ADVERTISEMENT

നടൻ സുകുമാരന്റെ കുടുംബത്തിലെ മൂന്നാം തലമുറയും സിനിമയിലേക്ക്. ഇന്ദ്രജിത്ത്– പൂർണിമ ദമ്പതികളുടെ മകൾ നക്ഷത്രയാണ് അച്ഛന്റെയും അമ്മയുടെയും വഴിയേ സിനിമയിലേക്ക് എത്തുന്നത്. ഇന്ദ്രജിത്തും സഹോദരന്‍ പൃഥ്വിരാജും നായകനായ ടിയാൻ എന്ന സിനിമയിൽ ഇന്ദ്രജിത്തിന്റെ മകളായിത്തന്നെയാണ് നക്ഷത്രയുടെ സിനിമാ പ്രവേശം. അച്ഛന്റെയും അമ്മയുടെയും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ചെറിയച്ഛന്റെയും പാത പിന്തുടർന്നാണ് നക്ഷത്രയുടെ സിനിമാ അരങ്ങേറ്റം. ഫെയ്സ്ബുക്കിലൂടെ ഇന്ദ്രജിത്ത് തന്നെയാണ് മകളുടെ പ്രവേശം പുറത്തുവിട്ടത്. ഇന്ദ്രജിത്തിന്റെ ഇളയ മകളാണ് നക്ഷത്ര. മൂത്ത മകൾ പ്രാർഥന പിന്നണി ഗാനം ആലപിച്ച് അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

 

ADVERTISEMENT

ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകള്‍ ആര്യയായാണ് നക്ഷത്ര എത്തുന്നത്. അച്ഛനും മകളും ചേര്‍ന്ന നിരവധി സീനുകളുണ്ട് ചിത്രത്തില്‍. ‌പൃഥ്വിരാജ് അസ്ലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയെന്‍ കൃഷ്ണകുമാറാണ്. റംസാന്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

 

ADVERTISEMENT

ഇന്ദ്രജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എന്റെ ഇളയമകള്‍ നക്ഷത്ര ടിയാനിലൂടെ അഭിനയരംഗത്തേയ്ക്ക് ആദ്യ ചുവടുവയ്ക്കുകയാണ്. ഞാന്‍ അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകള്‍ ആര്യയുടെ വേഷം ആണ് നക്ഷത്ര അവരിപ്പിക്കുന്നത്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ച് മുഹൂര്‍ത്തങ്ങള്‍ ടിയാനില്‍ ഉണ്ട്. ഒരു നടന്‍ എന്ന നിലയ്ക്ക് ഈ പുതിയ അനുഭവം എനിക്കും മകള്‍ക്കും സമ്മാനിച്ച ടിയാന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി. ഒപ്പം, എന്റെ അച്ഛനെയും ഇൗ അവസരത്തില്‍ ഓര്‍ക്കുന്നു. ശേഷം സ്‌ക്രീനില്‍..

ADVERTISEMENT

 

 

 

 

 

ADVERTISEMENT