടാകും പല ലൈബ്രറികളിലും. അതിനായി അകത്തൊരു മുറി മാറ്റിവച്ചിരിക്കും. നിഗൂഢതകളുടെ ഒളിമുറി കൂടിയാണത്. പുതിയ കസെറ്റുകൾ റിക്കോർഡ് ചെയ്യുന്നതും ‘നീല’ കസെറ്റുകളും ‘കള്ളൻ’ കസെറ്റുകളും ഒളിപ്പിച്ചുവയ്ക്കുന്നതും കസെറ്റുകളിലെ ഫംഗസ് കളയുന്നതും അവിടെയാകും. പകൽ മുഴുവൻ റിപ്പയറിങ്ങും മറ്റു പണികളും നടക്കുന്ന, ഭൂതത്തിന്റെ പണിപ്പുര പോലുള്ള അവിടം രാത്രികളിൽ ചിലപ്പോൾ വലിയും കുടിയും പ്രത്യേക സിനിമാ പ്രദർശനവുമൊക്കെ നടക്കുന്ന ആനന്ദതാവളങ്ങളാകും. അവിടേക്കുള്ള പ്രവേശനം അടുപ്പക്കാർക്കുമാത്രം.

ഹോം’ തിയറ്ററുകളായ കാലം

ടിവിയും വിസിആറുമൊക്കെ വാടകയ്ക്കുകൊടുക്കുന്ന ഏർപ്പാടുമുണ്ട് പല ലൈബ്രറികളിലും. കൊണ്ടുപോകുന്നവരുമായുള്ള ഇരിപ്പുവശമനുസരിച്ച് വാടകയിൽ ഏറ്റക്കുറച്ചിലുണ്ടാകും. വിസിആറിനുമാത്രം നൂറു മുതൽ മുന്നൂറ്റൻപതു രൂപ വരെയൊക്കെ വാടക ഈടാക്കിയിരുന്നു. അതു മുതലാക്കണമെങ്കിൽ ആളെക്കൂട്ടണം. ശരിക്കും മുതലാക്കണമെങ്കിൽ കാണുന്ന ചിത്രങ്ങൾ ഇച്ചിരി എരിവുള്ളതാകണം. അങ്ങനെയാണ് വാടക വിസിആറുകൾ ഹോസ്റ്റലുകളിലും ആളൊഴിഞ്ഞ വീടുകളിലും അർധരാത്രികളിലെ ആണുൽസവങ്ങൾക്ക് അരങ്ങൊരുക്കിയത്.

അന്നൊക്കെ നാട്ടിലെത്തുന്ന ഗൾഫുകാരുടെ വീടുകൾ രാത്രികാലങ്ങളിൽ വിസിആർ പ്രദർശനങ്ങളാൽ സജീവമാകും. ബന്ധുക്കളും അയൽക്കാരുമൊക്കെ അവിടെ ഒത്തുകൂടും. ആ രാവുകളുടെ കൗതുകം എൺപതുകളിലെ കുട്ടികൾക്ക് ഒരിക്കലും മറക്കാനാവില്ല.

video-cassete-library-nostalgia-filephoto ഫയൽചിത്രം (വനിത)

സിനിമകൾക്കു പുറമേ വേറെയും പലതരക്കാരുണ്ടായിരുന്നു വിഡിയോ കസെറ്റുകളിൽ. ടോം ആൻഡ് ജെറിയും മിസ്റ്റർ ബീനും അടക്കമുള്ള കാർട്ടൂണുകൾ, ഹൾക്ക് ഹോഗനും അൾട്ടിമേറ്റ് വാറിയറും അണ്ടർടേക്കറുമൊക്കെ ആടിത്തകർക്കുന്ന ഡബ്ല്യുഡബ്ല്യുഎഫ് പോരാട്ടങ്ങൾ, ദൂരദർശനിലെ പഴയ ‘രംഗോളി’യുടെ തനിയാവർത്തനങ്ങൾ പോലെ ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലാസിക് ഹിന്ദി പാട്ടുകൾ, ദേ മാവേലി കൊമ്പത്തും മിമിക്സ് പരേഡും പോലുള്ള ഹാസ്യപരിപാടികൾ, ഗൾഫ് താരനിശകൾ, ശ്രീദേവിയുടെയും മാധുരി ദീക്ഷിതിന്റെയും ശില്പ ഷെട്ടിയുടെയുമൊക്കെ ചൂടൻ നൃത്തരംഗങ്ങൾ, മലയാളം ഹിന്ദി തമിഴ് സൂപ്പർഹിറ്റ് ഗാനങ്ങൾ, ‘ബ്ലൂ’ എന്ന ഓമനപ്പേരിട്ടുവിളിക്കുന്ന കഥയില്ലാത്ത സിനിമകൾ, അമേരിക്കയിലും മറ്റും സൂപ്പർഹിറ്റായ ഇംഗ്ലിഷ് സീരീസുകൾ, ഇന്ത്യാ ടുഡെയുടെയും ഒബ്സർവറിന്റെയും ബിസിനസ് പ്ലസിന്റെയുമൊക്കെ ഇൻഫർമേറ്റിവ് വിഡിയോ മാഗസിനുകൾ എന്നു തുടങ്ങി എല്ലാത്തരം കാഴ്ചക്കാരെയും തൃപ്തിപ്പെടുത്തുന്ന വിഭവങ്ങൾ.

