Saturday 13 October 2018 02:17 PM IST

ആദിത്യ ജീവിതത്തിലും വിരഹനായകൻ; 96ലെ ജൂനിയർ റാം പറയുന്നു, ‘എനിക്കൊരു പ്രണയമുണ്ടായിരുന്നു’

Binsha Muhammed

96-aaditya-cover

‘ഒരു കഥ സൊൾട്ടുമാ തമ്പീ...’ വിജയ് സേതുപതി സ്റ്റൈലിൽ സംവിധായകൻ സി പ്രേംകുമാർ ഇതു പറയുമ്പോൾ സ്വർഗം കിട്ടിയ സന്തോഷത്തിലായിരുന്നു ആദിത്യ ഭാസ്കർ. വേറെയാരോടുമല്ല, മലയാളി പ്രേക്ഷകർക്കും സുപരിചിതനായ നടൻ എം എസ് ഭാസ്കറിന്റെ മകനോടാണ് ചോദ്യം. ‘സിനിമയൊക്കെ കൊള്ളാം പക്ഷേ അത് എന്റെ റെക്കമെന്‍ഡേഷനിൽ വേണ്ടെന്ന്’ അപ്പ കട്ടായം പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് ഇങ്ങനെയൊരു ഓഫർ.

കണ്ണും പൂട്ടി യെസ് പറഞ്ഞ് കഥ കേൾക്കാൻ ചെല്ലുമ്പോൾ എന്തോ ഒരു പന്തി കേട്. പ്രണയം, വിരഹം, നൊസ്റ്റാൾജിയ ആകെപ്പാടെ ശോകമയം. ആകെയുണ്ടായിരുന്നൊരു പ്രണയം പൊളിഞ്ഞ് ഒരു വഴിക്കായി, ഒടുവിലത് മറക്കാൻ ശ്രമിക്കുമ്പോഴാണ് സംവിധായകന്റെ വക ഇങ്ങനെയൊരു ‘പണി.’ ‘ലൗ സ്റ്റോറിയാ...എങ്കിട്ടെയാ സാർ.’ അതായിരുന്നു ആദിത്യയുടെ എക്സ്പ്രഷൻ.

മധുരിഫിക്കേഷൻ കാരണം കളയാനും വയ്യ കയ്പോളജി കാരണം വിഴുങ്ങാനും വയ്യെന്ന അവസ്ഥ. ഈ രണ്ടിന്റേയും ഇടയിൽ നിന്ന് ആദിത്യ പറഞ്ഞു. ‘യെസ് സാർ...പടം പണ്ണലാം....’

പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ കയ്പും പങ്കുവച്ച് ‘96’ എന്ന തമിഴ് ചിത്രം ജനഹൃദയങ്ങൾ കീഴടക്കുമ്പോൾ ‘ആ പഴയ വിരഹ കാമുകൻ’ ഡബിൾ ഹാപ്പി. ആദിത്യയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു പ്രണയം സക്സസായ സന്തോഷം.

aadi-1

‘വിജയ് സേതുപതിയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച ചെക്കനല്ലേ അത്, എം എസ് ഭാസ്കറിന്റെ മകൻ... അവനാള് കൊള്ളാല്ലോ?’വിശ്വ വിഖ്യാതമായ ആ പ്രണയ ലഹരി ഇപ്പോൾ മലയാളികളേയും വിടാതെ പിടികൂടിയിരിക്കുന്നു. 96ലെ പ്രണയ സ്റ്റാറ്റസുകള്‍ കൊണ്ട് വാട്സ് ആപ്പ് മോടി പിടിപ്പിച്ചും, കാതലേ കാതലേ...എന്ന ഹൃദ്യമായ ആ വയലിൻ നാദത്തെ ‘റിങ്ടോൺ ഹൃദയതാളമാക്കിയും’ നമ്മുടെ ന്യൂജെൻ പിള്ളേരും 96നെ 916 ആക്കി.

മലയാളത്തിന്റെ കോംപ്ലിമെന്റ് ആമുഖമായി അറിയിച്ച് ആദിത്യയെ വിളിക്കുമ്പോൾ കക്ഷി ഭയങ്കര ബിസി. ‘ജാഡയല്ല കേട്ടോ...ഈ വീക്ക് തന്നെ അസൈൻമെൻഡ് സബ്മിറ്റ് ചെയ്യണം. ഫിലിം ഹീറോയാണെന്നൊന്നും സാർ നോക്കില്ല. അതു കൊണ്ട് സിനിമാത്തിരക്കുകൾക്ക് ഒരു ഷോർട്ട് ബ്രേക്ക്.– ചെന്നൈ എസ് ആർ എം കോളേജിലെ അച്ചടക്കമുള്ള വിഷ്വൽ കമ്യൂണിക്കേഷൻ സ്റ്റുഡന്റായി ആദിത്യ.

