Friday 24 June 2022 11:46 AM IST : By സ്വന്തം ലേഖകൻ

നടൻ ഖാലിദ് അന്തരിച്ചു... മറിമായത്തിൽ ചിരിപ്പിച്ച സുമേഷ് കണ്ണീരോർമ

actor-khalid-death

ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ഷൂട്ടിങ്ങിനിടെ ആയിരുന്നു മരണം. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മഴവിൽ മനോരമയുടെ ‘മറിമായം’ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.

കോട്ടയം വൈക്കത്ത് ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയ ഇദ്ദേഹം ഏറെ നേരമായിട്ടും വരാതിരുന്നതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ചെറിയ പരുക്കും ഏറ്റിട്ടുണ്ട്.

സൈക്കിൾ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിൻ നാഗേഷ്. മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായത്.  1973-ൽ പുറത്തിറങ്ങിയ പി.ജെ.ആന്റണി സംവിധാനം ചെയ്ത പെരിയാർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.