‘അച്ഛനൊപ്പം കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ...’: ചരമവാർഷികത്തിൽ ഉള്ളുപൊള്ളും കുറിപ്പുമായി സുപ്രിയ Supriya Menon's Tribute to Her Late Father
അച്ഛന്റെ നാലാം ചരമവാര്‍ഷികദിനത്തില്‍ ഉള്ളംനോവും കുറിപ്പുമായി നടവൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോന്‍. അച്ഛൻ വിടപറഞ്ഞിട്ട് നാല് വർഷം തികയുന്നു. പക്ഷേ ഇപ്പോഴും ആ വിടവ് നികത്താനായിട്ടില്ലെന്ന് സുപ്രിയ പറയുന്നു.
‘ഡാഡി വിട്ടുപിരിഞ്ഞതിൽ പിന്നെ ജീവിതം ശൂന്യതയിൽ തളച്ചിട്ടതു പോലെയാണ്’ എന്നാണ് സുപ്രിയ കുറിച്ചത്. അച്ഛൻ തന്നെ വിട്ടുപോയത് ഒരു ശിശുദിനത്തിലാണെന്നും സന്തോഷമുള്ള നിമിഷങ്ങളിൽ പോലും മനസ്സിൽ ആ വേദനയുടെ ഒരു നേരിയ നീറ്റൽ എപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് സുപ്രിയ കുറിച്ചു.
‘‘അച്ഛാ, ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് നാല് വർഷം. അച്ഛൻ പോയതിനു ശേഷം ഇന്നുവരെ എന്റെ ജീവിതം ഒരു ശൂന്യതയിൽ തളച്ചിട്ട പോലെയാണ്. സന്തോഷമുള്ള നിമിഷങ്ങളിൽ പോലും മനസ്സിൽ ഒരു നീറ്റലായി ആ വേദന എന്നും അവശേഷിക്കുന്നു. അച്ഛനൊപ്പം കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ മോഹിച്ചു പോകുന്നു. അച്ഛനോടൊപ്പം ചെയ്യാൻ ഞാൻ ആഗ്രഹിച്ച എത്രയെത്ര കാര്യങ്ങൾ ഇനിയും ബാക്കിയുണ്ട്.
കുറച്ചു സമയമെങ്കിലും തിരികെ കിട്ടാനായി ഞാൻ എന്താണ് ചെയ്യേണ്ടത്! അച്ഛൻ എന്നെ വിട്ടുപോയത് ഒരു ശിശുദിനത്തിലാണ് എന്നതിലെ വിരോധാഭാസം എനിക്ക് മറക്കാനാവില്ല! ഡാഡി, ഓരോ ദിവസവും ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരാത്തത്രയും മിസ് ചെയ്യുന്നു!’’ സുപ്രിയ മേനോൻ കുറിച്ചു.
2021-ലാണ് സുപ്രിയയുടെ അച്ഛന്‍ വിജയകുമാർ മേനോന്‍ അന്തരിച്ചത്. കാന്‍സര്‍ ബാധിച്ച് ഏറെ നാൾ അദ്ദേഹം ചികിത്സയിലായിരുന്നു. അച്ഛന്റെ ഓർമകൾ എപ്പോഴും സുപ്രിയ പങ്കുവയ്ക്കാറുണ്ട്. അച്ഛന്റെ നമ്പർ ഇപ്പോഴും തന്റെ സ്പീഡ് ഡയലിൽ ഉണ്ടെന്നും അച്ഛന്റെ മണം മറന്നുപോകുമോ എന്ന് ഭയമുണ്ടെന്നെന്നും സുപ്രിയ മുൻപ് പറഞ്ഞിട്ടുണ്ട്.
സുപ്രിയയുടെ വൈകാരികമായ കുറിപ്പിന് താഴെ സിനിമാ മേഖലയിലെ സുഹൃത്തുക്കളും ആരാധകരും ആദരാഞ്ജലികൾ അർപ്പിക്കുകയും സുപ്രിയയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്യുന്നുണ്ട്.