കേരളത്തിൽ നിന്നാണെന്ന് അറിയിച്ചപ്പോൾ ആളൊന്നയഞ്ഞു. ഒടുവിൽ മനസു തുറന്നു. തിരക്കിനിടയിൽ അൽപനേരം വനിതാ ഓൺലൈൻ വായനക്കാർക്കായി...

aadi-2

ലൗ ഈസ് നോട്ട് ഔട്ട്ഡേറ്റഡ്

പ്രണയം പഴഞ്ചനാണ് ഔട്ട്ഡേറ്റഡ് ആണ് എന്നൊക്കെ പറയുന്നത് ചുമ്മാതല്ലേ സാർ. ഒരിക്കൽ പ്രണയിച്ചവർ, പ്രണയത്തിന്റെ ആഴമറിഞ്ഞവർ ഒരിക്കലും അതു സമ്മതിച്ചു തന്നുവെന്നു വരില്ല. അതിന് ഞാൻ ഗ്യാരണ്ടി– കള്ളച്ചിരിയോടെ ആദിത്യ പറഞ്ഞു തുടങ്ങുകയാണ്.

പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് കാലമാകട്ടെ കളർ പടമാകട്ടെ പ്രണയം എന്നും പ്രണയം തന്നെയാണ്. അതിന് ഒരേയൊരു നിർവ്വചനം മാത്രമേയുള്ളൂ. പഴഞ്ചൻ പ്രണയം, പൈങ്കിളി എന്നൊക്കെ പറഞ്ഞ് ഒഴിവാക്കുന്നതൊക്കെ വെറും ജാഡയാണ്. അൽപ സ്വൽപം പൈങ്കിളിയൊന്നുമില്ലാതെ പിന്നെ എന്ത് പ്രണയം സാർ. അങ്ങനെയായിരുന്നെങ്കിൽ ഈ ചിത്രം ഒരു വിജയമാകുമായിരുന്നില്ല. പറഞ്ഞറിയാക്കാൻ പറ്റാത്തത്രയും പ്രണയം, ആത്മാർത്ഥമായ സൗഹൃദം ഇതു രണ്ടും സമം ചേർത്ത് സ്ക്രീനിൽ അത്ഭുതം കാട്ടിയിരിക്കുകയാണ് പ്രേം സാർ.  

aadi-6

1996ൽ സംഭവിച്ചത്

പഴകുന്തോറും വീഞ്ഞിന് വീര്യമേറുമെന്ന് കേട്ടിട്ടില്ലേ അതാണ് 96. കാലം, സമയം, ദൂരം ഇതൊന്നും ഒരു മാറ്ററേ അല്ല. ആത്മാർത്ഥമായ സൗഹൃദത്തിനും പ്രണയത്തിനും ദൈവം നൽകിയിരിക്കുന്നത് അൺലിമിറ്റഡ് വാലിഡിറ്റിയാണ്. 1996ലെ എസ്എസ്എൽസി ബാച്ചിന്റെ റീ യൂണിയിൽ നിന്നാണ് ഈ ചിത്രത്തിന്റെ കഥാഗതി വികസിക്കുന്നത്. ശരിക്കും പറഞ്ഞാൽ ഓർമ്മകളിലേക്കുള്ള തിരികെ നടത്തം.

ഇതിൽ വിജയ് സേതുപതി സാറിന്റെ ചെറുപ്പകാലമാണ് ഞാൻ അവതരിപ്പിക്കുന്നത്. ക്യാമറ കണ്ടാൽ സ്വിച്ചിട്ട മാതിരി അഭിനയിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ചെറുപ്പകാലം എന്നു പറയുമ്പോഴേ ഒത്തിരി എക്സ്പെക്റ്റേഷനുണ്ടാകും. ആ ടെൻഷൻ ആവോളമുണ്ടായിരുന്നു. തൃഷ മാമിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നത് നിങ്ങളുടെ ഗൗരിയാണ് (ഗൗരി ജി കിഷൻ). ക്യാമറയ്ക്കു മുന്നിലെത്തുമ്പോൾ ഒറ്റക്കാര്യമേ പ്രേം സാർ എന്നോട് ആവശ്യപ്പെട്ടുള്ളൂ. ഒരേ സമയം റൊമാന്റിക്കുമാകണം റിയലിസ്റ്റിക്കുമാകണം.പ്രണയിച്ച് എക്സ്പീരിയൻസ് ഉള്ളതു കൊണ്ടാകണം സംഗതി വർക്ക് ഔട്ടായി.

പ്രണയമോ എനിക്കോ...നോ ചാൻസ്

aadi-ivw

ഒരു സിനിമയിൽ അഭിനയിച്ചു തുടങ്ങിയിട്ടല്ലേ ഉള്ളൂ സാർ. അതിനു മുന്നേ ഗോസിപ്പോ. ഞാനും നിങ്ങളുടെ ഗൗരിയും തമ്മിൽ പ്രണയിച്ചിരുന്നു. നല്ല ഒന്നാന്തരമായി തന്നെ. പക്ഷേ അത് ക്യാമറയ്ക്കു മുന്നിൽ ആെണന്ന് മാത്രം. അല്ലാതെ ഞങ്ങള്‍ തമ്മിൽ പ്രണയത്തിലാണെന്ന് പറയുന്നതിന് അടിസ്ഥാനമൊന്നുമില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ അത് പറഞ്ഞിട്ടുമുണ്ടല്ലോ.

