‘സച്ചുവേ... ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി ഉണ്ടാകണം’: ഹൃദ്യം അനുശ്രീയുടെ കുറിപ്പ് Anusree Congratulates Friend on Priesthood
Mail This Article
പൗരോഹിത്യം സ്വീകരിച്ച പ്രിയ സുഹൃത്തിന് മനസു നിറഞ്ഞ് ആശംസകൾ നേർന്ന് നടി അനുശ്രീ. പൗരോഹിത്യ പട്ടം സ്വീകരിക്കുന്ന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് അനുശ്രീ ആശംസ അറിയിച്ചത്. ചടങ്ങിൽ സുഹൃത്തിന് സന്തോഷത്തോടെ ആശംസ നേരുന്ന അനുശ്രീയെ ചിത്രങ്ങളിൽ കാണാം. ചിത്രത്തിനൊപ്പം വൈകാരികമായൊരു കുറിപ്പും അനുശ്രീ പങ്കുവച്ചിട്ടുണ്ട്. ഈശോയോട് തന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും അവിടെ ഉണ്ടാകണമെന്ന് അനുശ്രീ ആശംസിച്ചു.
അനുശ്രീ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:സച്ചുവേ. ഒരുപാട് സന്തോഷം. ഒരുപാട് അഭിമാനം. കാരണം എത്രത്തോളം വർഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹിത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം. ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. ജീവിതത്തിൽ ആദ്യമായാണ് ഈ ചടങ്ങ് ഞാൻ നേരിട്ട് കാണുന്നത്. സന്തോഷവും സങ്കടവും കലർന്ന ഒരുപാട് മുഖങ്ങൾ ഞാൻ അവിടെ കണ്ടു. അതിനെല്ലാം ഒടുവിൽ നിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി. നിന്നെ ഓർത്ത് ഞങ്ങൾ എന്നും അഭിമാനിക്കും. കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ല സച്ചുവേ. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേർന്ന് നിന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നിനക്ക് കഴിയട്ടെ. ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം.’