'ഓലയാൽ മേഞ്ഞൊരു കൊമ്പുഗൃഹത്തിന്റെ കോലായിൽ നിന്നൊരു കോമളാംഗി' എന്ന സൂപ്പർഹിറ്റ് കഥാപ്രസംഗവുമായി ഇന്നസെന്റിന്റെ കാഥികൻ പരമൻ പത്തനാപുരം കേരളക്കരയാകെ സഞ്ചരിച്ചത് 1992-ൽ ഈസ്റ്റ്കോസ്റ്റ് പുറത്തിറക്കിയ മോഹൻലാൽ ഗൾഫ് ഷോ കസെറ്റിലൂടെയാണ്. താരനിശകൾ മാത്രമല്ല, മലയാളം സിനിമകളുടെ വിഡിയോ കസെറ്റുകളും ആദ്യകാലത്ത് ഗൾഫിൽ നിന്നാണിറങ്ങിയത്. തോംസൺ, ഹാർമണി, സൈന, രോഹിത്, വെൽഗെയ്റ്റ് തുടങ്ങിയവയായിരുന്നു പേരെടുത്ത മലയാളം കാസറ്റ് കമ്പനികൾ. PAL, NTSC, SECAM എന്നിങ്ങനെ മൂന്നു ഫോർമാറ്റിലുള്ള കാസറ്റുകളുണ്ട്. ആശിച്ചുകൊണ്ടുവരുന്ന കസെറ്റ് വീട്ടിലെ വിസിപിയിൽ വർക്ക് ചെയ്തില്ലെങ്കിൽ സങ്കടത്തോടെ അതിൽ നോക്കിയൊരു ഇരിപ്പുണ്ട് അന്നത്തെ കുട്ടികൾക്ക്.

കുരുങ്ങുന്ന വികൃതികൾ

ലൈബ്രറിയിൽനിന്നെടുക്കുന്ന സിനിമ ഏതായാലും അതു കണ്ടുകഴിഞ്ഞ് വീട്ടുകാർ മാറുന്ന തക്കം നോക്കിയൊരു വികൃതിയൊപ്പിക്കും ചില ചെറുപ്പക്കാർ. ചുമ്മാ കുറച്ചുനേരം ഫോർവേഡടിച്ച് വീണ്ടും ‘പ്ലേ’ ചെയ്യും. ചിലപ്പോൾ മറ്റേതെങ്കിലും സിനിമയുടെ ‘ക്ലൈമാക്സ്’ കാണാം. ഭാഗ്യവും നിർഭാഗ്യവും ഒന്നിച്ചുവരുന്ന ചില അവസരങ്ങളിൽ കാണാൻ കാത്തിരുന്ന കാഴ്ചകളും കേൾക്കാൻ കൊതിച്ച സീൽക്കാരങ്ങളും ഒത്തുകിട്ടും. ആരുമില്ലാത്ത നേരം നോക്കിയാണ് കലാപരിപാടിയെങ്കിലും കൃത്യം ആ സമയത്തുതന്നെ വീട്ടുകാർ പൊട്ടിമുളയ്ക്കും. പിന്നെ മൊത്തം ജഗപൊക!