വിജയ് സേതുപതി വേറെ ലെവൽ

aadi-5

എന്തൊരു മനുഷ്യനാണത്. ക്യാമറകണ്ടാൽ ട്രാൻസ്ഫോം ആകാൻ കഴിയുന്ന എന്തോ ഒരു മാജിക്ക് അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഈ സിനിമയുടെ ജീവനെന്നു പറയുന്നത് വിജയ് സാറാണ്. അത്രയും ഡെഡിക്കേഷനാണ് അദ്ദേഹം ചിത്രത്തിനായി നടത്തിയിട്ടുള്ളത്. ഞങ്ങൾ തമ്മിൽ കോമ്പിനേഷൻ സീനൊന്നുമില്ല. പക്ഷേ സഹതാരങ്ങളെ സപ്പോർട്ട് ചെയ്യാൻ അദ്ദേഹത്തെക്കഴിഞ്ഞേ ഉള്ളൂ. സിനിമ കണ്ടിറങ്ങിയ ഉടനെ കെട്ടിപ്പിടിച്ച് അദ്ദേഹം എനിക്ക് മുത്തം തന്ന ആ ഒരു മൊമന്റുണ്ട്. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി ആ നിമിഷത്തിൽ. തൃഷ മാമും നല്ല സപ്പോർട്ട് തന്നു.

ആദിത്യ സൺ ഓഫ് ഭാസ്കർ

foto

അപ്പ ഈസ് ഓൾവേയ്സ് കൂൾ. കക്ഷി സിനിമയിലെ പോലെ തന്നെയാണ് വീട്ടിലും. അധികം ബലം പിടുത്തമൊന്നുമില്ല. സിനിമയിലെ പ്രണയരംഗങ്ങളൊക്കെ കണ്ട് എന്നെ കളിയാക്കുമെന്നാണ് കരുതിയത്. പക്ഷേ പല രംഗങ്ങളും കണ്ട് അപ്പ തന്നെ വല്ലാതെ ഇമോഷണലായി. നന്നായി ചെയ്തു എന്ന് പറഞ്ഞു. തോളിൽ തട്ടി അഭിനന്ദിച്ചു. പിന്നെ എനിക്കു കിട്ടിയ അഭിനന്ദങ്ങളുടെ ക്രെഡിറ്റ് മറ്റ് രണ്ടു പേർക്ക് കൂടിയുണ്ട്. അക്ക, അമ്മ ഇവരുടെയെല്ലാം സപ്പോർട്ട് ഉള്ളത് കൊണ്ടാണ് എനിക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞത്.

ഡിക്യൂ–നിവിൻ ഉയിർ രസികൻ

aadi-4

മലയാളികളുടെ സ്നേഹം ആവോളം അറിഞ്ഞിട്ടുള്ളയാണ് അപ്പ. ആ സ്നേഹം ഇപ്പോൾ എനിക്കും കിട്ടുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ അഭിമാനം. മലയാള സിനിമയെ പറ്റി പറയുമ്പോൾ തന്നെ അപ്പാക്ക് നൂറു നാവാണ്. മലയാള സിനിമകളിൽ ഫേക്ക് ഇല്ല സാർ... ലൈഫ് സിനിമയിൽ കണ്ടിട്ടുണ്ടെങ്കിൽ അത് മലയാളത്തിലാണ്. പിന്നെ അപ്പ പറയാതെ തന്നെ മലയാളത്തിലെ മമ്മൂക്ക, ലാലേട്ടൻ എന്നിവരെക്കുറിച്ച് എനിക്ക് നന്നായി അറിയാം. പിന്നെ നിങ്ങളുടെ ഡിക്യൂവിന്റേയും നിവിൻ പോളിയുടേയും കട്ടഫാനാണ് ഞാൻ. കേരളത്തിൽ അടിക്കടി വരാറുണ്ട്. എന്റെ ഫേവറിറ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്ന് കന്യാകുമാരിയാണ്. അവിടെ വരുമ്പോഴെല്ലാം ട്രിവാൻട്രം ടച്ച് ചെയ്യാതെ പോകില്ല. കേരള ഈസ് ഔവർ സെക്കൻഡ്ഹോം.

പറഞ്ഞാലും തീരാത്ത വിശേഷങ്ങൾക്കിടയിൽ ആദിത്യയുടെ ഫോൺ മന്ത്രിച്ചു. ‘കാതലേ...കാതലേ തനി പേരും തുണയേ...കൂട വാ...കൂട വാ...’ വാക്കുകൾക്ക് വിരാമമിട്ട് ആദിത്യ ഗുഡ്ബൈ പറയുമ്പോൾ ഒരു വാക്ക് കൂടി...മീണ്ടും പാക്കലാം സാർ....

aadi-5