Wednesday 19 February 2020 07:17 PM IST : By സ്വന്തം ലേഖകൻ

‘പ്രേമത്തിന് തീപിടിച്ചാൽ നിയമത്തിന് കെടുത്താനാകുമോ?’; പ്രണയിച്ച് ദീപകും പ്രയാഗയും; ഭൂമിയിലെ മനോഹര സ്വകാര്യം ട്രെയിലർ

prayaga

പ്രണയത്തിന്റെ തീക്ഷ്ണ ഭാവങ്ങൾ അഭ്രപാളിയിലേക്കെത്തിക്കുകയാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം.’ യുവ–കുടുംബ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ അണിയറക്കാർ പുറത്തുവിട്ടു. ദീപക് പറമ്പോലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പ്രണയം തന്നെയാണ് പ്രമേയം. ഷൈജു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സമകാലിക സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രത്തിൽ, പ്രണയത്തെ സാമൂഹ്യ വ്യവസ്ഥിതികളുമായും ചേർത്തു വയ്ക്കുന്നു. ബയോസ്കോപ് ടാകീസിന്റെ ബാനറിൽ രാജീവ്‌കുമാറാണ് ചിത്രം നിർമിക്കുന്നത്

എ. ശാന്തകുമാർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സച്ചിൻ ബാലുവാണ്. ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്. കാലിക പ്രസക്തിയുള്ള ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

അന്റോണിയോ മിഖായേൽ ഛായാഗ്രാഹകനും വി. സാജൻ എഡിറ്ററുമാണ്. വയലാർ ശരത് ചന്ദ്ര വർമ്മ, അൻവർ അലി, മനു മഞ്ജിത്, എ ശാന്തകുമാർ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. സതീഷ് നെല്ലായയാണ് ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ആർട്  ഡയറക്ടർ. രാജീവ് അങ്കമാലി മേക്അപ്പും കുമാർ എടപ്പാൾ വസ്‌ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.