പ്രായ, ദേശവ്യത്യാസമില്ലാതെ നടന്നിരുന്ന മറ്റൊരു പരിപാടി കൂടിയുണ്ടായിരുന്നു അക്കാലത്ത്. വീട്ടുകാരില്ലാത്ത സമയം നോക്കി നീലച്ചിത്രം കണ്ടുകൊണ്ടിരിക്കേ കരണ്ടുപോവുക! പറഞ്ഞറിയിക്കാനാവില്ല പിന്നത്തെ ടെൻഷൻ. ‘ക്രൈസിസ് മാനേജ്മെന്റിൽ’ മുൻപരിചയമില്ലാത്ത കുട്ടികളൊക്കെ അതോടെ മഴനനഞ്ഞ മണ്ണാങ്കട്ടകളാകും. വീട്ടുകാർ പിടിച്ചാൽ കിട്ടുന്ന ശിക്ഷയും നാണക്കേടുമോർത്ത് നിൽക്കക്കള്ളിയില്ലാതാകുന്ന ചിലർ അപ്പോൾത്തന്നെ വിസിആറുമെടുത്ത് വിഡിയോ ലൈബ്രറിയിലേക്കോടും. മെക്കാനിക്കിന്റെ കാലുപിടിച്ച് ഒരുവിധം കസെറ്റ് അഴിച്ചെടുത്ത് തടിതപ്പും.

സിനിമ കാണുന്നതിനിടെ കരണ്ടു പോകുന്നതുപോലൊരു കീറാമുട്ടിയായിരുന്നു കസെറ്റ്, വിസിആറിന്റെ ഹെഡ്ഡിൽ ചുറ്റിപ്പിടിക്കുന്നതും. വിസിആറിനു കേടുവരാതെ അതിന്റെ കവറഴിച്ച് റിബ്ബൺ പുറത്തെടുക്കുന്നതിന് നല്ല വൈദഗ്ധ്യം വേണം. മോശം കസെറ്റുകൾ വഴി വിസിആറിൽ ഫംഗസ് പിടിച്ചാൽ അതിനു പരിഹാരമായി ജെവിസിയുടെയും സോണിയുടെയുമൊക്കെ ഹെഡ് ക്ലീനിങ് കസെറ്റുകളും ഹിറ്റാച്ചിയുടെയും ഫിലിപ്സിന്റെയുമൊക്കെ ഹെഡ്ക്ലീനിങ് സ്പ്രേകളും അന്ന് സുലഭമായിരുന്നു.

ബ്ലൂ കസെറ്റുകൾ വീട്ടിൽ പിടിക്കുന്ന ആചാരവും അക്കാലത്ത് മുറപോലെ നടന്നു. വിശാലമനസ്കരായ ചില വീട്ടുകാർ വിലക്കപ്പെട്ടതു ചെയ്ത മക്കൾക്ക് സാരോപദേശം നൽകും. അപൂർവം ചിലർ ജീവിതത്തിലാദ്യമായി സ്വന്തം മക്കൾക്ക് ‘സെക്സ് എജ്യുക്കേഷൻ’ കൊടുക്കും. ഭൂരിഭാഗം അപ്പനമ്മമാരും വീട്ടിൽ കലാപമുണ്ടാക്കും. ചിലർ മൂന്നാംമുറയെടുക്കും. പീഡനങ്ങളേറ്റുവാങ്ങുന്ന കുട്ടികൾ പ്രതികാരബുദ്ധിയോടെ വീണ്ടും പരിപാടി തുടരും. ഉപദേശം കിട്ടിയവർ കുറച്ചുകാലമൊക്കെ പിടിച്ചുനിൽക്കും. ശേഷം, മൊബൈൽഫോണിന് അടിമയാകുന്ന ഇന്നത്തെ ന്യൂജെൻ കുട്ടികളെപ്പോലെ പ്രായത്തിന്റെ അനിവാര്യതകളിലേക്ക് വഴുതിവീഴും.

