Wednesday 14 September 2022 11:21 AM IST : By സ്വന്തം ലേഖകൻ

ധ്യാൻമോന്റെ തമാശകൾ കേട്ട് നിറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടൻ... ആ കണ്ണുകളിലെ തിളക്കം ഇപ്പോഴും: ചിത്രവുമായി സ്മിനു

sminu-sreeni

മലയാളക്കര കാത്തിരിക്കുന്നത് ശ്രീനിവാസൻ എന്ന അതുല്യ നടന്റെ തിരിച്ചു വരവിനു വേണ്ടിയാണ്. രോഗപീഡകളെ മായ്ക്കുന്ന ശ്രീനിവാസന്റെ പുഞ്ചിരി പോലും പ്രേക്ഷകർക്ക് ആവേശമാണ്. പ്രേക്ഷകർ കാണാൻ കൊതിക്കുന്ന ശ്രീനിവാസന്റെ പുഞ്ചിരിയെ ഒരിക്കൽ കൂടി പ്രേക്ഷകർക്കു സമ്മാനിക്കുകയാണ് നടി സ്മിനു സിജോ. അസുഖപർവം താണ്ടി ശ്രീനി ജീവിതത്തിലേക്ക് തിരിച്ചുവരുകയാണെന്നും അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും സ്മിനു പറയുന്നു. ശ്രീനിവാസനെ വീട്ടിലെത്തി സന്ദർശനം നടത്തിയതിന്റെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു നടി. ശ്രീനിവാസനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രവും സ്മിനു പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘‘ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ ആരോഗ്യവാനാണ്, ഇന്ന് ഞാൻ ശ്രീനിയേട്ടന്റെ വീട്ടിൽ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും കണ്ട ഉടനെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്റെ ഇൻറ്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിതാക്കളുടെ സന്തോഷവും ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതൊ അതൊ അടുത്ത ഇന്റർവ്യൂവിൽ പറയാൻ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ ധ്യാൻമോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്. പൂർണ ആരോഗ്യവാനായി എഴുതാൻ പോവുന്ന മനസ്സിലുള്ള അടുത്ത തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം, അത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്.’’–സ്മിനു കുറിച്ചു.

സ്പോർട്സിൽ നിന്നും അഭിനയ രംഗത്തെത്തിയ താരമാണ് സ്മിനു സിജോ. മുൻ കേരള ജൂനിയർ ഹാൻഡ് ബോള്‍ താരമാണ് ഈ ചങ്ങനാശേരിക്കാരി. ഓപ്പറേഷൻ ജാവ, കെട്ട്യോളാണെന്റെ മാലാഖ, പ്രകാശൻ പറക്കട്ടെ തുടങ്ങിയവാണ് പ്രധാന സിനിമകൾ. ഹെവനിലാണ് സ്മിനു അവസാനം പ്രത്യക്ഷപ്പെട്ടത്.