ഹോം ഡെലിവറി

ഓർഡർ ചെയ്യുന്ന ഭക്ഷണവുമായി ഇന്ന് വീട്ടിലെത്തുന്ന ‘ഓൺലൈൻ ഫൂഡ് ഡെലിവറി’ക്കാരെപ്പോലെ ഇടക്കാലത്ത് സഞ്ചരിക്കുന്ന വിഡിയോ കസെറ്റ് ലൈബ്രറികളും കേരളത്തിലുണ്ടായി. തൊണ്ണൂറുകളുടെ തുടക്കത്തിൽ എടുത്താൽ പൊങ്ങാത്തൊരു ബാഗുമായി ബൈക്കിൽ വീടുതോറും കയറിയിറങ്ങി കസെറ്റുകളെത്തിച്ചിരുന്ന ചെറുപ്പക്കാരാണ് കാലത്തിനുമുമ്പേ സഞ്ചരിച്ച ആ ആശയം യാഥാർഥ്യമാക്കിയത്. ഒഴിച്ചുകൂടാത്തതായിരുന്നിട്ടും സഞ്ചരിക്കുന്ന റേഷൻകടകൾ നമുക്കൊരിക്കലും ഉണ്ടായിരുന്നില്ല. എന്നാൽ, വീട്ടിലെത്തുന്ന വിഡിയോ ലൈബ്രറിക്കാരില്ലാതെ ഒരുകാലത്ത് മലയാളികളിൽ ചിലരുടെയെങ്കിലും ജീവിതം പൂർണമായില്ല.

video-cassete-library-nostalgia-filephoto2 ഫയൽ ചിത്രം (വനിത)

തൊണ്ണൂറുകളുടെ അവസാനത്തോടെ കസെറ്റുകൾ മാറി സിഡി വന്നു. തുടർന്ന് ഡിവിഡികളും. ജീവിതം ഓടിത്തീർത്ത പഴയ വിഡിയോ കസെറ്റുകളുടെ ടേപ്പുകൾ അലങ്കാരവസ്തുവായി കല്യാണവീടുകളിലും, കിളികളെ ഓടിക്കാൻ പാടത്തും ഇടംപിടിച്ചു. കാലം പിന്നെയും കഴിഞ്ഞപ്പോൾ സിനിമാ ചാനലുകളും വിഡിയോ സൈറ്റുകളും മൊബൈൽ ആപ്പുകളും ഓടിടി പ്ലാറ്റ്ഫോമുകളും പെരുകി. പല സിനിമകളും ‍ഡൗൺലോഡ് ചെയ്തു കാണാമെന്നായി. അതോടെ പാവം വിഎച്ച്എസ് കസെറ്റുകൾ പുരാവസ്തുവായി.

‘എനിക്ക് പണ്ടൊരു കട ഉണ്ടായിരുന്നു. ഞാനത് കാലത്തിനനുസരിച്ച് മാറാത്തതുകാരണം അടച്ചുപോയി. ഇപ്പോ വീടിനു മുകളിൽ കുറച്ച് പച്ചക്കറികളൊക്കെ നോക്കി വെറുതെ ഇരിക്കുന്നു.’ അടുത്തകാലത്തിറങ്ങിയ ‘#ഹോം’ സിനിമയിൽ ശ്രീനാഥ് ഭാസിയുടെ കഥാപാത്രം സ്വന്തം പപ്പയെ കളിയാക്കിപ്പറയുന്ന ഡയലോഗാണിത്. ലോകത്തിന്റെ വേഗമറിയാതെ വിഡിയോ കസെറ്റുകളും കെട്ടിപ്പിടിച്ച് സ്പോഞ്ച് പിഞ്ഞിക്കീറിയ പഴയ ഇരിപ്പിടങ്ങളിൽതന്നെയിരുന്ന പലരും നമുക്കിടയിലുണ്ട്. ‘സ്മാർട്ടാ’യ ചിലർ കാലത്തിനനുസരിച്ച് വിഡിയോ സ്റ്റുഡിയോയും മൊബൈൽ ഷോപ്പുമൊക്കെയായി സ്വയം ‘അപ്ഗ്രേഡ്’ ചെയ്തു. അല്ലാത്തവർ വീട്ടിലിരിപ്പായി; ഇന്ദ്രൻസിന്റെ ഒലിവർ ട്വിസ്റ്റിനെപ്പോലെ.

രണ്ടായിരത്തിപ്പതിനെട്ടിലെ മഹാപ്രളയത്തിൽ വെള്ളം കയറാത്ത വീടുകളിലെ പഴയ അലമാരയോ പെട്ടിയോ പരതിയാൽ ഒരുപക്ഷേ ഏതെങ്കിലും വിഡിയോ കസെറ്റ് കിട്ടിയേക്കും. പലരുടെയും ഓർമകളിൽ പൂപ്പൽ പിടിക്കാതെ തെളിഞ്ഞു നിൽക്കുന്ന ഒരു നല്ലകാലത്തിന്റെ ബാക്കിപത്രം!